X

ക്യൂബയിലെ യു.എസ് നയതന്ത്രജ്ഞരുടെ കേള്‍വി തകര്‍ത്തത് ശബ്ദ ആയുധം?

ക്യൂബന്‍ തലസ്ഥാനമായ ഹവാനയില്‍ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായ കേള്‍വി പ്രശ്‌നങ്ങളുണ്ടായതിനെ ചൊല്ലി ഇരുരാജ്യങ്ങള്‍ക്കിടയില്‍ നയതന്ത്ര തര്‍ക്കം തുടങ്ങി. മനുഷ്യന്റെ ശ്രവണശേഷിക്ക് പുറത്തുള്ള ശബ്ദം പുറപ്പെടുവിക്കുന്ന ഉപകരണത്തിന്റെ സാന്നിദ്ധ്യമാണ് ഇവര്‍ക്ക് കേള്‍വി നഷ്ടപ്പെടാന്‍ കാരണമായതെന്ന് യു.എസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഇതേ തുടര്‍ന്ന് രണ്ട് ക്യൂബന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അമേരിക്ക പുറത്താക്കി. 2016 അവസാനമാണ് ഹവാനയിലെ യു.എസ് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് കേള്‍വിപ്രശ്‌നമുണ്ടായത്.
ശാരീരിക അസ്വാസ്ഥ്യങ്ങള്‍ കാരണം ചില യു.എസ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശന കാലാവധി വെട്ടിച്ചുരുക്കി അമേരിക്കയിലേക്ക് മടങ്ങിയിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് കേള്‍വിനഷ്ടമുണ്ടായത് എന്തുകൊണ്ടാണെന്ന് യു.എസ് അധികാരികള്‍ക്ക് പിടികിട്ടിയിരുന്നില്ല.
വിശദമായ അന്വേഷണത്തിലാണ് കേള്‍ക്കാവുന്ന ശബ്ദ പരിധിക്ക് പുറത്ത് പ്രവര്‍ത്തിക്കുന്ന ഉപകരണമാണ് പ്രശ്‌നക്കാരനെന്ന് കണ്ടെത്തിയത്. ഉദ്യോഗസ്ഥരുടെ താമസസ്ഥലത്തിന് അകത്തോ പുറത്തോ അവ സ്ഥാപിച്ചിരിക്കാമെന്ന് അമേരിക്കന്‍ അന്വേഷണ സംഘത്തിന്റെ നിഗമനം. നയതന്ത്ര ഉദ്യോഗസ്ഥരുടെ താമസകേന്ദ്രങ്ങളുടെ മേല്‍നോട്ടം ക്യൂബന്‍ ഭരണകൂടത്തിനാണ്. യു.എസ് ഉദ്യോഗസ്ഥര്‍ക്ക് ശാരീരിക പ്രശ്‌നങ്ങളുണ്ടാക്കണമെന്ന ലക്ഷ്യത്തോടെ കരുതിക്കൂട്ടിയാണോ ഉപകരണങ്ങള്‍ സ്ഥാപിച്ചതെന്ന് വ്യക്തമല്ല.
വിദേശ നയതന്ത്ര ഉദ്യോഗസ്ഥരെയും അവരുടെ കുടുംബങ്ങളെയും ദ്രോഹിക്കുന്ന ഒരു നടപടിയും തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും അത്തരം നീക്കങ്ങള്‍ അനുവദിക്കില്ലെന്നും ക്യൂബന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വിദേശ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ബന്ധപ്പെട്ട രാജ്യങ്ങള്‍ പ്രത്യേക സംരക്ഷണം നല്‍കണമെന്ന വിയന്ന കണ്‍വെന്‍ഷന്‍ നിര്‍ദേശം കര്‍ശനമായി പാലിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

chandrika: