ന്യൂഡല്‍ഹി: വംശീയതക്കെതിരെയുള്ള ചര്‍ച്ചയില്‍ വംശീയ പ്രസ്താവന നടത്തിയ ബി ജെപി നേതാവിനെതിരെ വിമര്‍ശനം. ബി.ജെ പി മുന്‍ എം.പിയും ആര്‍.എസ്.എസ് പ്രസിദ്ധീകരണമായ പാഞ്ചജന്യയുടെ മുന്‍ എഡിറ്ററുമായ തരുണ്‍ വിജയിന്റെ പ്രസ്താവനയാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്.
ആഫ്രിക്കക്കാര്‍ ഇന്ത്യയില്‍ വംശീയത നേരിടുന്നില്ലേ എന്ന ചോദ്യത്തിന് ‘ഞങ്ങളില്‍ കറുത്തവരുണ്ട്. വംശീയതയുള്ളവരാണ് ഞങ്ങളെങ്കില്‍ ദക്ഷിണേന്ത്യയിലെ കറുത്തവര്‍ക്കൊപ്പം ജീവിക്കുമോ?’ തമിഴ്‌നാട്ടിലും കേരളത്തിലും കര്‍ണാകയിലും ആന്ധ്രയിലും കറുത്തവരുണ്ട്. അവരുടെ കൂടെ ഞങ്ങള്‍ എങ്ങനെ ജീവിക്കും?’ – എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അല്‍ജസീറ ടി.വി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസ്താവന സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ, ട്വിറ്ററില്‍ ക്ഷമാപണവുമായി വിജയ് രംഗത്തുവന്നു. ദക്ഷിണേന്ത്യക്കാരെ കറുത്തവരെന്ന് വിളിച്ചിട്ടില്ല എന്നും തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.