X

റേഡിയോ ജോക്കിയുടെ കൊലപാതകം: ക്വട്ടേഷന്‍ ഖത്തറില്‍ നിന്ന്; ഒരാള്‍ അറസ്റ്റില്‍

കൊല്ലം: മുന്‍ റേഡിയോ ജോക്കി ആര്‍.ജെ രാജേഷിന്റെ കൊലപാതകത്തില്‍ ആദ്യ അറസ്റ്റ്. കൊല്ലം സ്വദേശി സനുവിനെയാണ് പ്രത്യേകസംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിലായിരുന്നു ക്വട്ടേഷന്‍ സംഘം താമസിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി.

അതേസമയം, രാജേഷിന്റെ കൊലപാതകത്തില്‍ ക്വട്ടേഷന്‍ നല്‍കിയത് ഖത്തറിലെ വ്യവസായി അബ്ദുള്‍ സത്താറെന്ന് പോലീസ് സ്ഥിരീകരിച്ചു. അബ്ദുള്‍ സത്താറിനെയും, മുഖ്യപ്രതി സാലിഹ് എന്ന അലിഭായിയെയും നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. കേസില്‍ രണ്ട് പേരെ കൂടി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. രാജേഷിന് ബന്ധമുണ്ടായിരുന്നുവെന്ന് പറയുന്ന സ്ത്രീയുടെ ഭര്‍ത്താവാണ് അബ്ദുല്‍ സത്താര്‍.

ക്വട്ടേഷന്‍ സംഘത്തിലെ അപ്പുണ്ണിയുടെ സുഹൃത്താണ് സനു. കൊലപാതകത്തിനു മുമ്പും ശേഷവും പ്രതികള്‍ സനുവിന്റെ വീട്ടില്‍ താമസിച്ചു. ഗൂഢാലോചനയിലും പ്രതികളെ സഹായിച്ചതിനുമാണ് സനുവിനെ അറസ്റ്റ് ചെയ്തത്. കൊലപാതകത്തെ കുറിച്ച് സനുവിന് വ്യക്തമായി അറിവുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

രാജേഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് ഗള്‍ഫില്‍ നിന്നാണെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. വിദേശത്തുള്ള യുവതിയുമായുള്ള ബന്ധമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്. വളരെ ആസൂത്രിതമായി നടത്തിയ കൊലപാതകമാണിതെന്നാണ് പൊലീസ് പറയുന്നത്.

കായംകുളം കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘത്തില്‍ പെട്ട മൂന്നു പേരെ കുറിച്ച് വ്യക്തമായ സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. കൊലപാതക സംഘം സഞ്ചരിച്ച കാറ് വാടകക്കെടുത്ത വ്യക്തിയുമായി അടുപ്പമുള്ള രണ്ടു പേരെ കുറിച്ചാണ് വ്യക്തമായ വിവരമുള്ളത്. എന്നാല്‍ കൊലപാതക സംഘത്തില്‍ നാലു പേരുണ്ടെന്നാണ് ദൃക്‌സാക്ഷി മൊഴി.

chandrika: