വടകര വ്യാജ കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഹൈക്കോടതി മുമ്പാകെ വടകര പോലീസ് കേസ് ഡയറി ഹാജരാക്കി. കേസ് ഡയറി ഹാജരാക്കാൻ 29.07.2024 തിയ്യതി ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് നിർദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് വടകര പോലീസ് ഹൈക്കോടതിയിൽ കേസ് ഡയറി ഹാജരാക്കിയത്.
Crime No. 410/2024, Crime No. 411/2024 എന്നീ രണ്ട് കേസുകളിലും വടകര പോലീസ് കേസ് ഡയറി ഹാജരാക്കിയിട്ടുണ്ട്. കേസ് അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും വാട്സാപ്പ് ഗ്രൂപ്പിൽ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച റിബേഷ് രാമകൃഷ്ണൻ എന്നയാളിൽ അന്വേഷണം എത്തി നിൽക്കുകയാണെന്നും പബ്ലിക് പ്രോസിക്യൂട്ടർ ഹൈക്കോടതിയിൽ വാദിച്ചു.
ഹരജിക്കാരനായ പി.കെ മുഹമ്മദ് കാസിമിനെതിരെ പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് 10.06.2024 തിയ്യതി ഹൈക്കോടതിയിൽ ഫയലാക്കിയ റിപ്പോർട്ടിൽ അന്വേഷണ ഉദ്യോഗസ്ഥൻ ബോധിപ്പിച്ച സാഹചര്യത്തിൽ കേസന്വേഷണം ശരിയായ രീതിയിലല്ല മുന്നോട്ട് പോകുന്നത് എന്ന് എങ്ങനെ പറയാൻ സാധിക്കുമെന്ന് ഹർജിക്കാരന്റെ അഭിഭാഷകനോട് ഹൈക്കോടതി ആരാഞ്ഞു. എന്നാൽ താൻ ഈ കേസിൽ ഇരയാണെന്നും തന്റെ പേരിലാണ് വ്യാജ സ്ക്രീൻഷോട്ട് ഉണ്ടാക്കി പ്രചരിപ്പിച്ചിട്ടുള്ളതെന്നും വ്യാജ രേഖ ചമച്ചതിനും അതുപയോഗിച്ച് മതസൗഹാർദം തകർക്കാൻ ശ്രമിച്ചതിനുമുള്ള IPC 153-A, 465, 469 എന്നീ വകുപ്പുകൾ ചേർക്കാത്തത് ഗുരുതര വീഴ്ചയായെന്നും വ്യാജ സ്ക്രീൻഷോട്ട് ഇപ്പോളും ഫേസ്ബുക്കിൽ പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്ന ആളുകളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഹരജിക്കാരന് വേണ്ടി അഡ്വ മുഹമ്മദ് ഷാ മറുപടി നൽകി. കേസ് വിശദമായ വാദം കേൾക്കുന്നതിന് വേണ്ടി സെപ്റ്റംബർ 29ലേക്ക് മാറ്റിവച്ചിട്ടുണ്ട്.