ന്യൂഡല്‍ഹി : റഫേല്‍ ആയുധ ഇടപാടിന്റെ വിശദാംശങ്ങള്‍ പാര്‍ലമെന്റില്‍ വെളിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാറിനു കഴിയാത്ത സാഹചര്യത്തില്‍ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്ന വാദം ശക്തമാക്കി പ്രതിപക്ഷ നേതാക്കള്‍. ഇടപാടില്‍ വന്‍ അഴിമതി നടന്ന പശ്ചാത്തലത്തിലാണു സര്‍ക്കാര്‍ രഹസ്യം സൂക്ഷിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. എത്ര രൂപ നല്‍കിയാണ് വിമാനം വാങ്ങിയത് എന്നു ചോദിക്കുന്നവരെ വില പറയുന്നതിനു പകരം രാജ്യദ്രോഹികളായും ദേശവിരുദ്ധരായും മുദ്ര കുത്തുതയാണ് കേന്ദ്ര സര്‍ക്കാറെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തിപരമായി ഇടപെട്ടു നടപ്പാക്കിയ ഇടപാടാണിത്. അതുകൊണ്ടുതന്നെ തുക മറച്ചുവെക്കുന്നതിനു പിന്നില്‍ അഴിമതിയുടെ നടന്നതായി സംശമുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
റഫേല്‍ വിമാന ഇടപാടിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടു സമാജ്‌വാദി പാര്‍ട്ടി എംപി നരേഷ് അഗര്‍വാള്‍ രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിനു മറുപടി നല്‍കാന്‍ പ്രതിരോധ മന്ത്രി വിസമ്മതിച്ചതോടെയാണു ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്ന വാദ ശക്തിപ്പെട്ടത്. യു.പി.എയുടെ ഭരണകാലത്ത് ഉറപ്പിച്ച വിലയുടെ മൂന്നിരട്ടി നല്‍കി വിമാനങ്ങള്‍ വാങ്ങിയതും സര്‍ക്കാര്‍ സ്ഥാപനമായ എച്ച്.എ.എല്ലിനു പകരം സ്വകാര്യ സ്ഥാപനത്തിനു സാങ്കേതികവിദ്യ കൈമാറാന്‍ ഫ്രഞ്ച് കമ്പനി തീരുമാനിച്ചതും ചോദ്യംചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യയും ഫ്രാന്‍സും സുരക്ഷാ ഉടമ്പടിയില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന ന്യായം പറഞ്ഞാണു സര്‍ക്കാര്‍ വിശദാംശങ്ങള്‍ മറച്ചുവെക്കുന്നത്.
ഇന്ത്യയും ഫ്രാന്‍സും തമ്മിലുണ്ടാക്കിയ രഹസ്യ കരാറിന്റെ വിശദാംശങ്ങള്‍ പറയാന്‍ തടസമുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രി പാര്‍ലമെന്റിനെ അറിയിച്ചത്. ഇന്റര്‍ ഗവണ്‍മെന്റ് എഗ്രിമെന്റിലെ അനുഛേദം 10 പ്രകാരം ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ രഹസ്യ കരാര്‍ വെളിപ്പെടുത്താനാവില്ല എന്നാണ് നിര്‍മല സീതാരാമന്‍ പറഞ്ഞത്.
യു.പി.എ സര്‍ക്കാറിന്റെ കാലത്ത് ഇന്ത്യയില്‍ നിന്നും നിര്‍മിക്കുന്നതുള്‍പ്പെടെ 126 ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ വാങ്ങാനായിരുന്നു കരാര്‍. എന്നാല്‍ പിന്നീട് ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ 2016 സെപ്തംബര്‍ 23ന് കരാറിലെത്തിയിരുന്നു. ഇത് യു.പി.എ സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറിനെക്കാളും കൂടിയ തുകക്കാണെന്നും രാജ്യ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമാണെന്നുമാണ് പ്രധാന ആരോപണം.
പ്രതിപക്ഷം ഉന്നയിക്കുന്ന പ്രധാനപ്പെട്ട ആറു ചോദ്യങ്ങള്‍:
1. 36 വിമാനങ്ങളുടെ വില്? എന്തുക്കൊണ്ട് വില മറച്ചുവെക്കണം്?
2. 526 കോടി രൂപയായിരുന്നു ഒരു വിമാനത്തിന്റെ വിലയായി യു.പി.എ സര്‍ക്കാര്‍ നിശ്ചയിരുന്നത്. എന്നാല്‍
എന്‍.ഡി.എ സര്‍ക്കാര്‍ കരാറിലേര്‍പ്പെട്ടപ്പോള്‍ ഇത് 1570 കോടി രൂപയായി ഉയര്‍ന്നു എന്ന വാര്‍ത്ത ശരിയാണോ?
3. ഇതേ വിമാനം 695 കോടി രൂപയ്ക്കു ഖത്തറിനു സ്വന്തമാക്കി, ഇതു ശരിയാണോ?
4. പ്രതിരോധ ഇടപാടുമായി ബന്ധപ്പെട്ടു നിലവിലുള്ള നിബന്ധനകള്‍ ലംഘിച്ചു പ്രധാനമന്ത്രി തന്നെ ഏകപക്ഷീയ തീരുമാനമെടുക്കാന്‍ കാരണം എന്താണ് ?
5. കേന്ദ്ര മന്ത്രിസഭ സുരക്ഷാസമിതിയുടെ അനുമതിയില്ലാതെ പ്രധാനമന്ത്രി ഒറ്റക്ക് തീരുമാനമെടുത്തത് എന്തുകൊണ്ട്?
6. റഫേല്‍ കരാര്‍ ഉറപ്പിക്കുമെന്ന ഘട്ടമായപ്പോള്‍ തങ്ങളുടെ വിമാനങ്ങള്‍ 20% വില കുറച്ചു നല്‍കാമെന്നു യൂറോ ഫൈറ്റര്‍ ടൈഫൂണ്‍ നല്‍കിയ വാഗ്ദാനം പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും അവഗണിച്ചതെന്ത്?