ചോദ്യപേപ്പർ ചോർച്ച, ട്രെയിൻ അപകടം; കേന്ദ്രമന്ത്രിമാർക്കെതിരെ വിമർശനവുമായി ധ്രുവ് റാഠി

കേന്ദ്ര മന്ത്രിമാരുടെ ഭരണത്തിലെ അനാസ്ഥ ചൂണ്ടിക്കാണിച്ച് വിമര്‍ശനവുമായി യൂട്യൂബര്‍ ധ്രുവ് റാഠി. തന്റെ എക്‌സ് പോസ്റ്റിലൂടെയാണ് അദ്ദേഹം കേന്ദ്ര മന്ത്രിമാരെ വിമര്‍ശിച്ചത്. ഈ അടുത്ത് നടന്ന സംഭവങ്ങളെ ഉള്‍ക്കൊള്ളിച്ചായിരുന്നു പോസ്റ്റ്. കേന്ദ്ര റെയില്‍വേ മന്ത്രി, വിദ്യാഭ്യാസമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവര്‍ക്കെതിരെയാണ് വിമര്‍ശനം.

രാജ്യത്ത് നടക്കുന്ന അനിഷ്ട സംഭവങ്ങളെ അതാത് സ്ഥാനത്തിരിക്കുന്ന മന്ത്രിമാര്‍ക്ക് തടയാനാകുന്നില്ല എന്നാണ് പോസ്റ്റില്‍ പറയുന്നത്. ‘റെയില്‍വേ മന്ത്രിക്ക് ട്രെയിന്‍ അപകടങ്ങള്‍ തടയാന്‍ കഴിയുന്നില്ല, വിദ്യാഭ്യാസ മന്ത്രിക്ക് പരീക്ഷ പേപ്പര്‍ ചോര്‍ച്ച തടയാന്‍ കഴിയുന്നില്ല, ആഭ്യന്തര മന്ത്രിക്കാകട്ടെ ഭീകരാക്രമണവും തടയാന്‍ കഴിയുന്നില്ല,’ എന്നതാണ് പോസ്റ്റിന്റെ പൂര്‍ണ രൂപം.

അടിക്കടി നടക്കുന്ന ട്രെയിന്‍ അപകടങ്ങളെക്കുറിച്ചുള്ള ചര്‍ച്ച വീണ്ടും ഉയര്‍ന്നത് കാഞ്ചന്‍ജംഗ ട്രെയിന്‍ അപകടം ഉണ്ടായപ്പോഴാണ്. ജൂണ്‍ 17ന് നടന്ന അപകടത്തില്‍ കാഞ്ചന്‍ജംഗ ട്രെയിനും ചരക്ക് തീവണ്ടിയും കൂട്ടിയിടിക്കുകയായിരുന്നു. 11 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഈ അപകടത്തിന്റെ കാരണം റയില്‍വേ വകുപ്പിന്റെ അനാസ്ഥയാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ അപകടത്തെ വിമര്‍ശിച്ചാണ് ധ്രുവ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിതിരെ പ്രതികരിച്ചത്.

നീറ്റ് പരീക്ഷയിലെ ക്രമക്കേട് രാജ്യവ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. നിരവധി വിമര്‍ശങ്ങള്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് നേരെ ഉയര്‍ന്നിരുന്നു. അദ്ദേഹത്തിനുള്ള മറ്റൊരു വിമര്‍ശനമാണ് ഇപ്പോള്‍ ധ്രുവ് റാഠിയില്‍ നിന്നുയര്‍ന്നത്.

ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങള്‍ തടയാന്‍ കഴിയാത്ത ആഭ്യന്തര മന്ത്രി അമിത് ഷായെയാണ് ധ്രുവ് അവസാനമായി വിമര്‍ശിക്കുന്നത്. ജൂണ്‍ 18ന് പോസ്റ്റ് ചെയ്ത കുറിപ്പ് 2 .7 ദശലക്ഷത്തിലധികം ആളുകളാണ് വായിച്ചത്. മൂന്ന് ലക്ഷത്തോളം ആളുകള്‍ പോസ്റ്റില്‍ കമന്റ് ഇട്ടിട്ടുണ്ട്.

webdesk13:
whatsapp
line