രാജേഷ് വെമ്പായം
തിരുവനന്തപുരം: ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഗൂഢാലോചനയുണ്ടെന്ന് മുന്‍ വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ്. സ്വജനപക്ഷപാതവും ഇടതു അധ്യാപക സംഘടനക്ക് വകുപ്പിന്റെ നടപടികളില്‍ കൈകടത്താനുള്ള അവസരം നല്‍കിയതുമാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചക്ക് കാരണം. ഇതുതെളിയിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നതെന്നും അബ്ദുറബ്ബ് പറഞ്ഞു. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ സത്യഗ്രഹ സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വളരെ ലാഘവ ബുദ്ധിയോടെയാണ് ഇത്തവണ ചോദ്യപേപ്പര്‍ തയാറാക്കിയത്. ചോദ്യപേപ്പറില്‍ അപാകതയുണ്ടോ, സിലബസിന് പുറത്ത് നിന്ന് ചോദ്യങ്ങള്‍ കടന്നുകൂടിയിട്ടുണ്ടോ എന്നിവയെല്ലാം ഓരോ വിഷയങ്ങള്‍ക്കായി രൂപീകരിക്കുന്ന ബോര്‍ഡ് ചെയര്‍മാന്‍ സാധാരണഗതിയില്‍ പരിശോധിച്ച് ഉറപ്പ് വരുത്താറുണ്ട്. എന്നാല്‍ കണക്ക് പരീക്ഷക്ക് തയാറാക്കിയ ചോദ്യങ്ങള്‍ ബോര്‍ഡ് ചെയര്‍മാന്‍ പരിശോധിച്ചിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. അഞ്ചോ ആറോ വര്‍ഷം മുന്‍പ് വിരമിച്ച അധ്യാപകനെയാണ് ചെയര്‍മാനാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ചോദ്യപേപ്പര്‍ ചോര്‍ച്ചക്ക് പിന്നില്‍ രഹസ്യ അജണ്ടയുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് എന്‍.സി.ഇ.ആര്‍.ടി മാനദണ്ഡപ്രകാരം 12ാം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങള്‍ പരിഷ്‌കരിച്ചിരുന്നു. ഉള്ളടക്കത്തെക്കുറിച്ച് ചെറിയ ആക്ഷേപം പോലും ഉന്നയിക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞിരുന്നില്ല. മുന്‍ ഇടതുസര്‍ക്കാറിന്റെ കാലത്താണ് ‘മതമില്ലാത്ത ജീവനും’ ഗാന്ധിജിക്ക് പകരം പാഠപുസ്തകത്തില്‍ തവളയുടെ ചിത്രം അച്ചടിച്ച സംഭവവുമുണ്ടായത്. ഇതിന്റെ തുടര്‍ച്ചക്കാണ് ഈ സര്‍ക്കാര്‍ ശ്രമിക്കുന്നത്. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് പരിഷ്‌കരിച്ച പാഠപുസ്തകങ്ങളെ ഭാഗങ്ങളാക്കി തിരിക്കാന്‍ നീക്കം നടത്തുന്നത് പാഠഭാഗങ്ങളില്‍ നിന്ന് അവര്‍ക്കിഷ്ടമില്ലാത്തത് ഒഴിവാക്കാനാണ്. രാഷ്ട്രീയവും മതനിഷേധവും പാഠഭാഗങ്ങളില്‍ ഉള്‍പ്പെടുത്താനുള്ള നീക്കമായിട്ടുവേണം ഇതിനെ കാണാനെന്നും അബ്ദുറബ്ബ് പറഞ്ഞു.
ഓരോ പരീക്ഷ കഴിയുംതോറും ചോദ്യപേപ്പര്‍ ചോര്‍ന്നതിന്റെ വിവരങ്ങള്‍ പുറത്തുവരികയാണ്. ഇടത് അധ്യാപക സംഘടനയായ കെ.എസ്.ടി.എ തയാറാക്കിയ മോഡല്‍ ചോദ്യപേപ്പറിലെ ചോദ്യങ്ങള്‍ അതേപോലെ പൊതുപരീക്ഷയിലും ആവര്‍ത്തിക്കുകയായിരുന്നു. ചില ചോദ്യങ്ങള്‍ സിലബസിന് പുറത്ത് നിന്നായിരുന്നു. മലയാളം ചോദ്യപേപ്പറില്‍ ഇംഗ്ലീഷില്‍ ചോദ്യങ്ങള്‍ വരുന്ന സാഹചര്യവുമുണ്ടായി. എല്ലാം കൊണ്ടും തലതിരിഞ്ഞ പരീക്ഷയാണ് നടക്കുന്നത്. ഇതേപോലെയുള്ള അലംഭാവം കേട്ടുകേള്‍വിയില്ലാത്തതാണ്. ഏതു സര്‍ക്കാര്‍ ഭരിക്കുമ്പോഴും ചെറിയ ചെറിയപരാതികള്‍ ഉയരാറുണ്ട്. പക്ഷെ അതൊന്നും ഇതുപോലെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കയിലാക്കുകയുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
- 8 years ago
chandrika
Categories:
Video Stories