ന്യൂയോര്‍ക്ക്: ബറാക് ഒബാമയുടെ കാലത്ത് ക്യൂബയുമായുണ്ടാക്കിയ നയതന്ത്ര സൗഹൃദങ്ങളും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുനരാലോചിക്കുന്നു. ക്യൂബയോടുള്ള അമേരിക്കയുടെ വിദേശകാര്യ നയത്തില്‍ സമ്പൂര്‍ണ തിരുത്തലുണ്ടാകുമെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ഷോണ്‍ സ്‌പൈസര്‍ വെളിപ്പെടുത്തി. ചരിത്രപരമായി ശത്രുത നിലനിന്നിരുന്ന ഒരു രാജ്യവുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുമ്പോള്‍ അവരുടെ എല്ലാ വശങ്ങളും കണക്കിലെടുക്കേണ്ടതുണ്ട്.
ക്യൂബയിലെ മനുഷ്യാവകാശ വിഷയങ്ങളും ട്രംപിന്റെ വിദേശനയത്തെ സ്വാധീനിക്കുമെന്ന് സ്‌പൈസര്‍ പറഞ്ഞു. ഒബാമ ഭരണകൂടത്തിന്റെ അവസാന കാലങ്ങളില്‍ ക്യൂബയോടുള്ള നിലപാട് അമേരിക്ക മയപ്പെടുത്തിയിരുന്നു. അതിനു വിപരീതമായി നിലപാട് കര്‍ശനമാക്കാനാണ് ട്രംപിന്റെ തീരുമാനം. അതിന്റെ ഭാഗമായി ക്യൂബക്കെതിരെ പുതിയ വ്യാപാര ഉപരോധങ്ങള്‍ പ്രഖ്യാപിക്കുകയും അടുത്ത കാലത്ത് പുനരാരംഭിച്ച വിമാന സര്‍വീസുകളും റദ്ദാക്കുകയും ചെയ്യും.
ഒബാമയും ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയും പൂര്‍ണ നയതന്ത്ര ബന്ധങ്ങള്‍ പുനസ്ഥാപിച്ചതിനു പുറമെ, രണ്ടു രാജ്യങ്ങളുടെയും തലസ്ഥാനങ്ങളില്‍ എംബസികള്‍ തുറക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ ഒബാമ ക്യൂബയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഒബാമ കെട്ടിപ്പടുത്ത നയതന്ത്ര സൗഹൃദങ്ങളെല്ലാം തച്ചുടക്കാനാണ് ട്രംപിന്റെ നീക്കം.