ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട് അഴിമതി മോദി സര്‍ക്കാറിനെതിരെയുള്ള ആരോപണം പുതിയ വഴിതിരിവിലേക്ക്. കഴിഞ്ഞ ദിവസം 12 റാഫല്‍ വിമാനങ്ങള്‍ ഖത്തര്‍ വാങ്ങാന്‍ ധാരണയായത് ഇന്ത്യയെക്കാള്‍ കുറഞ്ഞവിലയ്ക്കാണ്. ഇതോടെ റഫാല്‍ യുദ്ധവിമാന ഇടപാടില്‍ ബി.ജെ.പി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ അഴിമതി നടത്തിയെന്ന് ശരിവെക്കുന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ഒരു വിമാനത്തിന് ഏകദേശം 700 കോടി രൂപയ്ക്കു (9 കോടി യൂറോ) ഖത്തര്‍ നല്‍കുമ്പോള്‍, അതേ വിമാനത്തിന് ഇന്ത്യ ഇരട്ടിയിലേറെ (24 കോടി യൂറോ– കരാര്‍കാലത്തെ വിനിമയനിരക്കില്‍ 1526 കോടി രൂപ) നല്‍കേണ്ടത്. ഇത് ഇന്ത്യയുടെ പൊതുഖജനാവിന് ഭീമമായ നഷ്ടമാണ്. നേരത്തെ കരാറില്‍ അഴിമതി നടന്നെന്ന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ ആരോപണത്തിനു വിശ്വാസ്യത പകരുന്നതാണു പുതിയ വിവരങ്ങള്‍.
റഫാല്‍ വിമാനങ്ങള്‍ മുന്‍പു വാങ്ങിയ രണ്ടു രാജ്യങ്ങള്‍ ഈജിപ്തും ഖത്തറുമാണ്. ഈജിപ്ത് 24 എണ്ണം 520 കോടി യൂറോയ്ക്കാണു വാങ്ങിയത്. ഒരു വിമാനത്തിനു ചിലവായത് 21.70 കോടി യൂറോ. 12 വിമാനങ്ങള്‍ കൂടി വാങ്ങുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. ഖത്തര്‍ ആദ്യഘട്ടമായി 630 കോടി യൂറോയ്ക്ക് 24 വിമാനങ്ങള്‍ വാങ്ങി.– ഒരു വിമാനവില 26.2 കോടി യൂറോ. എന്നാല്‍ ഖത്തര്‍ ഇപ്പോള്‍ 12 വിമാനങ്ങള്‍ കൂടി വാങ്ങിയപ്പോള്‍ ഒരെണ്ണത്തിന്റെ വില 9 കോടി യൂറോ മാത്രം. ആകെ വാങ്ങിയ 36 വിമാനത്തിന്റെ ശരാശരി കൂട്ടിയാലും 20.5 കോടി യൂറോ.രണ്ടാം ഘട്ടത്തില്‍ വാങ്ങുമ്പോള്‍ വില അല്‍പം കുറയുക പതിവാണെങ്കിലും ഖത്തറുമായുള്ള കരാറിലെ പുതിയ വിലയും ശരാശരി വിലയും പരിഗണിക്കുമ്പോള്‍ ഇന്ത്യ ഒരു വിമാനത്തിന് 24 കോടി യൂറോ നല്‍കേണ്ടി വന്നത് ആരോപണങ്ങളുടെ മൂര്‍ച്ച കൂട്ടും.
കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാ സമിതിയില്‍ ആലോചിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍കൈയെടുത്ത് 58,000 കോടി രൂപയ്ക്കാണ് (780 കോടി യൂറോ) 36 വിമാനങ്ങള്‍ക്കു കരാര്‍ ഒപ്പിട്ടത്. അന്ന് കരാര്‍ നടപടിക്കെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മോദിയേയും സര്‍ക്കാരിനേയും ചോദ്യം ചെയ്തിരുന്നു. വിമാനത്തിന്റെ വില സംബന്ധിച്ചു കേന്ദ്രസര്‍ക്കാര്‍ സുതാര്യത പാലിക്കുന്നില്ലെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു.
അതേസമയം ഇന്ത്യയ്ക്കു വിമാനങ്ങള്‍ നല്‍കിയതു കൂടിയ വിലയ്ക്കല്ലെന്നും ചില പ്രത്യേകതകള്‍ കണക്കിലെടുക്കണമെന്നും റഫാല്‍ നിര്‍മാതാക്കളായ ദാസോള്‍ത് വ്യക്തമാക്കിയിരുന്നു. ഏറ്റവും ആധുനികമായ ആയുധങ്ങളാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്, ഏഴു വര്‍ഷത്തേക്കു സ്‌പെയര്‍പാര്‍ട്ടുകള്‍ നല്‍കാന്‍ കരാറില്‍ വ്യവസ്ഥയുണ്ട്, ഇന്ത്യയുടെ ആവശ്യാനുസരണം വിമാനത്തില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് എന്നിവയാണവ. ഇന്ത്യ വാങ്ങുന്ന 36 വിമാനങ്ങളില്‍ 28 എണ്ണം ഒറ്റ സീറ്റ് മാത്രമുള്ള പോര്‍വിമാനങ്ങളാണ്. എട്ടെണ്ണം ഇരട്ട സീറ്റ് ഉള്ളവയുമാണെന്നാണ് നിര്‍മാതാക്കളായ ദാസോള്‍ത് പറഞ്ഞത് . എന്നാല്‍ ഖത്തര്‍ വാങ്ങിയ വിമാനങ്ങള്‍ ഇവയില്‍ ഏതു തരമാണെന്നു വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയ്ക്കു 2019 സെപ്റ്റംബറിനും 2022 ഏപ്രിലിനും ഇടയില്‍ വിമാനം നല്‍കണമെന്നാണു കരാര്‍.
ഇന്ത്യയ്ക്ക് വേണ്ട 126 റഫാല്‍ യുദ്ധവിമാനങ്ങളില്‍ 18 എണ്ണം നേരിട്ടു വാങ്ങുമെന്നും ബാക്കി 108, സാങ്കേതികവിദ്യ സ്വന്തമാക്കി ഇന്ത്യയില്‍ നിര്‍മിക്കുമെന്നുമാണ് യുപിഎ സര്‍ക്കാര്‍ എത്തിയ ധാരണ. എന്നാല്‍, എന്‍ഡിഎ സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടപ്പോള്‍ വിമാനങ്ങള്‍ 38 മാത്രമെന്നായി. നിര്‍മാണസാങ്കേതിക വിദ്യ ഇന്ത്യയ്ക്കു ലഭിക്കില്ല. പകരം, ഏതാനും വിമാനഭാഗങ്ങളുടെ സാങ്കേതികവിദ്യ ഒരു ഇന്ത്യന്‍ കമ്പനിക്കു കൈമാറും.ക്രമേണ വിമാനനിര്‍മാണ സാങ്കേതികവിദ്യ സ്വന്തമാക്കാമെന്ന ഇന്ത്യയുടെ പദ്ധതിക്കു തിരിച്ചടിയുമാണിത്.
2012ല്‍ മന്‍മോഹന്‍സിങ്ങിന്റെ ഭരണകാലത്ത് 120 യുദ്ധവിമാനങ്ങള്‍ 90000 കോടി രൂപയ്ക്ക് വാങ്ങാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ആ പദ്ധതിയില്‍ മാറ്റം വരുത്തി 60000 കോടി രൂപയ്ക്ക് 36 വിമാനങ്ങള്‍ വാങ്ങാനാണ് മോദി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അതായത് 2012 ലെ കരാര്‍ പ്രകാരം ഒരു യുദ്ധവിമാനം 714 കോടി രൂപയ്ക്ക് ലഭിക്കുമായിരുന്നിടത്ത് പുതിയ കരാര്‍ പ്രകാരം 1666 കോടി രൂപ ചിലവ് വരും. ഇതിലൂടെ 950 കോടി രൂപയാണ് ഓരോ യുദ്ധവിമാനത്തിന്റെ ഇടപാടിലും നഷ്ടം വന്നിരിക്കുന്നത.്