തന്നെയും തന്റെ സമുദായത്തിനും വംശീയാധിക്ഷേപം നടത്തിയ സിപിഎം നേതാവ് എ.എന്‍ പ്രഭാകരനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുക്കണമെന്ന് പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി. വര്‍ഗീയ വിഷം ചീറ്റി ജനങ്ങളില്‍ ഭിന്നിപ്പുണ്ടാക്കാനാണ് സിപിഎം നേതാവ് ശ്രമിക്കുന്നതെന്നും ലക്ഷ്മി പറഞ്ഞു.
ആദിവാസി എന്നാണ് പ്രഭാകരന്‍ തന്നെ വിളിച്ചതെന്നും ആരാണ് തങ്ങള്‍ക്ക് ആദിവാസിയെന്ന് പേരിട്ടതെന്നും ലക്ഷ്മി ചോദിച്ചു. ഒരു ഗ്രാമ പഞ്ചായത്തിന്റെ പ്രസിഡന്റായ തന്നെ പെണ്ണ് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഗോത്ര വര്‍ഗക്കാരായ തങ്ങള്‍ക്ക് ഒരു പേരുണ്ടെന്നും തന്റെ സമുദായത്തെ മൊത്തം അധിക്ഷേപിക്കുന്ന പരാമര്‍ശമാണ് സിപിഎം നേതാവ് നടത്തിയതെന്നും ലക്ഷ്മി വ്യക്തമാക്കി.
സിപിഎം വയനാട് ജില്ലാ കമ്മിറ്റി അംഗം എ.എന്‍ പ്രഭാകരനാണ് വിദ്വേഷ പരാമര്‍ശം നടത്തിയത്. പനമരത്ത് യുഡിഎഫ് മുസ്ലിം വനിതയെ മാറ്റി ‘ആദിവാസിപ്പെണ്ണിനെ’ പഞ്ചായത്ത് പ്രസിഡന്റാക്കി എന്നായിരുന്നു പ്രഭാകരന്‍ പറഞ്ഞത്. ലീഗ് പനമരത്ത് ചെയ്തത് ചരിത്രപരമായ തെറ്റാണെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ വീട് കയറുമ്പോള്‍ ലീഗുകാര്‍ കയ്യുംകെട്ടി നിന്ന് മറുപടി പറയേണ്ടിവരുമെന്നും പ്രഭാകരന്‍ പറഞ്ഞിരുന്നു.