ഷംസീര്‍ കേളോത്ത്
ന്യൂഡല്‍ഹി: റഫാല്‍ പുനഃപരിശോധനാ ഹര്‍ജിയും, രാഹുല്‍ ഗാന്ധിക്കെതിരായ കോടതി അലക്ഷ്യ ഹര്‍ജിയും സുപ്രീം കോടതി വിധി പറയാന്‍ മാറ്റി. തെരഞ്ഞെടുപ്പിന് ശേഷമേ റഫാലില്‍ വിധിയുണ്ടാവൂ. വാദങ്ങള്‍ രണ്ടാഴ്ചക്കുള്ളില്‍ രേഖാമൂലം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.
റഫാല്‍ ഇടപാടില്‍ കേന്ദ്രത്തിന് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതി വിധിക്കു ശേഷം മാധ്യമങ്ങളിലൂടെ പുറത്ത വന്ന പുതിയ രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു പുനഃപരിശോധനാ ഹര്‍ജിയിലെ വാദം ഹര്‍ജിക്കാര്‍ ഉന്നയിച്ചത്. ക്ലീന്‍ ചിറ്റ് നല്‍കിയ വിധിയില്‍ പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രശാന്ത് ഭൂഷണ്‍ കരാര്‍ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും എഫ്. ഐ. ആര്‍ ഇട്ട് അന്വേഷിക്കണം എന്നേ ആവശ്യപ്പെട്ടിട്ടുള്ളൂ എന്നും വ്യക്തമാക്കി. സിഎജി വില സംബന്ധിച്ച് പരിശോധന നടത്തിയില്ലെന്നും, ഇതാദ്യമായാണ് ഒരു കരാറിലെ വില വിലയിരുത്താതെ സി. എ. ജി അംഗീകരിക്കുന്നതെന്നും പ്രശാന്ത് ഭൂഷണ്‍ വാദിച്ചു.
ഇടപാടിന് സോവറിന്‍ ഗ്യാരന്റി ഇല്ലാത്ത കാര്യം, കരാറിലെ അഴിമതി വിരുദ്ധ വ്യവസ്ഥകളടക്കം സുപ്രധാനമായ എട്ട് വ്യവസ്ഥകള്‍ എടുത്തുമാറ്റിയ കാര്യം എന്നിവ ഹര്‍ജിക്കാര്‍ വാദത്തിനിടെ ചൂണ്ടിക്കാട്ടി. കരാറുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. അഴിമതി തടയാനുള്ള വ്യവസ്ഥകള്‍ ഒഴിവാക്കിയത് കോടതിയെ അറിയിച്ചില്ലെന്നും, നിശ്ചയിച്ച ബെഞ്ച് മാര്‍ക്ക് വിലയില്‍ നിന്നും എത്രയോ കൂടിയ വിലക്കാണ് റഫാല്‍ വിമാനം വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് ഗ്യാരണ്ടി ഒഴിവാക്കിയത് വഴി ദസോ കമ്പനിക്ക് സാമ്പത്തിക ലാഭം ഉണ്ടായി. പണം നല്‍കുന്നത് ദസോ കമ്പനിക്കാണ് ഫ്രഞ്ച് സര്‍ക്കാറിനല്ല, ഗ്യാരന്റി ഇല്ലാതെ ആണ് ഈ പണം നല്‍കുന്നത്, റഫാല്‍ ഇന്ത്യക്ക് നല്‍കുന്നതിനുള്ള സമയം നീട്ടി നല്‍കി. ആദ്യ കരാറില്‍ 18 വിമാനങ്ങള്‍ ഒഴികെ ബാക്കിയുള്ളവ ഇന്ത്യയില്‍ നിര്‍മിക്കാനാണ് തീരുമാനിച്ചത്. ഇടപാടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കോടതി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അനില്‍ അംബാനിയും ഫ്രഞ്ച് പ്രതിരോധ മന്ത്രിയും തമ്മില്‍ ചര്‍ച്ച നടത്തിയത് സമാന്തര ചര്‍ച്ചയായിരുന്നെന്നും ഇത് വില നിര്‍ണയ ചര്‍ച്ചകളെ ദുര്‍ബലമാക്കിയെന്നും, ദേശീയ സുരക്ഷ ഉപദേഷ്ടാവും സമാന്തര ചര്‍ച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് വാദിച്ച അരുണ്‍ ഷൂറി കോടതി എല്ലാ രേഖകളും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. സി.എ.ജിക്ക് കൈമാറിയ രേഖകള്‍ എന്ത് കൊണ്ട് കോടതിക്ക് കൈമാറിക്കൂടെന്നും അദ്ദേഹം ചോദിച്ചു.
കോടതി സര്‍ക്കാറിനെ വിശ്വസിച്ചപ്പോള്‍ സര്‍ക്കാര്‍ അത് ദുരുപയോഗം ചെയ്യുകയായിരുന്നു. കോടതിയെ തെറ്റിദ്ധരിച്ചവര്‍ക്കെതിരെ നടപടിവേണമെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍ ഹര്‍ജിക്കാര്‍ ഉന്നയിച്ച വാദങ്ങളെയെല്ലാം കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ നിഷേധിച്ചു. സോവറിന്‍ ഗ്യാരന്റി നേരത്തെ പല കരാറുകളിലും ഒഴിവാക്കിയിട്ടുണ്ടെന്ന് എ.ജി കോടതിയെ അറിയിച്ചു.
നേരത്തെയുള്ള കരാറില്‍ സാങ്കേതികവിദ്യ കൈമാറാമെന്ന വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍ പുതിയ കരാര്‍ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് വന്നപ്പോള്‍ യുദ്ധവിമാനങ്ങളുടെ സാങ്കേതിക വിദ്യ കൈമാറുന്ന ചട്ടം ഒഴിവാക്കി എന്ന ഹര്‍ജിക്കാരുടെ വാദത്തിനും അറ്റോര്‍ണി ജനറല്‍ വിശദീകരണം നല്‍കി. ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ട രേഖകള്‍ ഒരു കാരണവശാലും കോടതിക്ക് കൈമാറാന്‍ കഴിയില്ലെന്നും എജി അറിയിച്ചു. ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ ഒരു കരാര്‍ 2008ല്‍ ഒപ്പുവെച്ചിരുന്നു. ആ കരാറിലെ പത്താമത്തെ വ്യവസ്ഥയുടെ അടിസ്ഥാനത്തി ല്‍ വില സംബന്ധിച്ച വിവരങ്ങളും മറ്റ് രഹസ്യ വിവരങ്ങളും പുറത്ത് വിടുന്നതില്‍ വിലക്കുണ്ടെന്ന് എജി കോടതിയെ അറിയിച്ചു. അതിനാല്‍ വിലയുള്‍പ്പെടെയുള്ള രഹസ്യവിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും എ.ജി കോടതിയെ അറിയിച്ചു. ഇതു പ്രതിരോധ ഇടപാടാണെന്നും സര്‍ക്കാരിന്റെ റോഡ് കോണ്‍ട്രാക്റ്റ് പോലെ കോടതി ഇതു കാണരുതെന്നും ആവശ്യപ്പെട്ടു.
റഫാല്‍ നടപടിക്രമങ്ങളില്‍ പിശകുണ്ടായാലും വിധിയില്‍ പുനപരിശോധന വേണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട ഇടപാടിനെയാണ് ഹര്‍ജിക്കാര്‍ എതിര്‍ക്കുന്നതെന്നും, എല്ലാവരുടേയും സുരക്ഷയുടെ പ്രശ്‌നമാണിതെന്നും എ.ജി വാദിച്ചു. ഇടപാടില്‍ കേസെടുത്ത് അന്വേഷിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. കേസിനോടൊപ്പം രാഹുല്‍ ഗാന്ധിക്കെതിരായ കോടതിഅലക്ഷ്യ ഹര്‍ജിയും പരിഗണിച്ചു. രാഹുല്‍ ഗാന്ധി മാപ്പേക്ഷിച്ച് നല്‍കിയ സത്യവാങ്മൂലം കോടതി പരിശോധിച്ചു.
- 6 years ago
chandrika
Categories:
Video Stories