കീവ്: യുക്രെയ്‌നിലെ യുദ്ധഭൂമിയില്‍നിന്ന് പലായനം ചെയ്യുന്ന അഭയാര്‍ത്ഥികള്‍ക്കും വര്‍ണ, വംശീയ വിവേചനങ്ങള്‍ നേരിടേണ്ടിവരുന്നതായി റിപ്പോര്‍ട്ട്. കാല്‍നടയായും കിട്ടുന്ന വാഹനത്തില്‍ തൂങ്ങിപ്പിടിച്ചും ഏറെ സാഹസികമായാണ് സിംബാബ്‌വേയില്‍നിന്നുള്ള ബഹിരാകാശ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ബര്‍ലാനി മുഫാരോ ഗുരുരെ പോളിഷ് അതിര്‍ത്തിയിലെത്തിയത്. നാലു ദിവസത്തെ യാത്രാക്ഷീണം മാറാന്‍ പോലും കാത്തിരിക്കാതെ അതിര്‍ത്തി കവാടത്തിലേക്കുള്ള അഭയാര്‍ത്ഥി ക്യൂവില്‍ മണിക്കൂറുകളോളം കാത്തുനിന്ന ഗുരുരെക്ക് നിരാശപ്പെടേണ്ടിവന്നു.
അഭയാര്‍ത്ഥികളിലെ യുക്രെയ്ന്‍കാരെ മാത്രം കടത്തിവിട്ട പോളിഷ് സുരക്ഷാ ഉദ്യോഗസ്ഥര്‍ അവളെയും മറ്റ് ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികളെയും പിടിച്ചുതള്ളി. മണിക്കൂറുകള്‍ക്കുശേഷം ഏറെ കെഞ്ചി അപേക്ഷിച്ചതിനെതുടര്‍ന്നാണ് അതിര്‍ത്തിയിലേക്ക് പ്രവേശനം ലഭിച്ചതെന്ന് ഗുരുരെ പറയുന്നു. മൃഗങ്ങളോടെന്ന പോലെയാണ് പോളിഷ് ഉദ്യോഗസ്ഥര്‍ പെരുമാറിയതെന്ന് പത്തൊമ്പതുകാരിയായ വിദ്യാര്‍ത്ഥി കുറ്റപ്പെടുത്തി. ജീവനുമായി രക്ഷപ്പെട്ട തങ്ങള്‍ക്ക് ഇത്രയും വലിയൊരു ദുരനുഭവം നേരിടേണ്ടിവരുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികള്‍ പറയുന്നു.
ഗുരുരെയുടേത് ഒറ്റപ്പെട്ട അനുഭവമല്ലെന്നാണ് അല്‍ജസീറ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നത്. യുക്രെയ്‌നില്‍നിന്ന് അതിര്‍ത്തി കടക്കുന്ന വിദേശ വംശജരോടെല്ലാം പോളിഷ് അധികൃതര്‍ ഏറെ മോശമായാണ് പെരുമാറുന്നത്. നേരത്തെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം നിഷേധിക്കുന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്. യുക്രെയ്ന്‍ പൗരന്മാരെ മാത്രം തിരഞ്ഞുപിടിച്ച് ട്രെയ്‌നില്‍ കയറ്റിക്കൊണ്ടുപോയതായി അവര്‍ പറഞ്ഞു. അഭയാര്‍ത്ഥികളെ കൊണ്ടുപോകാനെത്തുന്ന പോളിഷ്, റൊമേനിയന്‍ ട്രെയ്‌നുകളില്‍ യുക്രെയ്‌നികള്‍ക്കും വെള്ളക്കാര്‍ക്കുമാണ് മുന്‍ഗണന നല്‍കുന്നതെന്ന ആരോപണവും ശക്തമാണ്. ഏഷ്യന്‍, ആഫ്രിക്കന്‍, പശ്ചിമേഷ്യന്‍ പൗരന്മാരോട് കടുത്ത അവഗണനയാണ് കാണിക്കുന്നത്.