പശ്ചിമ ബംഗാളിൽ രാമാനവമിക്ക് മുന്നോടിയായി നടന്ന റാലിയിൽ ആയുധം വീശി തീവ്ര ഹിന്ദുത്വ സംഘടന. രാമനവമിക്ക് ഒരു ദിവസം മുമ്പ് ഹൗറയിൽ നടന്ന റാലിയിലാണ് സംഭവം. റാലിയിൽ ആയുധങ്ങൾ കൊണ്ടുവരാൻ സംഘാടകർക്ക് അനുമതിയില്ലെന്ന് പൊലീസ് പറഞ്ഞു.
മുൻകാലങ്ങളിൽ രാമനവമിക്കിടെ ഉണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, ഞാറാഴ്ച (ഏപ്രിൽ 6 ) നടക്കുന്ന രാമാനവമി ആഘോഷങ്ങളിൽ അക്രമ സംഭവങ്ങളൊന്നും ഉണ്ടാകാതിരിക്കാൻ ഭരണകൂടം അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം കൊൽക്കത്ത ഹൈക്കോടതി അഞ്ജനി പുത്ര സേന എന്ന ഹിന്ദുത്വ സംഘടനയ്ക്ക് രാമനവമി ഘോഷയാത്ര നടത്താൻ അനുമതി നൽകിയിരുന്നു. പിന്നാലെ ഇവർ നടത്തിയ റാലിയിലാണ് ആയുധങ്ങൾ വീശിയത്. എന്നാൽ റാലിയിൽ ആയുധങ്ങൾ കൊണ്ടുവരാൻ പാടില്ലെന്ന് കോടതി നിർദേശിച്ചിരുന്നു.
പൊലീസ് ഇക്കാര്യം അന്വേഷിച്ച് വരികയാണെന്നും നടപടിയെടുക്കുമെന്നും ഹൗറയിലെ സൗത്ത് ഡി.സി.പി സുരീന്ദർ സിങ് പറഞ്ഞു. ‘പൊലീസ് ഇക്കാര്യം അന്വേഷിച്ചുവരികയാണ്. ശനിയാഴ്ച വൈകുന്നേരം ഹൗറയിലെ സംക്രയിൽ നടന്ന രാമനവമി റാലിയിൽ ആയുധങ്ങൾ വീശിയതിന് സംഘാടകർക്കെതിരെ പൊലീസ് നിയമനടപടി സ്വീകരിക്കുന്നതാണ്,’ അദ്ദേഹം പറഞ്ഞു.
സംഭവത്തിന് പിന്നാലെ പൊലീസ് കർശന സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പശ്ചിമ ബംഗാൾ പൊലീസ്, 29 മുതിർന്ന ഉദ്യോഗസ്ഥരെ സംഭവ സ്ഥലത്ത് വിന്യസിച്ചു. ഹൗറ, ബാരക്പൂർ, ചന്ദനഗർ, മാൾഡ, ഇസ്‌ലാംപൂർ, അസൻസോൾ-ദുർഗാപൂർ, സിലിഗുരി, ഹൗറ റൂറൽ, മുർഷിദാബാദ്, കൂച്ച് ബെഹാർ എന്നിവിടങ്ങളിലും പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
കൊൽക്കത്തയിൽ, സമാധാനം നിലനിർത്താൻ കർശനമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും കൊൽക്കത്തയിൽ മാത്രം ഏകദേശം 4,000 പൊലീസുകാരെ വിന്യസിക്കുമെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.
രാമനവമി ആഘോഷങ്ങൾ സംസ്ഥാനത്തുടനീളം സമാധാനപരമായി ആഘോഷിക്കുന്നുവെന്ന് ഉറപ്പാക്കാൻ ആവശ്യമായ സുരക്ഷാ സേനയെ വിന്യസിക്കാനും സുരക്ഷാ സംവിധാനം സജീവമാക്കാനും രാജ്ഭവൻ പശ്ചിമ ബംഗാൾ സർക്കാരിനോട് നിർദേശിച്ചിട്ടുണ്ടെന്ന് ഗവർണർ സി.വി. ആനന്ദ ബോസ് പറഞ്ഞു.