ആറുവിക്കറ്റ് കഴിഞ്ഞുള്ള ആ ക്ലൈമാക്‌സ് ഇല്ലായിരുന്നെങ്കില്‍, ഈ ടെസ്റ്റ് കാഴ്ചകള്‍ക്കിത്ര ഭംഗിയുണ്ടാവുമായിരുന്നില്ല. ബംഗ്ലാദേശിനെതിരേ 34-ന്
നാല് എന്ന നിലയില്‍ കൂപ്പുകുത്തിയ, അതല്ലെങ്കില്‍ 144-ന് ആറ് എന്ന അവസ്ഥയില്‍ തകര്‍ന്ന ടീം ഇന്ത്യ, അവിടെനിന്നങ്ങോട്ട് നടത്തിയ അതിജീവനം അദ്ഭുതപ്പെടുത്തുന്നതാണ്. ആ അതിജീവനത്തിന്റെ ജീവനാഡിയായി പ്രവര്‍ത്തിച്ചതാവട്ടെ, രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയും.
മുന്‍നിര തകര്‍ന്ന ഇന്ത്യയെ കെട്ടുറപ്പോടെ നിര്‍ത്തിയത് ഇരുവരുടെയും ഇന്നിങ്‌സായിരുന്നു. ഒരുഘട്ടത്തില്‍ 34-ന് നാല് എന്ന നിലയില്‍ തകര്‍ന്നിരുന്നു ഇന്ത്യ. 144-ന് ആറ് എന്ന നിലയിലായി പിന്നീട്. ഒരുവശത്ത് ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ കാര്യമായി ചെറുത്തുനിന്നിരുന്ന എന്നതൊഴിച്ചാല്‍ (118 പന്തില്‍ 56) ബാക്കി മുന്‍നിര ബാറ്റര്‍മാരെല്ലാം നിരാശപ്പെടുത്തി. രോഹിത്തും കോലിയും ആറുറണ്‍സ് വീതമെടുത്തു മടങ്ങി. ശുഭ്മാന്‍ ഗില്ലാവട്ടെ, സ്‌കോര്‍ബോര്‍ഡ് ചലിപ്പിക്കുകയേ ചെയ്യാതെ പുറത്തായി. ഋഷഭ് പന്ത് 39 റണ്‍സും കെ.എല്‍. രാഹുല്‍ 16 റണ്‍സും എടുത്തു തിരിച്ചുകയറി.
തുടര്‍ന്നാണ് രവീന്ദ്രനും രവിചന്ദ്രനും ചേര്‍ന്ന് ഇന്ദ്രജാലം നടത്തിയത്. ടീം സ്‌കോര്‍ 144-ല്‍ ഒരുമിച്ച ഇരുവരെയും ആദ്യദിവസം സ്റ്റമ്പെടുക്കുന്നതുവരെ ബംഗ്ലാ ബൗളര്‍മാര്‍ക്ക് തൊടാനായില്ല. രോഹിത്, കോലി, ഗില്‍, പന്ത് തുടങ്ങിയ ബാറ്റിങ് ശക്തരുടെ വിക്കറ്റുകള്‍ വീഴ്ത്തി ബംഗ്ലാദേശിന് വലിയ ബ്രേക്ക്ത്രൂ നല്‍കിയ ഹസന്‍ മഹ്‌മൂദിനും ഒന്നും ചെയ്യാനായില്ല. 144-ല്‍ ഒരുമിച്ച അവരങ്ങനെ 339 വരെ ടീമിനെ നേരായ വഴി നടത്തി. ഇതിനിടെ അശ്വിന്‍ സെഞ്ചുറി നേടി, ജഡേജ സെഞ്ചുറിക്കടുത്തുമെത്തി. അതിലൊക്കെ അപ്പുറത്ത് കൈവിട്ട കളി ഇന്ത്യ തിരിച്ചുപിടിച്ചു.