X

ആര്‍. ശ്രീലേഖ ആദ്യ മലയാളി വനിതാ ഡി.ജി.പി; തച്ചങ്കരി ഉള്‍പ്പടെ നാലുപേര്‍ക്ക് ഡി.ജി.പി പദവി

ഫയര്‍ഫോഴ്‌സ് മേധാവിയും കേരള ബുക്‌സ് ആന്‍ഡ് പബ്ലിഷിംഗ് സൊസൈറ്റി സി.എം.ഡിയുമായ ടോമിന്‍ തച്ചങ്കരി ഉള്‍പ്പെടെ സംസ്ഥാന പൊലീസ് സേനയിലെ നാല് അഡിഷണല്‍ ഡി.ജി.പിമാര്‍ക്ക് ഡി.ജി.പി പദവി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 1987 ബാച്ചുകാരായ തച്ചങ്കരിക്ക് പുറമെ ജയില്‍ മേധാവി ആര്‍.ശ്രീലേഖ, കേന്ദ്ര ഡെപ്യുട്ടേഷനില്‍ എസ്.പി.ജി ഡയരക്ടര്‍ അരുണ്‍കുമാര്‍ സിന്‍ഹ, ആംഡ് പൊലീസ് ബറ്റാലിയന്‍ എ.ഡി.ജി.പി സുധേഷ്‌കുമാര്‍ എന്നിവര്‍ക്കാണ് ഡി.ജി.പി പദവി നല്‍കുന്നത്. രാജ്യത്തെ ആദ്യ മലയാളി വനിതാ ഡി.ജി.പി എന്ന ബഹുമതിക്ക് ഇതോടെ ആര്‍. ശ്രീലേഖ അര്‍ഹയായി. ഡി.ജി.പി തസ്തികയിലേക്ക് ഒഴിവുവരുന്ന മുറയ്ക്ക് ഇവര്‍ക്ക് നിയമനം നല്‍കും. വിരമിക്കുന്നതിന് തൊട്ടു മുമ്പാണ് മുന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ അധ്യക്ഷയായ സ്‌ക്രീനിങ്ങ് കമ്മിറ്റി മുപ്പതു വര്‍ഷം പൂര്‍ത്തിയാക്കിയ ഐ.പി.എസുകാര്‍ക്ക് ഡി.ജി.പി പദവി നല്‍കാന്‍ ശുപാര്‍ശ നല്‍കിയത്. ഇതോടെ സംസ്ഥാനത്ത് ഡി.ജി.പി പദവിയിലുള്ളവരുടെ എണ്ണം 12 ആയി ഉയര്‍ന്നു. നിലവില്‍ എട്ടു ഡി.ജി.പിമാരാണ് കേരള കേഡറിലുള്ളത്. അതില്‍ നാല് പേരെ മാത്രമേ കേന്ദ്രം അംഗീകരിച്ചിട്ടുള്ളൂ. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, ഐ.എം.ജി ഡയറക്ടര്‍ ജേക്കബ് തോമസ്, എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങ്, കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള നിര്‍മ്മല്‍ ചന്ദ്ര അസ്താന എന്നിവരാണ് കേന്ദ്രം അംഗീകരിച്ച ഡി.ജി.പിമാര്‍. നേരത്തേ സംസ്ഥാനം സ്ഥാനക്കയറ്റം നല്‍കിയ നാല് ഡി.ജി.പിമാരുടെ പദവി കേന്ദ്രസര്‍ക്കാര്‍ ഇനിയും അംഗീകരിച്ചിട്ടില്ലെന്നിരിക്കെ, ഇപ്പോള്‍ സ്ഥാനക്കയറ്റം കിട്ടിയവരുടെ കാര്യവും സമാനമായിരിക്കും. അതായത് ഡി.ജി.പി റാങ്കിലായിരിക്കുമെങ്കിലും ശമ്പളം ആനുകൂല്യങ്ങളും എ.ഡി.ജി.പിയുടെതായിരിക്കും. നേരത്തെ ഡി.ജി.പി പദവി നല്‍കിയ ഉത്തര മേഖലാ ഡി.ജി.പി രാജേഷ്ദിവാന്‍, സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ മേധാവി ശങ്കര്‍റെഡ്ഡി, ക്രൈംബ്രാഞ്ച് മേധാവി എ. ഹേമചന്ദ്രന്‍, ഇന്റലിജന്‍സ് മേധാവി മുഹമ്മദ് യാസിന്‍ എന്നിവരുടെ പദവിയാണ് കേന്ദ്രം അംഗീകരിക്കാത്തത്. ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന നിര്‍മ്മല്‍ ചന്ദ്ര അസ്താനയ്ക്ക് ടി.പി.സെന്‍കുമാര്‍ വിരമിച്ച ശേഷം ഡി.ജി.പി പദവി ലഭിച്ചിരുന്നു.

chandrika: