X
    Categories: keralaNews

തലവേദനയായി പാര്‍ട്ടി വളര്‍ത്തിയ ക്വട്ടേഷന്‍ സംഘങ്ങള്‍; ഡി.വൈ.എഫ്.ഐയെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി

കണ്ണൂര്‍: ഡിവൈഎഫ്‌ഐ നേതാവിനെതിരെ അപകീര്‍ത്തി പരാമര്‍ശം. പരാതി നല്‍കിയതിന് പിന്നാലെ വെല്ലുവിളിച്ച് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി. സിപിഎം യുവജന സംഘടനക്ക് പോലും പ്രതിരോധിക്കാനാകാത്ത വിധം ഭീഷണിയാകുന്നു പാര്‍ട്ടിതണലില്‍ വളര്‍ന്ന ക്വട്ടേഷന്‍ സംഘങ്ങള്‍.

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെയും ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്കെതിരെയും ഡിവൈഎഫ്‌ഐ പൊലീസില്‍ പരാതി നല്‍കിയതാണ് പരസ്പരം വെല്ലുവിളിക്കുന്നതിലേക്കെത്തിയത്. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ ജില്ലാ പ്രസിഡന്റുമായ മനു തോമസിനെതിരെ നവമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായി പോസ്റ്റിട്ടതാണ് പരാതിക്ക് കാരണം. പരാതി നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി അര്‍ജുന്‍ ആയങ്കി രംഗത്തെത്തിയത്. ഫെയ്‌സ് ബുക്കിലൂടെയാണ് അര്‍ജുന്‍ ആയങ്കിയുടെ വെല്ലുവിളി. ക്വട്ടേഷന്‍-സ്വര്‍ണകടത്ത് സംഘാംഗങ്ങള്‍ക്കെതിരെ ഡിവൈഎഫ്‌ഐ കാമ്പയ്ന്‍ നടത്തിയിരുന്നു. ഈ വിരോധത്തില്‍ സംഘടനക്കും നേതാക്കള്‍ക്കുമെതിരെ നവമാധ്യമങ്ങളിലുടെ സംഘാംഗങ്ങള്‍ നിരന്തരമായി അവാസ്തവങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നാണ് ഡിവൈഎഫ്‌ഐയുടെ പരാതി.

പാര്‍ട്ടി തണലില്‍ വളര്‍ന്ന ക്വട്ടേഷന്‍ സംഘങ്ങള്‍ ഭീഷണിയായി മാറുമ്പോള്‍ ഇവര്‍ക്കെതിരെ അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. ജില്ലാ സെക്രട്ടറി എം ഷാജറാണ് കണ്ണൂര്‍ എസിപിക്ക് പരാതി നല്‍കിയത്. ഇതിനെതിരെ വെല്ലുവിളിയുയര്‍ത്തിയാണ് അര്‍ജുന്‍ ആയങ്കിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

Chandrika Web: