ന്യൂഡല്‍ഹി: ആധാര്‍ വിവര ചോര്‍ച്ച സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ തന്റെ പക്കലുണ്ടെന്ന് റിപ്പോര്‍ട്ട് പുറത്തുവിട്ട ദ ട്രിബ്യൂണ്‍ കറസ്‌പോണ്ടന്റ് രചനാ ഖൈറ. അന്വേഷണത്തിലൂടെ കണ്ടെത്തിയ വിവരങ്ങളിലെ ചെറിയൊരു ഭാഗം മാത്രമാണ് പുറത്തുവിട്ടിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പുറത്തുവിടുമെന്നും ഖൈറ എന്‍.ഡി.ടി.വിയോട് പറഞ്ഞു. ആധാര്‍ വിവര ചോര്‍ച്ച പുറത്തുകൊണ്ടുവന്നതിനു പിന്നാലെ ആധാര്‍ അതോറിറ്റിയായ യു.ഐ.എ.ഡി.ഐ നല്‍കിയ പരാതിയില്‍ രചനാ ഖൈറക്കെതിരെ ഛണ്ഡീഗഡ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതുസംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് അവര്‍ വ്യക്തമാക്കിയത്.
മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞിട്ടുണ്ട്. ഇത്തരം അന്വേഷണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമ്പോള്‍ യു.ഐ.ഡി.എ.ഐ അതിന്റെ നിയമവശങ്ങള്‍ പരിശോധിക്കുന്നത് നന്നായിരിക്കും. പുറത്തുവിട്ടതിനേക്കാള്‍ എത്രയോ വലിയ വിവരങ്ങളാണ് ഞങ്ങള്‍ അന്വേഷണത്തിലൂടെ കണ്ടെത്തിയിട്ടുള്ളത്. വരും ദിവസങ്ങളില്‍ അവ പുറത്തുവിടും- ഖൈറ പറഞ്ഞു.
തനിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയ യു.ഐ.ഡി.എ.ഐ നടപടിയെ ഖൈറ പരിഹസിച്ചു. അങ്ങനെയെങ്കിലും തന്റെ റിപ്പോര്‍ട്ടിന്മേല്‍ ആധാര്‍ അതോറിറ്റി ഒരു നടപടി എടുത്തുവല്ലോ. എന്നാല്‍ അതോടൊപ്പം ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്ന റാക്കറ്റുകള്‍ക്കെതിരെയും കേന്ദ്ര സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.
അന്വേഷണാത്മക റിപ്പോര്‍ട്ടിന് വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ഖൈറ പറഞ്ഞു. ഛണ്ഡീഗഡിലെ മാത്രമല്ല, ഡല്‍ഹിയിലെയും രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളിലേയും മാധ്യമങ്ങളും വിദേശ മാധ്യമങ്ങളും വരെ വിഷയം ഏറ്റെടുത്തു. ഇന്ത്യയിലെ മുന്‍നിര മാധ്യമപ്രവര്‍ത്തകരില്‍നിന്ന് തനിക്ക് അഭിനനന്ദനം ലഭിച്ചു. അതിലെല്ലാം വലിയ സന്തോഷമുണ്ട്. നിയമപരമായും ധാര്‍മ്മികമായും വലിയ പിന്തുണ ദ ട്രിബ്യൂണ്‍ പത്രം തനിക്ക് നല്‍കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
500 രൂപ നല്‍കിയാല്‍ ദശലക്ഷം പേരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്ന നിയമവിരുദ്ധ സംഘങ്ങള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നായിരുന്നു രചനാ ഖൈറയുടെ റിപ്പോര്‍ട്ട്. ആധാര്‍ വിവരങ്ങള്‍ പൂര്‍ണ സുരക്ഷിതമാണെന്ന് സുപ്രീംകോടതിയില്‍ ഉള്‍പ്പെടെ ആവര്‍ത്തിച്ച് അവകാശപ്പെടുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ വാദങ്ങളുടെ മുനയൊടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. പണം നല്‍കിയാല്‍ അതീവ സുരക്ഷിതമായി സൂക്ഷിക്കേണ്ട ബയോ മെട്രിക് വിവരങ്ങള്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ ചോര്‍ത്തി നല്‍കുന്ന ഏജന്റുമാര്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഖൈറ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
ഇതിനു പിന്നാലെയാണ് ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നതിനു പകരം വിവരം പുറത്തുകൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ നടപടിക്കെതിരെ പ്രതിഷേധവുമായി എഡിറ്റേഴ്‌സ് ഗ്വില്‍ഡ് രംഗത്തെത്തിയിരുന്നു.
വര്‍ത്ത സത്യം: ദ ട്രിബ്യൂണ്‍
500 രൂപ നല്‍കിയാല്‍ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്ന ഏജന്‍സികള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന തങ്ങളുടെ വാര്‍ത്ത സത്യമാണെന്ന് ഛണ്ഡീഗഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദിനപത്രമായ ദ ട്രിബ്യൂണ്‍. അന്വേഷണാത്മക റിപ്പോര്‍ട്ട് തയ്യാറാക്കിയ റിപ്പോര്‍ട്ടര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലാണ് ദ ട്രിബ്യൂണ്‍ വാര്‍ത്താക്കുറിപ്പിലൂടെ വിശദീകരണവുമായി രംഗത്തെത്തിയത്.
വലിയ ആശങ്കയുണ്ടാക്കുന്നതും പൊതുതാല്‍പര്യമുള്ളതുമായ വിഷയമാണ് വാര്‍ത്തയിലൂടെ പുറത്തുവന്നത്. മാധ്യമപ്രവര്‍ത്തനത്തിന്റെ ധാര്‍മ്മിക കാത്തുസൂക്ഷിച്ചുകൊണ്ടുള്ള വസ്തുതാപരമായ വാര്‍ത്തകള്‍ മാത്രമേ ദ ട്രിബ്യൂണ്‍ പ്രസിദ്ധീകരിക്കാറുള്ളൂ. ഉത്തരവാദിത്ത മാധ്യമ പ്രവര്‍ത്തനത്തിന്റെ മഹത്തായ പാരമ്പര്യമാണ് ഞങ്ങളുടെ വാര്‍ത്തകള്‍ക്കുള്ളത്.
വസ്തുതാപരമായ വാര്‍ത്തയെ തെറ്റിദ്ധരിക്കുകയും വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നവര്‍ക്കെതിരെ ക്രിമിനല്‍ നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്ത സര്‍ക്കാര്‍ ഏജന്‍സികളുടെ നടപടിയില്‍ ഖേദമുണ്ട്. അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തെ സംരക്ഷിക്കുന്നതിന് സാധ്യമായ എല്ലാ നിമയ നടപടികളും തങ്ങള്‍ ആലോചിക്കും- ട്രിബ്യൂണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് ഹരീഷ് ഖാരെ ഒപ്പുവെച്ച വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.