തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ അന്ത്യശാസനവുമായി ദുബായിലെ ജാസ് ടൂറിസം കമ്പനി. ഫെബ്രുവരി അഞ്ചാംതിയതിക്ക് മുന്‍പായി പണം നല്‍കി ഇടപാടുകള്‍ തീര്‍ക്കാത്തപക്ഷം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനം നടത്തി വസ്തുതകള്‍ വിശദീകരിക്കുമെന്നാണ് ദുബായ് കമ്പനി അറിയിച്ചിരിക്കുന്നത്. ഫെബ്രുവരി അഞ്ചിനകം 13 കോടി തിരിച്ചു നല്‍കി കേസ് ഒത്തുതീര്‍ക്കണമെന്നാണ് കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്.
സംഭവം പിണറായി വിജയനെ നേരില്‍ ധരിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിനോട് ദുബായ് കമ്പനി പ്രതിനിധി സന്ദര്‍ശനാനുമതി തേടിയതായും സൂചനയുണ്ട്. സി.പി.എം കേന്ദ്ര നേതൃത്വം ഇടപെട്ടിട്ടും പ്രശ്‌നത്തിന് പരിഹാരം കാണാനാവാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയെ ഇടപെടുവിക്കാനുള്ള ശ്രമം കമ്പനി നടത്തുന്നത്. കോടതിയില്‍ പണം അടച്ച് കേസ് ഒത്തുതീര്‍പ്പാക്കിയെന്ന് ബിനോയ് പറഞ്ഞതിന് പിന്നാലെയാണ് കമ്പനി അന്ത്യശാസനവുമായി രംഗത്തെത്തിയത്.
ഇതിനിടെ പരാതിക്കാരനായ കമ്പനി ഉടമ ഹസന്‍ ഇസ്മഈല്‍ അബ്ദുള്ള അല്‍ മര്‍സൂഖി ഇന്ത്യയിലെത്തി. കമ്പനിയുടെ അഭിഭാഷകര്‍ തിങ്കളാഴ്ച കേരളത്തിലെത്തി മധ്യസ്ഥരുമായി ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. തിങ്കളാഴ്ച വൈകിട്ട് നാലിന് തിരുവനന്തപുരം പ്രസ് ക്ലബില്‍ മാധ്യമങ്ങളെ കാണുമെന്ന് മര്‍സൂഖി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കമ്പനിയുടെ ഇന്ത്യയിലെ അഭിഭാഷകന്‍ മുഖേനയാവും വാര്‍ത്തസമ്മേളനം നടത്തുക.
ബിനോയിക്കെതിരെ കേസൊന്നും നിലവിലില്ലെന്ന് രേഖകള്‍ നിരത്തിയാണ് സി.പി.എം പ്രതിരോധിക്കുന്നത്. എന്നാല്‍ കമ്പനി ഉടമ വാര്‍ത്താസമ്മേളനം നടത്തി ഉള്ളുകളികള്‍ പുറത്തുവിട്ടാല്‍ കോടിയേരി ബാലകൃഷ്ണന്‍ കൂടുതല്‍ പ്രതിരോധത്തിലാകും. അതേസമയം മാധ്യമപ്രവര്‍ത്തകര്‍ തയാറാക്കിയ പദ്ധതിയനുസരിച്ച് പാര്‍ട്ടിയെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും പാര്‍ട്ടിയുമായോ താനുമായോ ബന്ധമില്ലാത്ത ഇടപാടില്‍ തങ്ങളെ പ്രതിക്കൂട്ടിലാക്കേണ്ടെന്നുമാണ് കോടിയേരിയുടെ വാദം. അതേസമയം സി.പി.എമ്മുമായി ചേര്‍ന്ന് തയ്യാറാക്കിയ ഒത്തുതീര്‍പ്പ് നീക്കങ്ങളുടെ ഭാഗമായാണ് അറബി കേരളത്തിലെത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.