X

ചോദ്യപേപ്പര്‍ ചോര്‍ച്ച:  അറസ്റ്റിലായത് എ.ബി.വി.പി നേതാവ്

 

സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പൊതുപരീക്ഷകളുടെ ചോദ്യപേപ്പര്‍ ചോര്‍ത്തിയതിന് അറസ്റ്റിലായിരിക്കുന്നവരില്‍ എ.ബി.വി.പി നേതാവ് സതീഷ്‌കുമാര്‍ പാണ്ഡെയും. കഴിഞ്ഞ നവംബറില്‍ ചലോ കേരള മാര്‍ച്ചില്‍ പങ്കെടുത്ത എബിവിപി നേതാവാണ് സതീഷ്‌കുമാര്‍ പാണ്ഡെ. ഛാര്‍ഖണ്ഡിലെ ഛത്ര ജില്ലയില്‍ എബിവിപി ഓര്‍ഗനൈസിംഗ് സെക്രട്ടറിയാണ് ഇയാള്‍. മറ്റൊരു എബിവിപി നേതാവ് പങ്കജും പിടിയിലായിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത ഒമ്പത് പേരെ പൊലീസ് ജുവനൈല്‍ ഹോമിലേയ്ക്ക് മാറ്റി. കേരളത്തില്‍ ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം അക്രമം നടത്തുന്നു എന്ന് ആരോപിച്ചാണ് ബിജെപി – ആര്‍എസ്എസ് തീരുമാന പ്രകാരം എബിവിപി ചലോ കേരള മാര്‍ച്ച് സംഘടിപ്പിച്ചത്.

സ്റ്റഡി വിഷന്‍ കോച്ചിംഗ് സെന്ററിന്റെ നടത്തിപ്പുകാരനായ സതീഷ് പാണ്ഡെയും കൂട്ടരും പണം വാങ്ങിയ ശേഷമാണ് വിദ്യാര്‍ത്ഥികള്‍ക്ക് വാട്‌സ് ആപ്പ് വഴി ചോദ്യപേപ്പര്‍ നല്‍കിയിരിക്കുന്നത്. സതീഷ് കുമാര്‍ പാണ്ഡെ പൊലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്. മാര്‍ച്ച് 28ന് നടന്ന 12ാം ക്ലാസ് എക്കണോമിക്‌സ് പരീക്ഷയുടേയും 10ാം ക്ലാസ് മാത്തമാറ്റിക്്‌സ് പരീക്ഷയുടേയും പേപ്പറുകളാണ് ചോര്‍ന്നത്. കേന്ദ്രസര്‍ക്കാരിനും സിബിഎസ്ഇയ്ക്കും എതിരെ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നതിനിടെ ചോദ്യപേപ്പര്‍ ചോര്‍ത്തിയതിന് എബിവിപി പ്രവര്‍ത്തകര്‍ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത് ബിജെപിയെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

chandrika: