ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലും ഹരിയാനയിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും മറ്റു ഉപതെരഞ്ഞെടുപ്പുകളിലും ബിജെപിക്കേറ്റ തിരിച്ചടിയില്‍ പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി. ചിദംബരം. ശാന്തമായ ദേശസ്‌നേഹം പ്രബലമായ ദേശഭക്തിയെ തോല്‍പ്പിക്കുമെന്നായിരുന്നു, പി. ചിദംബരത്തിന്റെ പ്രതികരണം. ഐഎന്‍എക്‌സ് മീഡിയയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ കോടതിയില്‍ ഹാജരാക്കാന്‍ എത്തിയപ്പോ മാധ്യമങ്ങളുടെ ചോദ്യത്തോട് കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം.
മഹാരാഷ്ട്രയിലും ഹരിയാനയിലും ബി.ജെ.പി കോണ്‍ഗ്രസിനെ തൂത്തുവാരുമെന്ന പ്രവചനങ്ങളെ വോട്ടര്‍മാര്‍ കാറ്റില്‍ പറത്തുന്ന കാഴ്ചയാണ് തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ പുറത്തുവരുന്നത്. തീവ്രദേശീയ വാദവും ബാലക്കോട്ട് മാതൃകയില്‍ പാകിസ്ഥാനില്‍ വീണ്ടും ആക്രമണം നടത്തുന്നതും എല്ലാ തെരഞ്ഞെടുപ്പിലും സഹായിക്കില്ലെന്ന തിരിച്ചറിവ് ബി.ജെ.പിക്ക് നല്‍കുന്നതാണ് തെരഞ്ഞെടുപ്പു ഫലങ്ങള്‍. പാകിസ്ഥാനും കശ്മീരും റാഫേല്‍ വിമാനവും സവര്‍ക്കറുമൊക്കെ മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാക്കിയ ബി.ജെ.പിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പോലെ നേട്ടത്തിലെത്തിക്കാന്‍ ആയിട്ടില്ല.
പ്രചാരണത്തിനിടെ കോണ്‍ഗ്രസിന്റെയും എന്‍.സി.പിയുടെയും പ്രാദേശിക നേതാക്കള്‍ കൂട്ടത്തോടെ കൂറുമാറിയ അവസ്ഥയില്‍ വന്‍ വിജയം കൊയ്യാനാവുമെന്ന പ്രതീക്ഷയിലായിരുന്നു മഹാരാഷ്ട്രയില്‍ ബി.ജെ.പി. മോദി-ഖട്ടാര്‍ വ്യക്തി പ്രഭാവും തീവ്രദേശീയതാ വിഷയങ്ങളിലൂന്നിയ പ്രചാരണവും തുണക്കെത്തുമെന്ന പ്രതീക്ഷ ഹരിയാണയിലും അസ്ഥാനത്തായി. മറുഭാഗത്ത് മുതിര്‍ന്ന നേതാക്കള്‍ നിഷ്‌ക്രിയരായതോടെ പ്രചാരണ രംഗത്ത് ബഹുദൂരം പുറകിലായിരുന്നു കോണ്‍ഗ്രസ്. തൊഴിലില്ലായ്മയും സാമ്പത്തിക തകര്‍ച്ചയും ഫലപ്രദമായി ചര്‍ച്ചയാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നുവെങ്കില്‍ ബി.ജെ.പി ഈ രണ്ടു സംസ്ഥാനങ്ങളിലും തകര്‍ന്നടിയുമായിരുന്നു. എന്നാല്‍ ഹരിയാണയില്‍ രാഹുല്‍ നടത്തിയ രണ്ടു റാലികളാണ് കോണ്‍ഗ്രസിനെ പോരാട്ടരംഗത്ത് തിരിച്ചു കൊണ്ടുവന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം, ഐഎന്‍എക്‌സ് മീഡിയയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ പി. ചിദംബരത്തെ ഈമാസം മുപ്പത് വരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി റോസ് അവന്യു കോടതിയുടേതാണ് നടപടി. ഹൈദരാബാദില്‍ ചികില്‍സ ലഭ്യമാക്കണമെന്ന ചിദംബരത്തിന്റെ ആവശ്യം തള്ളി. ആവശ്യമെങ്കില്‍ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികില്‍സ ലഭ്യമാക്കാന്‍ കോടതി നിര്‍ദേശം നല്‍കി. ചിദംബരം സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഡല്‍ഹി ഹൈക്കോടതി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിലപാട് തേടി. നവംബര്‍ നാലിന് ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും.