പാരീസ്: റഫാല്‍ വിമാന ഇടപാടില്‍ റിലയന്‍സിനെ പങ്കാളിയാക്കണമെന്നത് നിര്‍ബന്ധിത വ്യവസ്ഥയാണെന്ന് ദസോയുടെ ആഭ്യന്തര രേഖകളിലുണ്ടെന്ന് റിപ്പോര്‍ട്ട്. ഫ്രഞ്ച് മാധ്യമമായ മീഡിയ പാര്‍ട്ട് നേരത്തെ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത ശരിയാണെന്ന് തെളിയിക്കാനുളള രേഖകളാണ് ഫ്രഞ്ച് ബ്ലോഗ് പോര്‍ട്ടല്‍ ഏവിയേഷന്‍ പുറത്ത് വിട്ടിരിക്കുന്നത്. ഇന്ത്യയുമായി 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനുളള കരാര്‍ ഉറപ്പിക്കാന്‍ റിലയന്‍സിനെ പങ്കാളിയാക്കണമെന്നത് നിര്‍ബന്ധിത വ്യവസ്ഥയെന്ന് ദസോ ഡെപ്യൂട്ടി സിഇഒ പറഞ്ഞതിന്റെ രേഖകള്‍ ആണ് ഫ്രഞ്ച് ബ്ലോഗ് പുറത്ത് വിട്ടിരിക്കുന്നത്. റഫാല്‍ ഇടപാടില്‍ റിലയന്‍സിനെ പങ്കാളിയാക്കണമെന്ന് ഡെപ്യൂട്ടി സി.ഇ.ഒ ലോക്ക് സെഗലന്‍ ജീവനക്കാരുടെ യോഗത്തില്‍ പറഞ്ഞുവെന്നായിരുന്നു മീഡിയാ പാര്‍ട്ടിന്റെ റിപ്പോര്‍ട്ട്. ദസോയും കമ്പനി സി.ഇ.ഒ എറിക് ട്രാപ്പിയറും ഇതു തള്ളി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് തെളിയിക്കുന്ന രേഖകളാണ് ഫ്രഞ്ച് ബ്ലോഗായ പോര്‍ട്ടല്‍ ഏവിയേഷന്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലാക്ക് സെഗലന്‍ പങ്കെടുത്ത 2017 മെയ് പതിനൊന്നിന് ഡാസോയിലെ യൂണിയനുകളായ സി.ജി.ടി, സി.എഫ്.ഡി.ടി എന്നിവ നടത്തിയ യോഗത്തിന്റെ മിനിട്‌സാണ് ഇപ്പോള്‍ പുറത്തായത്. ഇന്ത്യയുമായുള്ള റഫാല്‍ യുദ്ധവിമാന കരാര്‍ കിട്ടാന്‍ റിലയന്‍സുമായി ചേര്‍ന്ന് കമ്പനിയുണ്ടാക്കേണ്ടത് അനിവാര്യമാണെന്നാണ് ദസോ ഡെപ്യൂട്ടി സിഇഒ വ്യക്തമാക്കിയത്. ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയില്‍ പങ്കാളിയാക്കണമെന്ന ഇന്ത്യയുടെ വ്യവസ്ഥ പാലിക്കാനാണ് ദസോ റിലയന്‍സ് എയ്‌റോ സ്‌പെയ്‌സ് രൂപീകരിച്ചതെന്നും ലോക് സെഗലന്‍ യൂണിയനുകളുടെ യോഗത്തില്‍ പറഞ്ഞതായി മിനിട്‌സില്‍ വ്യക്തമാണ്. ഇന്ത്യയുടെ നിര്‍ദേശ പ്രകാരമാണ് റിലയന്‍സിനെ കരാറില്‍ പങ്കാളിയാക്കിയതെന്ന, മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാന്ദേയുടെ വെളിപ്പെടുത്തല്‍ ശരിവയ്ക്കുന്ന രേഖകളാണ് പുറത്തു വരുന്നത്. ഇന്ത്യന്‍ സര്‍ക്കാരാണ് റിലയന്‍സുമായി കരാറിലേര്‍പ്പെടണമെന്ന് നിര്‍ദ്ദേശിച്ചതെന്നായിരുന്നു അദ്ദേഹം വെളിപ്പെടുത്തിയത്. അതില്‍ ഫ്രഞ്ച് സര്‍ക്കാരിന് യാതൊരു പങ്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ദസോ സ്വന്തം നിലയ്ക്കാണ് റിലയന്‍സിനെ പങ്കാളിയാക്കിയതെന്ന കേന്ദ്ര സര്‍ക്കാര്‍ വാദമാണ് ഇതോടെ പൊളിയുന്നത്. പൊതുമേഖല സ്ഥാപനമായ എച്ച് എ എല്ലിനെ ഒഴിവാക്കിയാണ് പ്രതിരോധ മേഖലയില്‍ മുന്‍ പരിചയമല്ലാത്ത അനില്‍ അംബാനിയുടെ റിലയന്‍സ് കമ്പനിയെ കരാറില്‍ ഉള്‍പ്പെടുത്തിയത്. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് എച്ച് എ എല്ലിനെയായിരുന്നു ദാസോവിന്റെ ഓഫ്‌സെറ്റ് പാര്‍ട്‌നറായി നിശ്ചയിച്ചത്. നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിലാണ് ഇതുമാറ്റി റിലയന്‍സിനെ ഉള്‍പ്പെടുത്തി കരാറില്‍ ഏര്‍പ്പെടാന്‍ തീരുമാനിച്ചത്. കരാറിലേക്ക് എങ്ങനെ എത്തിയെന്നതിന്റെ വിശദാംശങ്ങള്‍ അറിയിക്കാന്‍ സുപ്രീം കോടതി കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. റഫാല്‍ കരാറില്‍ അഴിമതി നടന്നുവെന്നാരോപിച്ച് കഴിഞ്ഞ മാസം അരുണ്‍ ഷൂരിയും, പ്രശാന്ത് ഭൂഷണും ഉള്‍പ്പെടെയുള്ളവര്‍ സി.ബി.ഐയെ സമീപിച്ചിരുന്നു. കരാരില്‍ കൃത്രിമത്വം നടന്നുവെന്ന് കാണിക്കാന്‍ 32 പേജുള്ള രേഖയും ഇവര്‍ സി.ബി.ഐയ്ക്ക് നല്‍കിയിരുന്നു.