ബെയ്ജിങ്: കോവിഡ് സ്ഥിരീകരിച്ച വ്യക്തി താമസിച്ച പ്രദേശത്തുള്ളവര്‍ക്കും സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കുമെല്ലാം ക്വാറന്റീന്‍ നിര്‍ദ്ദേശം നല്‍കി ചൈനീസ് സര്‍ക്കാരിന്റെ പുതിയ നിയമം. ലോഹം കൊണ്ട് നിര്‍മ്മിച്ച ഇരുമ്പുകൂട്ടിലാണ് ഇവരെ പാര്‍പ്പിക്കുന്നത്. ചൈനീസ് സര്‍ക്കാരിന്റെ സീറോ കോവിഡ് നയത്തിന്റെ ഭാഗമായിട്ടാണ് ഭീകരമായ ക്വാറന്റീന്‍ നിയമം നിലവില്‍ വരുത്തിയത്.
കോവിഡ് സ്ഥിരീകരിക്കപ്പെട്ടയാള്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിലെ മുഴുവന്‍ താമസക്കാരും ക്വാറന്റീനില്‍ കഴിയണമെന്നതാണ് പുതിയ നിര്‍ദേശം. രണ്ടാഴ്ചയാണ് ക്വാറന്റീന്‍ കാലാവധി. ക്യാമ്പുകളിലേക്ക് ആളുകളെ എത്തിക്കാന്‍ പ്രത്യേക ബസുകളും തയ്യാറാക്കിയിട്ടുണ്ട്. ക്വാറന്റീനില്‍ കഴിയാന്‍ മടിയുള്ളവരെ ബലമായി ക്യാമ്പിലേക്ക് മാറ്റും.രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ മൊബൈല്‍ ആപ്പുകളും തയ്യാറാക്കിയിട്ടുണ്ട്. ഹൈ റിസ്‌ക് മൊബൈല്‍ കോണ്ടാക്റ്റിലുള്ളവര്‍ താമസിക്കുന്ന കെട്ടിടത്തില്‍ നിന്ന് പുറത്തുപോകാന്‍ അനുവാദമില്ല. പുതിയ കോവിഡ് ചട്ടത്തിന്റെ ഭീകരത തിരിച്ചറിഞ്ഞ ജനങ്ങള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ മടിക്കുകയാണെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത്തരത്തില്‍ രണ്ട് കോടിയോളം ആളുകള്‍ വീടുകളില്‍ തന്നെ കഴിയുകയാണ്. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണമടക്കമുള്ള വസ്തുക്കളുടെ ലഭ്യത കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭക്ഷണസാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങാന്‍ ആളുകള്‍ മടിക്കുകയാണ്. മെറ്റല്‍ ബോക്‌സ് ഉപയോഗിച്ച് തയ്യാറാക്കിയ ഇരുമ്പ് കൂടുകളുടെ ദൃശ്യങ്ങളും ചിത്രങ്ങളും വിവിധ വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടു.