X

വംശീയ അധിക്ഷേപം നടത്തിയ പൈലറ്റിനെതിരെ പ്രധാനമന്ത്രിയോട് നടപടി ആവശ്യപ്പെട്ട് ഹര്‍ഭജന്റെ ട്വീറ്റ്

ന്യൂഡല്‍ഹി: യാത്രക്കാര്‍ക്കെതിരെ വംശീയ അധിക്ഷേപം നടത്തിയ ജെറ്റ് എയര്‍വേസ് പൈലറ്റിനെതിരെ നടപടിയെടുക്കാന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ച് ഹര്‍ഭജന്‍ സിങിന്റെ ട്വീറ്റ്. ബെര്‍ണ്ട് ഹോസ്സ്‌ലിന്‍ എന്ന പൈലറ്റാണ് ഭിന്നശേഷിക്കാരായ യാത്രക്കാര്‍ക്കെതിരെ വംശീയ അധിക്ഷേപം നടത്തിയത്. സംഭവത്തിന് സാക്ഷിയായിരുന്നെന്നും അവകാശ വാദമുന്നയിക്കുന്നില്ലെങ്കിലും പൈലറ്റിനെതിരെ കര്‍ശന നടപടി തന്നെ വേണമെന്നാണ് ഇന്ത്യന്‍ താരം ട്വിറ്ററിലൂടെ ആവശ്യപ്പെടുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നും മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഐപിഎല്ലില്‍ കളിക്കുന്ന ഇന്ത്യന്‍ സ്പിന്നര്‍ അറിയിച്ചു.

ഏപ്രില്‍ മൂന്നിലെ ചണ്ഡിഗഡ്-മുംബൈ ജെറ്റ് എയര്‍വേസസിലാണ് വിവാദമായ സംഭവം നടക്കുന്നത്. വീല്‍ ചെയറിന്റെ സഹായത്തോടെ മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന സുഹൃത്തിനോടൊപ്പം സഞ്ചരിക്കവെയാണ് ആ ദുരനുഭവം നേരിട്ടതെന്ന് സഹയാത്രികയായ പൂജ ഗുജ്‌റാള്‍ വെളിപ്പെടുത്തുന്നു. വിമാനം മുംബൈയിലെത്തിയപ്പോഴും ഭിന്നശേഷിക്കാരനായ സുഹൃത്തിന്റെ വീല്‍ചെയര്‍ സീറ്റിനടുത്തെത്തിയിരുന്നില്ല. ഇതോടെയാണ് ഫ്‌ളൈറ്റ് വൈകുന്നതില്‍ ക്ഷുഭിതനായി പൈലറ്റ് രംഗത്തെത്തുന്നതും കയര്‍ത്ത സംസാരിക്കുന്നതും. സംഭവം വിശദീകരിച്ച ഫേസ്ബുക്ക് പോസ്റ്റില്‍ പൂജ ഗുജ്‌റാള്‍ പറയുന്നു: ”ശരിക്കും ഭ്രാന്ത് പിടിച്ചവനെപ്പോലെയാണ് അയാള്‍ പെരുമാറിയത്. എന്റെ കൈ പിടിച്ചുലച്ച് പുറത്ത് പോകാന്‍ അട്ടഹസിക്കുകയായിരുന്നു”. എന്നെ തൊടരുതെന്ന് പറഞ്ഞ് ഞാനും ക്ഷുഭിതയായി. അപ്പോഴായിരുന്നു ‘യു ബ്ലഡി ഇന്ത്യന്‍’ എന്ന് അയാള്‍ അട്ടഹസിച്ചത്. രംഗം വഷളാവുന്നത് കണ്ട് ഇടപെട്ട തന്റെ സുഹൃത്തിനെയും അയാള്‍ വെറുതെ വിട്ടില്ലെന്ന മാത്രമല്ല ഭിന്നശേഷിക്കാരനെന്ന പരിഗണന പോലുമില്ലാതെ അധിക്ഷേപിച്ചെന്നും പൂജ വിവരിക്കുന്നു.

തുടര്‍ന്ന് വിമാനത്തിലെ മറ്റ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് മാപ്പ് പറഞ്ഞെങ്കിലും പൈലറ്റ്് അധിക്ഷേപം തുടരുകയായിരുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സംഭവം വിവാദമായതോടെ ജെറ്റ് എയര്‍വേസ് മാപ്പുമായി രംഗത്തെത്തുകയും ത്വരിത അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. എന്‍ഡിടിവിയാണ് ഇക്കാര്യം പുറത്തുവിട്ടത്.

അതേസമയം, ഏപ്രില്‍ 5ന് തന്നെ ഇതിനെതിരായ പരാതി നല്‍കിയിരുന്നെങ്കിലും കേസ് ഫയലില്‍ സ്വീകരിക്കാന്‍ പൊലീസ് തയാറായില്ലെന്ന് പൂജ ഗുജ്‌റാള്‍ ആരോപിക്കുന്നു.

എയര്‍ലൈന്‍സിലെ വിദേശ പൈലറ്റുമാരുടെ വംശീയ നിലപാടിനെ സംബന്ധിച്ച ഉത്കണ്ഠകള്‍ ഉയരുന്നതിനിടെ ഇന്ത്യന്‍ പൈലറ്റുമാരുടെ സംഘടന പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് ഹര്‍ഭജന്‍ സിങിന്റെ ട്വീറ്റുകള്‍ വന്നത്.

chandrika: