ന്യൂഡല്‍ഹി: ഇന്ത്യയിലെ എല്ലാ ഭീകരവാദികളും ബി.ജെ.പി ഓഫീസുകളിലാണെന്ന് ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ലാലു പ്രസാദ് യാദവിന്റെ ഭാര്യയുമായ റാബറി ദേവി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പരാജയപ്പെട്ട അരാരിയ തീവ്രവാദ കേന്ദ്രമാകുമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു റാബറി. ജനങ്ങള്‍ പാടെ തള്ളിക്കളഞ്ഞതോടെ ബി.ജെ.പിക്ക് വിറളി പിടിച്ചിരിക്കുകയാണ്. ഗിരിരാജ് സിംങ് അരിയയിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും റാബറി ആവശ്യപ്പെട്ടു.
പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പുകളിലെ കനത്ത പരാജയത്തിന് പിന്നാലെയാണ് വര്‍ഗീയ പരാമര്‍ശങ്ങളുമായി ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയത്. ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത പരാജയമേറ്റ ബീഹാറിലെ അരാരിയ താമസിയാതെ തീവ്രവാദത്തിന്റെ കേന്ദ്രമായി മാറുമെന്നായിരുന്നു കേന്ദ്രമന്ത്രി ഗിരിരാജ് സിംങിന്റെ പ്രസ്താവന.
നേപ്പാള്‍, ബംഗാള്‍ എന്നിവിടങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന വെറുമൊരു പ്രദേശം മാത്രമല്ല അരാരിയ. അതിതീവ്രമായ ഒരു പ്രത്യയശാസ്ത്രത്തിന്റെ പിടിയിലായ അവിടെ ബീഹാറിന് മാത്രമല്ല രാജ്യത്തിന് തന്നെ ഭീഷണിയായി മാറുമെന്ന് ഗിരിരാജ് സിങ് പറഞ്ഞു. അരാരിയ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തോല്‍പിച്ച് ആര്‍.ജെ.ഡിയുടെ സര്‍ഫറാസ് ആലം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.