X
    Categories: CultureMoreViews

റഫാല്‍: മോദി സര്‍ക്കാറിനെ വെട്ടിലാക്കി കൂടുതല്‍ തെളിവുകള്‍

ന്യൂഡല്‍ഹി: റാഫാല്‍ യുദ്ധ വിമാന ഇടപാടില്‍ മോദി സര്‍ക്കാറിനെ വെട്ടിലാക്കി കൂടുതല്‍ വെളിപ്പെടുത്തലുകള്‍. പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, മുന്‍ ബി.ജെ.പി നേതാക്കളായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവരാണ് റാഫാല്‍ ഇടപാടില്‍ മോദി സര്‍ക്കാറിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

ഇന്ത്യ കണ്ടതില്‍ വെച്ചേറ്റവും വലിയ പ്രതിരോധ അഴിമതിയാണ് റാഫാല്‍ ഇടപാടില്‍ നടന്നതെന്ന് ഇവര്‍ ആരോപിച്ചു. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട പ്രസ്താവനകള്‍ പലവട്ടം സര്‍ക്കാര്‍ തിരുത്തിയത് അഴിമതിയുടെ വ്യക്തമായ തെളിവാണ്. ക്രിമിനല്‍ നടപടി ദൂഷ്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റവിചാരണ നേരിടേണ്ട കരാറാണിതെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

പ്രധാനമന്ത്രി തിരക്കിട്ട് എടുത്ത തീരുമാനമാണ് റാഫാല്‍ ഇടപാട്. പ്രതിരോധമന്ത്രി, വ്യോമസേന, മന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതി, വിദേശകാര്യ സെക്രട്ടറി തുടങ്ങിയ ആരും അറിയാതെയാണ് പഴയ കരാര്‍ തിരുത്തി പുതിയത് ഒപ്പുവെച്ചത്. 126 യുദ്ധവിമാനങ്ങള്‍ ആവശ്യപ്പെട്ട വ്യോമസേനക്ക് 36 വിമാനങ്ങള്‍ മാത്രമാണ് ഈ കരാര്‍ വഴി ലഭിക്കുന്നത്. ഇത് രാജ്യസുരക്ഷയെ അപകടത്തിലാക്കുന്ന തീരുമാനമാണ്.

36 വിമാനങ്ങള്‍ വാങ്ങുന്നതില്‍ 36000 കോടി രൂപയാണ് ഖജനാവിന് നഷ്ടമുണ്ടാകുന്നത്. യു.പി.എ സര്‍ക്കാറിന്റെ കാലത്തെ കരാറില്‍ 670 കോടി രൂപയായിരുന്നു ഒരു വിമാനത്തിന്റെ വില. എന്നാല്‍ 1670 കോടി രൂപയാണ് പുതിയ കരാറില്‍ ഒരു വിമാനത്തിന്റെ വില. ഓരോ വിമാനത്തിനും 1000 കോടി രൂപയുടെ അധികച്ചെലവാണ് പുതിയ കരാര്‍ പ്രകാരം ഉണ്ടാകുന്നത്. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോടിക് ലിമിറ്റഡിന് സാങ്കേതികവിദ്യ പകര്‍ന്നു കിട്ടുന്ന അവസരം മോദി നഷ്ടപ്പെടുത്തിയെന്നും പ്രശാന്ത് ഭൂഷണ്‍, അരുണ്‍ ഷൂരി, യശ്വന്ത് സിന്‍ഹ എന്നിവര്‍ ആരോപിച്ചു.

റഫാല്‍ ഇടപാടിനെ കുറിച്ച് പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാര്‍ലമെന്റിന്റെ കാലാവധി കഴിയാന്‍ മാസങ്ങള്‍ മാത്രമുള്ളപ്പോള്‍ ഒരു പാര്‍ലമെന്ററി സമിതിക്ക് പ്രസക്തിയില്ലെന്ന് ഇവര്‍ പറഞ്ഞു. കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ മൂന്ന് മാസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കി പാര്‍ലമെന്റില്‍ വെക്കുന്നതിനുള്ള നടപടികളാണ് വേണ്ടത്. അത്തരമൊരു റിപ്പോര്‍ട്ട് പാര്‍ലമെന്റിലെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടേയും അതുവഴി പാര്‍ലമെന്റിന്റെയും പരിശോധനകള്‍ക്കും തുടര്‍നടപടികള്‍ക്കും വിധേയമാകുമെന്നും ഇവര്‍ പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: