X

കരിങ്കൽ ഉത്‌പന്നങ്ങളുടെ വിലവർധന നിർമാണ മേഖലയ്ക്ക്‌ തിരിച്ചടി

കോഴിക്കോട്: ക്വാറി-ക്രഷർ മേഖലയുടെ പ്രവർത്തനം ഒമ്പതുദിവസത്തെ സമരത്തിനുശേഷം സാധാരണ നിലയിലേക്ക് തിരിച്ചെത്തുമ്പോഴും സാമഗ്രികളുടെ വിലവർധന നിർമാണമേഖലയ്ക്ക് തിരിച്ചടിയാവുന്നു. കരിങ്കൽ ഉത്‌പന്നങ്ങൾക്കെല്ലാം ക്യുബിക് ഫീറ്റിന് അഞ്ചുരൂപയുടെ വിലവർധന ഉണ്ടായിട്ടുണ്ട്. മേയ് മൂന്നിന് റവന്യൂമന്ത്രിയുമായും വ്യവസായമന്ത്രിയുമായും നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് റോയൽറ്റിക്കും ഫീസുകൾക്കും ആനുപാതികമായി വിലവർധിപ്പിച്ചതെന്ന് ക്വാറി ഉടമകൾ പറഞ്ഞു

മാർച്ച് 31-ന് ഇറക്കിയ ഗസറ്റ് വിജ്ഞാപനത്തിലെ അപാകങ്ങൾ പരിഹരിക്കപ്പെടുകയാണെങ്കിൽ ഇപ്പോൾ വർധിപ്പിച്ച വില കുറയ്ക്കാൻ തങ്ങൾക്ക് കഴിയുമെന്ന് ക്വാറി-ക്രഷർ കോ-ഓർ‍ഡിനേഷൻ കമ്മിറ്റി പ്രതിനിധി എം.കെ. ബാബു പറഞ്ഞു. പട്ടയഭൂമിയിലെ ഖനനം നിയമാനുസൃതമാക്കാൻ നടപടി സ്വീകരിക്കുക, ക്വാറികളുടെ ദൂരപരിധി 50 മീറ്ററായിത്തന്നെ നിലനിർത്തുക, റവന്യൂ ഭൂമിയിലെ ഖനനത്തിന് എൻ.ഒ.സി. നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ക്വാറി-ക്രഷർ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏപ്രിൽ 17 മുതൽ സമരം തുടങ്ങിയത്

ചട്ടഭേദഗതിയിലെ അപാകങ്ങൾ പരിഹരിക്കുമെന്ന മന്ത്രിയുടെ ഉറപ്പിൽ 26-ന് സമരം പിൻവലിച്ചെങ്കിലും ട്രേഡ് യൂണിയൻ സംഘടനകളുടെ പ്രതിഷേധം കാരണം ക്വാറി-ക്രഷർ യൂണിറ്റുകൾ തുറന്നുപ്രവർത്തിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. പല ജില്ലകളിലും സമരം തീർന്നതോടെ വിലവർധനയുണ്ടായി. ഇതിനെതിരേ തൊഴിലാളി സംഘടനകളും യുവജനസംഘടനകളും ഉപരോധമേർപ്പെടുത്തുകയായിരുന്നു

സമരം പിൻവലിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ക്വാറികളും ക്രഷറുകളും തുറന്നു പ്രവർത്തിക്കാത്തത് നിർമാണ മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അമിതമായ വിലവർധന സർക്കാർ അംഗീകരിക്കില്ലെന്ന നിലപാടിൽ വീണ്ടും ക്വാറി ഉടമകളുമായി മന്ത്രിതലത്തിൽ ചർച്ച നടന്നത്. ഉത്‌പന്നങ്ങളുടെ വില അഞ്ചുരൂപയിൽ കൂടുതൽ വർധിപ്പിക്കാൻ പാടില്ലെന്ന തീരുമാനം ആ ചർച്ചയിലാണ് ഉണ്ടായതെന്നും ക്വാറി ഉടമകൾ പറഞ്ഞു. എൽ.എ. പട്ടയ വിഷയമുൾപ്പെടെയുള്ള കാര്യങ്ങൾ പരിഹരിച്ചാൽ വിലക്കയറ്റമില്ലാതെ നിർമാണമേഖലയെ സജീവമാക്കാൻ കഴിയുമെന്ന വിശ്വാസവും അവർ പ്രകടിപ്പിച്ചു

ഓരോഘട്ടത്തിലും ഏർപ്പെടുത്തുന്ന ചട്ടങ്ങളും ഭീമമായ പിഴകളും ഈ വ്യവസായമേഖലയെ തളർത്തുകയാണെന്ന് കോ-ഓർഡിനേഷൻ കമ്മിറ്റിപ്രതിനിധികൾ പറയുന്നു. 630 ക്വാറികളും 1200 ക്രഷർ യൂണിറ്റുകളുമാണ് സംസ്ഥാനത്തുള്ളത്. 2015-ൽ 5964 ക്വാറികൾ പ്രവർത്തിച്ചിടത്താണ് ഇത്രയും ശോഷണം ഉണ്ടായിട്ടുള്ളതെന്നും അവർ പറഞ്ഞു. തൃശ്ശൂർ, എറണാകുളം ജില്ലകളിലായി 130 ക്വാറികൾ പൂട്ടേണ്ടിവന്നു. വയനാട്, കാസർകോട്, പാലക്കാട് തുടങ്ങിയ ജില്ലകളിൽ ഇപ്പോൾ കരിങ്കല്ല് എത്തുന്നത് തമിഴ്നാട്ടിൽ നിന്നും കർണാടകത്തിൽ നിന്നുമാണ്

40 ലക്ഷത്തോളമാളുകൾ ഉപജീവനത്തിന് ആശ്രയിക്കുകയും സർക്കാർ ഖജനാവിലേക്ക് പ്രതിവർഷം അയ്യായിരം കോടിയുടെ വരുമാനം നൽകുകയും ചെയ്യുന്ന ഈ വ്യവസായമേഖല പിടിച്ചുനിൽക്കാൻ പാടുപെടുന്ന അവസ്ഥയിലാണെന്ന് സംസ്ഥാന ക്വാറി-ക്രഷർ കോ-ഓർഡിനേഷൻ ചെയർമാനും മുൻ എം.എൽ.എ.യുമായ എ.എം. യൂസഫ് പറഞ്ഞു. നിലവിലുണ്ടായിരുന്ന വിലയിൽനിന്ന് 12 മുതൽ 15 രൂപവരെ വർധിപ്പിച്ചാൽ മാത്രമേ ബാധ്യതകളിൽനിന്ന് കരകയറാൻ തങ്ങൾക്ക് കഴിയുകയുള്ളൂവെന്നും ക്വാറി ഉടമകൾ പറയുന്നു

webdesk14: