മസ്കറ്റ്: ഒമാൻ ഇന്ത്യൻ സ്കൂൾ ഭരണ സമിതിയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ എട്ടുമണിക്ക് തുടങ്ങിയ വോട്ടെടുപ്പ് വൈകീട്ട് അഞ്ചിനാണ് അവസാനിക്കുക. ഇന്ന് രാത്രി എട്ടുമണിയോടെ വിജയികളെ പ്രഖ്യാപിക്കും. പോളിംഗ് ആരംഭിക്കുന്നതിനു മുമ്പ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും ക്രമീകരണങ്ങളും റിട്ടേണിങ് ഓഫീസർ ബാബു രാജേന്ദ്രൻ പരിശോധിച്ചു ഉറപ്പ് വരുത്തുകയും സ്ഥാനാർത്ഥികൾ, ഏജന്റുമാർ, മാധ്യമ പ്രവർത്തകർ എന്നിവരെ ബോധ്യപ്പെടുത്തുകയും ചെയ്തു.
സജി ഉതുപ്പാൻ, പി.ടി.കെ ഷമീർ , പി.പി.നിതീഷ് കുമാർ , കൃഷ്ണേന്ദു, സിജു തോമസ്, അജയ് രാജ് എന്നീ ആറുമലയാളികളുൾപ്പെടെ 14 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്.മസ്കത്ത് ഇന്ത്യൻ സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് മാത്രമാണ് വോട്ടവകാശമുള്ളത്. 4,963 രക്ഷിതാക്കൾക്കാണ് ഈ വർഷം വോട്ടവകാശമുള്ളത്.
രാവിലെ തന്നെ നിരവധി രക്ഷിതാക്കൾ വോട്ടു ചെയ്യാനായി എത്തിയിരുന്നു.15 അംഗ ഇന്ത്യൻ സ്കൂൾ ഭരണ സമിതിയിലേക്ക് അഞ്ച് അംഗങ്ങളെയാണ് വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുപ്പിൽ വിജയിക്കുന്ന അഞ്ച് പേർക്ക് പുറമെ ഇന്ത്യൻ എംബസി നാമനിർദേശം ചെയ്യുന്ന മൂന്ന് പേരുൾപ്പടെ 15 പേരാണ് ഇന്ത്യൻ സ്കൂൾ ബി.ഒ.ഡി അംഗങ്ങൾ. തെരഞ്ഞെടുപ്പിലൂടെ വിജയിക്കുന്നവരില്‍നിന്നാണ് ചെയര്‍മാനെ തെരഞ്ഞെടുക്കുക. മുൻവർഷത്തെക്കാൾ ഇത്തവണ 60 ശതമാനത്തിലധികംപേർ വോട്ടു ചെയ്യുമെന്നാണ് കരുതുന്നത്.