മുംബൈ: വാംഖഡേ സ്റ്റേഡിയത്തില്‍ സ്പിന്നര്‍മാര്‍ രണ്ടാം ദിവത്തിലും അരങ്ങു തകര്‍ത്തപ്പോള്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് 400 റണ്‍സിന് ആദ്യ ഇന്നിങ്‌സില്‍ പുറത്ത്. മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 146 എന്ന ശക്തമായ നിലയിലാണ്. രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ മുരളി വിജയ് (70*), പൂജാര (47*) എന്നിവരാണ് ക്രീസില്‍. 24 റണ്‍സെടുത്ത കെ.എല്‍ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യക്കു നഷ്ടമായത്. മോയിന്‍ അലിയുടെ പന്തില്‍ രാഹുല്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു.
ഇതോടെ രണ്ട് ദിവസം കൊണ്ട് വീണ 11 വിക്കറ്റുകളും സ്പിന്നര്‍മാര്‍ പങ്കിട്ടെടുത്തു. നേരത്തെ അഞ്ചിന് 288 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ട് 400 റണ്‍സിന് എല്ലാവരും പുറത്തായി. തലേ ദിവസത്തെ സ്‌കോറിനോട് ഒമ്പത് റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഇംഗ്ലണ്ടിന്റെ വിശ്വസ്ത ബാറ്റ്‌സ്മാന്‍ ബെന്‍ സ്‌റ്റോക്‌സ് കൂടാരം കേറി. അശ്വിനായിരുന്നു വിക്കറ്റ്.
അശ്വിന്റെ അപ്പീല്‍ അമ്പയര്‍ ഓക്‌സന്‍ഫോര്‍ഡ് തള്ളിയെങ്കിലും ക്യാപ്റ്റന്‍ കോലി ഡി.ആര്‍.എസ് ആവശ്യപ്പെടുകയായിരുന്നു. തേര്‍ഡ് അമ്പയര്‍ ഷംസുദ്ദീന്‍ അശ്വിന് അനുകൂലമായി നിലപാടെടുത്തു. എന്നാല്‍ തീരുമാനത്തില്‍ പ്രതിഷേധം പ്രകടിപ്പിച്ചായിരുന്നു സ്റ്റോക്കിന്റെ മടക്കം.
പിന്നാലെ എത്തിയ ക്രിസ് വോക്‌സ് (11) റണ്‍സുമായി മടങ്ങി. ഇത്തവണ ജഡേജയായിരുന്നു അന്തകന്‍. ആദില്‍ റഷീദ് നാലു റണ്‍സുമായി ജഡേജക്കു മുന്നില്‍ കീഴടങ്ങിയതോടെ ഇംഗ്ലണ്ട് എട്ടിന് 334 എന്ന നിലയിലേക്കു ചൂളിയെങ്കിലും ഒന്‍പതാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ജോസ് ബട്‌ലര്‍ (76) ജേക് ബാള്‍ (31) സഖ്യം ഇംഗ്ലണ്ടിന് 53 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തു. ബാള്‍ അശ്വിന് ആറാം വിക്കറ്റ് സമ്മാനിച്ച് മടങ്ങി.
76 റണ്‍സെടുത്ത ബട്‌ലറെ ജഡേജ പുറത്താക്കി. ഇന്ത്യക്കു വേണ്ടി അശ്വിന്‍ ആറും ജഡേജ നാലു വിക്കറ്റും നേടി. 43-ാം ടെസ്റ്റ് കളിക്കുന്ന അശ്വിന്‍ അഞ്ചു വിക്കറ്റോ അതില്‍ കൂടുതലോ നേടുന്നത് ഇത് 23-ാം തവണയാണ്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ഏഴാമത്തെ താരമായ അശ്വിന്‍ ജവഗല്‍ ശ്രീനാഥിന്റെ 236 വിക്കറ്റുകളെന്ന റെക്കോര്‍ഡും മറികടന്നു. 242 വിക്കറ്റെടുത്ത ബി.എസ് ചന്ദ്രശേഖറിന്റെ റെക്കോര്‍ഡാണ് ഇനി അശ്വിനു മുന്നില്‍ കീഴടങ്ങാനുള്ളത്.
400 റണ്‍സിന് ഇംഗ്ലണ്ടിനെ പുറത്താക്കിയ ഇന്ത്യ മറുപടി ബാറ്റിങ് മികച്ച രീതിയിലാണ് തുടങ്ങിയത്. എന്നാല്‍ സ്‌കോര്‍ 39ല്‍ നില്‍ക്കെ രാഹുല്‍ മോയിന്‍ അലിയുടെ പന്തില്‍ പുറത്തായി. പിന്നീട് ഒത്തു ചേര്‍ന്ന മുരളി വിജയും ചേതേശ്വര്‍ പൂജാരയും ചേര്‍ന്ന് കൂടുതല്‍ വിക്കറ്റ് നഷ്ടം കൂടാതെ നങ്കുരമിട്ടു കളിച്ചു. അര്‍ധ സെഞ്ച്വറി പിന്നിട്ട വിജയ് ആറ് ബൗണ്ടറികളും രണ്ട് സിക്‌സറും പായിക്കുകയും ചെയ്തു. ഇരുവരും ചേര്‍ന്ന് ഇതിനോടകം 107 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. പേസ് ബൗളര്‍മാര്‍ക്ക് ഒരു ആനുകൂല്യവും കിട്ടാത്ത പിച്ചില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ മെരുക്കുകയെന്ന കഠിന ജോലിയാണ് ഇനി ഇംഗ്ലീഷ് ബൗളര്‍മാര്‍ക്കു മുന്നിലുള്ളത്. പരമ്പരയില്‍ 2-0ന് മുന്നില്‍ നില്‍ക്കുന്ന ഇന്ത്യ ലീഡ് ലക്ഷ്യമിട്ടായിരിക്കും ഇന്നിറങ്ങുക.