ആഡിസ് അബാബ: എത്യോപ്യയിലെ ഒറോമിയോ മേഖലയില്‍ വംശീയ സായുധ ഗ്രൂപ്പ് നടത്തിയ ആക്രമണത്തില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു. ഒറോമൊ ലിബറേഷന്‍ ആര്‍മി(ഒ. എല്‍. എ)യാണ് ആക്രണത്തിന് പിന്നിലെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. 200ലേറെ പേര്‍ കൊല്ലപ്പെട്ടുവെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. 230 മൃതദേഹങ്ങള്‍ എണ്ണിയതായി ദൃക്‌സാക്ഷികളില്‍ ഒരാളായ അബ്ദുല്‍ സഈദ് താഹിര്‍ പറഞ്ഞു. അംഹാറ സമുദായത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് റിപ്പോര്‍ട്ടുണ്ട്.
30 വര്‍ഷം മുമ്പ് മേഖലയിലേക്ക് കുടിയേറിയ അംഹാര വിഭാഗക്കാര്‍ ഭീതിയിലാണ്. സുരക്ഷിതമായ മറ്റേതെങ്കിലും മേഖലയില്‍ തങ്ങളെ പുനരവധിവസിപ്പിക്കണമെന്ന് അവര്‍ എത്യോപ്യന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോഴികളെപ്പോലെ കൂട്ടക്കൊല ചെയ്യപ്പെടുകയാണ് തങ്ങളെന്ന് അവര്‍ പറയുന്നു.
മൂന്നൂറോളം മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്ന് അബ്ദു ഹസന്‍ എന്ന ദൃക്‌സാക്ഷി അറിയിച്ചു. ആഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ ജനസഖ്യയുള്ള രണ്ടാമത്തെ രാജ്യമായ എത്യോപ്യ വംശീയ സംഘര്‍ഷങ്ങളുടെ പേടിയിലാണ്. 2020ല്‍ വടക്കന്‍ ടിഗ്രേയില്‍ തുടങ്ങിയ അക്രമങ്ങള്‍ സമീപ മേഖലകളിലേക്കും വ്യാപിച്ചിട്ടുണ്ട്.