X

പിണക്കക്കാരന്‍-പ്രതിഛായ

പന്താണ് അവന്റെ ജീവന്‍. അത് മാത്രമാണ് ഭക്ഷണം. അത് കിട്ടിയില്ലെങ്കില്‍ അവന്‍ ക്ഷുഭിതനാവും. പിണങ്ങും. മൈതാനം വിടും. ഇത് ഇപ്പോള്‍ തുടങ്ങിയതല്ല. പണ്ട് മുതലേ ഇതാണ് പ്രശ്‌നം. പണ്ട് സ്‌ക്കൂളില്‍ പഠിക്കുമ്പോള്‍ നിത്യവും സ്‌ക്കൂള്‍ ബാഗിനുളളില്‍ പന്തുമായി പോയതിന് അധ്യാപിക ക്ഷുഭിതയായപ്പോള്‍ ആ അധ്യാപികയോട് കയര്‍ത്ത് സ്‌ക്കൂള്‍ വിട്ടവനായിരുന്നു അവന്‍. ഇപ്പോള്‍ പ്രായം 37 ല്‍ നില്‍ക്കുമ്പോഴും അവന് പന്ത് കിട്ടിയില്ലെങ്കില്‍ കോപം വരും.

കൃസ്റ്റിയാനോ റൊണാള്‍ഡോ എന്ന കാല്‍പ്പന്ത് ഇതിഹാസമായിരുന്നല്ലോ പോയ വാരത്തിലെ കായിക വാര്‍ത്താ താരം. സാധാരണ അദ്ദേഹം വാര്‍ത്തകളില്‍ നിറയാറുള്ളത് ഗോളുകളുടെ പേരിലായിരിക്കും. ഇത്രയും വര്‍ഷത്തെ ഫുട്‌ബോള്‍ മികവില്‍ എത്രയെത്ര ഗോളുകള്‍. രാജ്യാന്തര ഫുട്‌ബോളില്‍ ഗോള്‍ വേട്ടയില്‍ ഒന്നാമന്‍ മറ്റാരുമല്ല. തുടക്കത്തില്‍ പോര്‍ച്ചുഗീസ് ക്ലബായ ലിസ്ബണിന് വേണ്ടി, പിന്നെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ യുറ്റൈഡിന് വേണ്ടി, അതിന് ശേഷം സ്പാനിഷ് ലാലീഗ ക്ലബായ റയല്‍ മാഡ്രിഡിന് വേണ്ടി, അതിനും ശേഷം ഇറ്റാലിയന്‍ സിരിയ എ ക്ലബായ യുവന്തസിനായി, പിന്നെയും യുനൈറ്റഡിനായി-അങ്ങനെ എത്രയെത്ര ഗോളുകള്‍. അതെല്ലാം വലിയ വാര്‍ത്തകളായിരുന്നു.

സി.ആര്‍ എന്ന രണ്ടക്ഷരത്തില്‍ അവന്‍ ലോകം നിറഞ്ഞു. ലോകമെമ്പാടും അവന് ആരാധകരായി. കളിയില്‍ നിന്നും ലഭിക്കുന്ന വരുമാനം വീട്ടിലേക്ക് മാത്രം കൊണ്ട് പോയില്ല. ഫലസ്തീനിലെ പാവപ്പെട്ട കുട്ടികള്‍ക്കും ആഫ്രിക്കയിലെ പട്ടിണി പാവങ്ങള്‍ക്കുമായെല്ലാം നല്‍കി. ലോകത്ത് ജീവിക്കാന്‍ താന്‍ മാത്രമല്ല അര്‍ഹനെന്ന് പലപ്പോഴും വിളിച്ച് പറഞ്ഞു. ഫുട്‌ബോളില്‍ മാത്രമല്ല മാനുഷികതയിലും സി.ആര്‍ മുന്നില്‍ നിന്നതോടെ കായിക വിപണിയില്‍ അദ്ദേഹത്തിന്റെ മൂല്യം കുത്തനെ കൂടി. ഇതെല്ലാം വാര്‍ത്തയായെങ്കില്‍ ഇപ്പോള്‍ അദ്ദേഹത്തിനെതിരെ ചിലര്‍ രംഗത്ത് വരുന്നത് അച്ചടക്ക ലംഘനത്തിന്റെ പേരിലാണ്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ടോട്ടനത്തിനെതിരായ മല്‍സരത്തില്‍ കളിക്കാന്‍ സി.ആറിന് യുനൈറ്റഡ് കോച്ച് അവസരം നല്‍കിയില്ല. അദ്ദേഹം മല്‍സരത്തിലുടനീളം റിസര്‍വ് ബെഞ്ചിലായിരുന്നു. അല്‍പ്പ സമയത്തേക്കെങ്കിലും തന്നെ കോച്ച് രംഗത്തിറക്കുമെന്ന് അയാള്‍ കരുതി. പക്ഷേ ഇഞ്ച്വറി സമയമായിട്ടും മൈതാനത്തിറങ്ങാന്‍ കഴിയാതെ വന്നപ്പോള്‍ അയാള്‍ ആരോടും പറയാതെ മൈതാനം വിട്ടു. ഇത് ഗുരുതരമായ അച്ചടക്ക ലംഘനമായിരുന്നു. നിയമപ്രകാരം ഒരു കളിക്കാരനും കളി പൂര്‍ണമാവാതെ മൈതാനം വിടരുത്. സി.ആര്‍ മൈതാനം വിട്ടത് വലിയ വാര്‍ത്തയായി. അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. ഇന്നലെ യുനൈറ്റഡ് പ്രീമിയര്‍ ലീഗല്‍ ചെല്‍സിക്കെതിരെ കളിച്ചപ്പോള്‍ അദ്ദേഹം മൈതാനത്തേ ഉണ്ടായിരുന്നില്ല. കോച്ച് തന്റെ നയം വ്യക്തമാക്കിയത് അച്ചടക്ക ലംഘനത്തിന്റെ പേരിലാണ്. ഞാനൊരു മാനേജരാണ്. ടീമിന്റെ അച്ചടക്കം എന്റെ ജോലിയാണ്. അതിനാല്‍ നടപടി സ്വീകരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹം ഒരു മല്‍സര വിലക്കിലുടെ അച്ചടക്കം നടപ്പാക്കി. താന്‍ ചെയ്തത് തെറ്റാണെന്ന് സി.ആര്‍ തുറന്ന് പറഞ്ഞു. കളിയില്‍ അച്ചടക്കം പരമ പ്രധാനമാണ്. ഏത് സൂപ്പര്‍ താരമായാലും അച്ചടക്കം പാലിക്കണം. എല്ലാ കളിക്കാര്‍ക്കും എല്ലായ്‌പ്പോഴും 90 മിനുട്ടും കളിക്കാന്‍ അവസരം നല്‍കാനാവില്ല. പരിശീലകന്‍ എന്ന വ്യക്തി പുറത്തിരുന്ന് കാര്യങ്ങള്‍ നിശ്ചയിക്കുമ്പോള്‍ അത് അനുസരിക്കാന്‍ സി.ആര്‍ മാത്രമല്ല എല്ലാവരും ബാധ്യസ്ഥരാണ്. ഖത്തറില്‍ ലോകകപ്പ് വരാനിരിക്കുന്നു. സി.ആറിനെ കാണാന്‍ ആരാധകര്‍ കാത്ത് നില്‍ക്കുമ്പോള്‍ അദ്ദേഹത്തെ പോലെ സീനിയറായ ഒരാള്‍ വിവദങ്ങളില്‍ ചാടരുത്. കാല്‍പ്പന്തിനെ ഇഷ്ടപ്പെടുന്നവര്‍ സി.ആറിനെ ആദരിക്കാന്‍ കാരണം അദ്ദേഹത്തിന്റെ കളി മികവാണ്. മൈതാനത്തിന് പുറത്ത് അനാവശ്യ മികവ് കാട്ടിയാല്‍ നഷ്ടം മറ്റാര്‍ക്കുമായിരിക്കില്ലല്ലോ…

Test User: