ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് മുന്‍പായി ഒരു പന്തയം വെച്ചാണ് ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്റെ വരവ്. പന്തയത്തില്‍ തോറ്റാല്‍ പാതി മീശ വടിക്കുമെന്നാണ് അശ്വിന്റെ വാക്ക്. ഇവിടെ തീരുമാനമെടുക്കേണ്ടത് ചേതേശ്വര്‍ പൂജാരയാണ്.
ഇംഗ്ലണ്ടിന്റെ സ്പിന്നര്‍മാരില്‍ ആരെയെങ്കിലും സിക്‌സ് പറത്തിയാല്‍ മീശയുടെ പകുതി താന്‍ വടിക്കാമെന്നാണ് അശ്വിന്‍ പറയുന്നത്. ഫെബ്രുവരി അഞ്ചിനാണ് ഇംഗ്ലണ്ടിന് എതിരായ പരമ്പര ആരംഭിക്കുന്നത്. ഡോം ബെസ്, ജാക്ക് ലീച്ച്, മൊയിന്‍ അലി എന്നീ മൂന്ന് സ്പിന്നര്‍മാരാണ് ഇംഗ്ലണ്ട് നിരയിലുള്ളത്.
ഇന്ത്യന്‍ ബാറ്റിങ് കോച്ച് വിക്രം റാത്തോഡുമായുള്ള യൂട്യൂബ് ചാറ്റിലായിരുന്നു അശ്വിന്റെ പ്രതികരണം. ഓഫ് സ്പിന്നറുടെ തലയ്ക്ക് മുകളിലൂടെ എന്നെങ്കിലും പൂജാര സിക്‌സ് പറത്തുന്നത് നമുക്ക് കാണാനാവുമോ എന്ന് റാത്തോഡിനോട് അശ്വിന്‍ ചോദിക്കുന്നു.
അതിനുള്ള ശ്രമങ്ങള്‍ നടക്കുകയാണ് എന്നായിരുന്നു റാത്തോഡിന്റെ പ്രതികരണം. ഒരിക്കലെങ്കിലും ബൗളറുടെ തലയ്ക്ക് മുകളിലൂടെ സിക്‌സ് പറത്താന്‍ ശ്രമിക്കാന്‍ ഞാന്‍ പൂജാരയോട് പറയുന്നുണ്ട്. എന്നാല്‍ അത് ഇപ്പോഴും അംഗീകരിക്കാന്‍ പൂജാരയ്ക്ക് കഴിഞ്ഞിട്ടില്ല. അതിനെ എതിര്‍ക്കാന്‍ വലിയ കാരണങ്ങളാണ് പൂജാര പറയുന്നത്, റാത്തോഡ് മറുപടിയായി പറഞ്ഞു.
മൊയിന്‍ അലി അല്ലെങ്കില്‍ മറ്റേതെങ്കിലും സ്പിന്നറുടെ തലയ്ക്ക് മുകളിലൂടെ ക്രീസ് വിട്ട് ഇറങ്ങി ഇംഗ്ലണ്ട് പരമ്പരയില്‍ പൂജാര സിക്‌സ് പറത്തിയാല്‍ ഞാന്‍ എന്റെ പകുതി മീശ വടിച്ച് കളിക്കാന്‍ ഇറങ്ങും. അതൊരു തുറന്ന വെല്ലുവിളിയാണ്, അശ്വിന്‍ പറഞ്ഞു.