X

കാലാവസ്ഥാമാറ്റത്തിന് ആര് മണികെട്ടും-എഡിറ്റോറിയല്‍

കഴിഞ്ഞദിവസങ്ങളില്‍ ഇറ്റാലിയന്‍ തലസ്ഥാനമായ റോമില്‍ നടന്ന ലോകത്തെ വന്‍ ശക്തിരാജ്യങ്ങളുടെ തലവ്ന്മാര്‍ നടത്തിയ ഒത്തുചേരല്‍ ഭൂമിയുടെ നിലനില്‍പിനെക്കുറിച്ച് വലിയ ആശങ്കയാണ് ഒരിക്കല്‍കൂടി പങ്കുവെച്ചിരിക്കുന്നത.് ജീവന്റെ നിലനില്‍പ് ശാശ്വതമാക്കുന്നതിന് അന്തരീക്ഷതാപനില കുറച്ചുകൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മനുഷ്യരെല്ലാവരും കൂലങ്കഷമായി ചിന്തിച്ചുകൊണ്ടിരിക്കവെ നടന്ന ഉച്ചകോടി പൊതുവില്‍ നിരാശയാണ് സമ്മാനിച്ചിരിക്കുന്നത.് അന്തരീക്ഷത്തിലേക്ക് കാര്‍ബണിന്റെ (കരി) പുറന്തള്ളല്‍ 2030 ഓടെ പകുതിയും 2050 ഓടെ മുഴുവനായും ഒഴിവാക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും 1998ലെ ക്യോട്ടോയിലെയും 2015ലെ പാരിസിലെയും കാലാവസ്ഥാഉടമ്പടികള്‍ക്കുശേഷവും ഒരിഞ്ചുപോലും നാം മുന്നോട്ടുപോയിട്ടില്ലെന്ന് മാത്രമല്ല, അരയിഞ്ചുപോലും പോകാന്‍ തയ്യാറല്ലെന്നുകൂടിയാണ് റോം ഉച്ചകോടി തന്ന സന്ദേശം. നവംബര്‍ ഒന്നിനാരംഭിച്ച് 12ന് സമാപിക്കുന്ന ലോക കാലാവസ്ഥാഉച്ചകോടി (കോപ് 26) നടക്കുന്ന സ്‌കോട്ട്‌ലാന്‍ഡ് നഗരമായ ഗ്ലാസ്‌ഗോയിലാണ് ഇനിയുള്ള ഏക പ്രതീക്ഷ. അതുകൂടി തകര്‍ന്നാല്‍ ഭൂമിയുടെയും മനുഷ്യരുള്‍പ്പെടെയുള്ള സകല ജീവജാലജാലങ്ങളുടെയും നിലനില്‍പിന് അധികമൊന്നും ആയുസുണ്ടാവില്ലെന്ന് ഉറപ്പിക്കാം. വന്‍ശക്തി രാഷ്ട്രങ്ങളെല്ലാംതന്നെ പ്രതീക്ഷക്കൊത്തുയര്‍ന്നില്ല എന്നാണ് റോം തെളിയിച്ചത്. ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ പുറന്തള്ളുന്ന ചൈനയില്‍നിന്ന് പ്രസിഡന്റ് ഷീ ജിന്‍പിങ് എത്തിയില്ലെന്നതോ പോകട്ടെ കാര്യമായ ഒരുറപ്പും രാജ്യം നല്‍കിയതുമില്ല. പാരിസ് ഉടമ്പടിയില്‍നിന്ന് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏകപക്ഷീയമായി പിന്മാറിയതിനുശേഷം നടക്കുന്ന കാലാവസ്ഥാഉച്ചകോടികൂടി ജലരേഖയായി അവശേഷിച്ചാല്‍ ആരാണിനി ഭൂമിയെ രക്ഷിക്കാനെത്തുക എന്ന ചോദ്യമാണുയരുന്നത്.

കാലാവസ്ഥാവ്യതിയാനം ഭൂമിയിലും ജീവജാലങ്ങളിലും വരുത്തിവെക്കുന്ന അതീവ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നാമെല്ലാമിന്ന് നേരിട്ടനുഭവിച്ചുകൊണ്ടിരിക്കുകയാണ്; പ്രത്യേക റിപ്പോര്‍ട്ടുകളുടെ ആവശ്യമതിനില്ല. കഴിഞ്ഞ നാലു വര്‍ഷമായി ഇന്ത്യയിലാകെയും കേരളത്തിലുമുള്‍പ്പെടെ തുടരെത്തുടരെയുണ്ടായിക്കൊണ്ടിരിക്കുന്ന പ്രളയവും മണ്ണിടിച്ചിലും വരള്‍ച്ചയുമെല്ലാം മുഖ്യമായും സമ്പന്ന-വ്യാവസായിക രാജ്യങ്ങളുടെ സംഭാവനയാണ്. ഭൗമാന്തരീക്ഷത്തില്‍ കാര്‍ബണ്‍ വര്‍ധിക്കുന്നത് വ്യാവസായിക ഉത്പാദനത്തിന്റെ ഫലമാണ്. ഭൂമിയില്‍ അത് താപനില വര്‍ധിക്കാനിട വരുത്തുന്നു. തന്മൂലം ഉത്തരാര്‍ധ ഗോളത്തിലുള്‍പ്പെടെ മഞ്ഞുരുക്കവും സമുദ്രജലം കരയിലേക്ക് ഉയരുന്നതും കാലാവസ്ഥാപ്രവചനങ്ങളെ അസാധ്യമാക്കുകയും ജനജീവിതം താറുമാറാക്കുകയുമാണ് ചെയ്യുന്നത്. കഴിഞ്ഞ ഒരു നൂറ്റാണ്ടിനകം അന്തരീക്ഷ താപനിലയില്‍ രണ്ട് ഡിഗ്രി ചൂടാണ് വര്‍ധിച്ചത്. വരും വര്‍ഷങ്ങളില്‍ വീണ്ടും രണ്ട് ഡിഗ്രി വര്‍ധിക്കുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ച് പഠിക്കുന്ന ഐ.പി.സി.സി അടുത്തിടെ പുറത്തുവിട്ട ഞെട്ടിക്കുന്ന വിവരം. അത് കുടിവെള്ളക്ഷാമമുള്‍പ്പെടെ ഭൂമിയിലെ പകുതിയോളം ജീവാവസ്ഥയെ ഗുരുതരമായി ബാധിക്കും. റോമില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞത്, ശരീരത്തില്‍ ബോംബുമായി നടക്കുന്നയാളുടെ അവസ്ഥയിലാണ് ലോകമിപ്പോഴെന്നാണ്. അടുത്തിടെ സ്വന്തം രാജ്യത്തും അമേരിക്കയിലുമുള്‍പ്പെടെ ഉണ്ടായ പ്രകൃതിക്ഷോഭങ്ങളാകും അദ്ദേഹത്തെക്കൊണ്ടത് പറയിച്ചത്. എന്നാല്‍ അമേരിക്കയെയും ചൈനയെയും റഷ്യയെയും പോലുള്ള വന്‍കിട വ്യാവസായിക രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ ഒട്ടും ആത്മാര്‍ത്ഥത കാണിക്കുന്നില്ലെന്ന് പറയേണ്ടിവരുന്നു. ചൈനയുടെ ഷീ ജിന്‍പിങ്- റോമില്‍ മാത്രമല്ല, ഗ്ലാസ്‌ഗോയിലും പങ്കെടുക്കുന്നില്ല. അതിന് പറയുന്നത് കോവിഡാണ്. റഷ്യയുടെയും അവസ്ഥ അതുതന്നെ. തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാനും സഊദി നേതൃത്വവും പ്രതീക്ഷക്കൊത്തുയരുന്നില്ലെന്നതും സങ്കടകരമാണ്. ഏതായാലും പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസ്താവന മാത്രമാണ് ഇതുവരെ ഗ്ലാസ്‌ഗോയില്‍ ആശയ്ക്ക് വക നല്‍കുന്നത്. 2030ഓടെ 50 ശതമാനവും 2070 ഓടെ പൂര്‍ണമായും ഹരിതഗൃഹവാതകനിര്‍ഗമനം ഇന്ത്യ അവസാനിപ്പിക്കുമെന്നാണ് മോദിയുടെ വാഗ്ദാനം. കല്‍ക്കരിയുടെ ഉപയോഗം കുറയ്ക്കുകയും കാറ്റ്, വെള്ളം മുതലായ പരമ്പരാഗത സ്രോതസ്സുകള്‍ വൈദ്യുതിക്കായി കൂടുതലായി പ്രയോജനപ്പെടുത്തുകയുമാണ് നാം ചെയ്യേണ്ടത്. അതിനിടെ ആസ്‌ത്രേലിയ പ്രധാനമന്ത്രി സ്‌കോട്ട്‌മോറിസണ്‍ നടത്തിയ പ്രസ്താവനയും ശ്രദ്ധേയമായി. സാങ്കേതികവിദ്യ ഉപയോഗിച്ച് കാര്‍ബണ്‍ നിര്‍ഗമനം കുറക്കണമെന്നുപറഞ്ഞ മോറിസണ്‍ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും ജീവിതത്തെ ബാധിക്കാത്തവിധത്തിലായിരിക്കണം അതെന്നുകൂടി പറഞ്ഞുവെച്ചു. ലക്ഷക്കണക്കിന് വര്‍ഷമായി ഭൂമിയും അതിലെ ജീവജാലങ്ങളും അനുഭവിച്ചുവന്ന സുരക്ഷിതമായി ജൈവാവസ്ഥയെയാണ് വെറും രണ്ടു നൂറ്റാണ്ടത്തെ സാങ്കേതിക മുന്നേറ്റംകൊണ്ട് നാം ഇല്ലാതാക്കിയതെന്നത് മറക്കാതെ പൂര്‍ണമായും മാനുഷിക മുഖത്തോടെയാവണം ഗ്ലാസ്‌ഗോ ഉച്ചകോടി പരിസമാപിക്കേണ്ടത്. അല്ലെങ്കില്‍ യു.എന്‍ സെക്രട്ടറിജനറല്‍ ആന്റോണിയോ ഗുട്ടറസ് പ്രവചിച്ചതുപോലെ, വൈകാതെതന്നെ ‘നമുക്കൊരുമിച്ച് ശവക്കുഴിതോണ്ടാം’!

 

 

 

Test User: