ജയ്പൂര്‍: രാജസ്ഥാനിലെ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് മാനവേന്ദ്ര സിങ് പാര്‍ട്ടിവിട്ടു. ലോകസഭാ തെരഞ്ഞെടുപ്പിനൊപ്പം സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പും അടുത്തിരിക്കെ എം.എല്‍.എ കൂടിയായ മാനവേന്ദ്ര സിങ് പാര്‍ട്ടിവിട്ടത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ്. അതേസമയം മാനവേന്ദ്ര സിങ് കോണ്‍ഗ്രസിലേക്ക് ചേക്കേറുമെന്ന് ശക്തമായ അഭ്യൂഹമുണ്ട്.
മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങിന്റെ മകനാണ് മാനവേന്ദ്ര സിങ്. ബര്‍മര്‍ ജില്ലയില്‍ വെച്ച് നടത്തിയ ആയിരങ്ങള്‍ അണി നിരന്ന സ്വാഭിമാന്‍ റാലിയില്‍ വെച്ചാണ് ബിജെപി വിടുന്ന കാര്യം മാനവേന്ദ്ര ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്.
പാര്‍ട്ടിയുമായി കഴിഞ്ഞ കുറച്ചു നാളുകളായി അഭിപ്രായ വ്യത്യാസത്തിലായിരുന്ന മാനവേന്ദ്ര സിങിന് ജയ്‌സാല്‍മീറിലും ബാര്‍മിര്‍ മേഖലയിലുമായി പതിനായിരക്കണക്കിന് അനുയായികള്‍ ഉണ്ട്. ഇവരും പാര്‍ട്ടി വിടുമോയെന്ന ആശങ്കയിലാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം. നേരത്തെ തെരഞ്ഞെടുപ്പിന് മുന്നോടിയായി വസുന്ധര രാജെ നടത്തിയ ഗൗരവ് യാത്രയില്‍ നിന്നും മാനവേന്ദ്ര സിങും അണികളും വിട്ട് നിന്നിരുന്നു.
രാജസ്ഥാനില്‍ ബി.ജെ.പി സര്‍ക്കാരിനെതിരെ കടുത്ത ഭരണ വിരുദ്ധ വികാരംനിലനില്‍ക്കുന്നുണ്ട്. പൊതുജനങ്ങള്‍ക്കിടയില്‍ മാത്രമല്ല, ബിജെപിക്ക് അകത്ത് നിന്ന് തന്നെ സര്‍ക്കാരിനെതിരെ രോഷം ഉയര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രി വസുന്ധര രാജെയ്ക്ക് എതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ അമിത് ഷായ്ക്ക് കത്ത് നല്‍കിയിരുന്നു.
സ്വന്തം മണ്ഡലത്തില്‍ പര്യടനത്തിന് എത്തിയ വസുന്ധര രാജെയ്ക്ക് എതിരെ ബിജെപി പ്രവര്‍ത്തകര്‍ തന്നെ പ്രതിഷേധ പ്രകടനം നടത്തിയതും പാര്‍ട്ടിക്ക് വലിയ തലവേദന ആയിരുന്നു. ഇതൊന്നും കൂടാതെ ബിജെപിയിലെ കൊഴിഞ്ഞ് പോക്കും വലിയ തിരിച്ചടിയാണ്.
അതേസമയം ഭരണ വിരുദ്ധ വികാരം മുതലെടുത്ത് അധികാരത്തില്‍ തിരിച്ചെത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. പല സര്‍വേ ഫലങ്ങളും കോണ്‍ഗ്രസ് രാജസ്ഥാനില്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്ന് പ്രവചനം നടത്തിയിരുന്നു.