തിരുവനന്തപുരം: സംസ്ഥാനത്തെ ക്വാറി ഉടമകളും ക്രഷര്‍ ഉടമകളും ഇന്ന് മുതല്‍ സമരത്തിന് ഒരുങ്ങുന്നു.
അനിശ്ചിത കാലത്തേക്ക് പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവയ്ക്കാനാണ് ഉടമകളുടെ തീരുമാനം. ക്വാറികളുടെ സെക്യൂരിറ്റി ഫീസും, ഖനനം ചെയ്യുന്ന പാറയ്ക്ക് ഈടാക്കുന്ന റോയല്‍റ്റിയും കുത്തനെ ഉയര്‍ത്തിയതോടെയാണ് ക്വാറി ഉടമകള്‍ സമരത്തിനിറങ്ങുന്നത്. ഇതോടെ, നിര്‍മ്മാണ മേഖല ഇന്ന് മുതല്‍ നിശ്ചലമാകും.
സംസ്ഥാനത്തെ ക്വാറികളില്‍ വെയിറ്റ് ബ്രിഡ്ജ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഓരോ ലോഡിന്റെയും തൂക്കം അറിയുന്നതിന്റെ ഭാഗമായാണ് വെയ്റ്റ് ബ്രിഡ്ജ് സ്ഥാപിക്കുന്നത്. ഇതിനെതിരെയും ഉടമകള്‍ പ്രതിഷേധിക്കുന്നുണ്ട്. വെയിറ്റ് ബ്രിഡ്ജ് സ്ഥാപിക്കുക അസാധ്യമാണെന്നാണ് ക്വാറി ഉടമകളുടെ വാദം.
ക്വാറികളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് ക്വാറി ഉടമകളുടെ വിവിധ സംഘടനകള്‍ നിവേദനം നല്‍കിയിരുന്നു. നിവേദനം നല്‍കിയിട്ടും പരിഹാരമാക്കാത്തതിനെ തുടര്‍ന്നാണ് ഈ മേഖലയിലെ 6 സംഘടനകളുടെ കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി പണിമുടക്ക് പ്രഖ്യാപിച്ചത്.