റഷീദ് കൈപ്പുറം
ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മയായ ‘ഇന്ത്യ’യെ ബി.ജെ.പി പേടിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ആറുമാസത്തിലേറെ കാലാവധി ഉണ്ടെങ്കിലും തെരഞ്ഞെടുപ്പ് നേരത്തെ ആക്കാനുള്ള ഒരുക്കത്തിലാണ് അവര്‍. തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ എല്ലാം ബിജെപി നടത്തിക്കഴിഞ്ഞു. അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ്. അതിനൊപ്പം തന്നെ ലോക്‌സഭാ തിരഞ്ഞെടുപ്പും നടത്താനാണ് ബിജെപി ശ്രമിക്കുന്നത്. ഇലക്ഷന്‍ സജ്ജീകരണങ്ങള്‍ അവസാനഘട്ടത്തിലാണ്. ഈ മാസത്തോടെ ബൂത്തുകള്‍ സജ്ജമാക്കണമെന്ന് ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം വന്നുകഴിഞ്ഞു.
ഇലക്ഷന്‍ നേരിടാനുള്ള പരിശീലന പ്രവര്‍ത്തനങ്ങള്‍ നിരവധി ഘട്ടം പിന്നിട്ടു. കേരളത്തില്‍നിന്നുള്ളവര്‍ക്ക് ഡല്‍ഹിയില്‍ വരെ പരിശീലനം കൊടുത്തു.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ രണ്ടുംമൂന്നും ഘട്ടം ഡല്‍ഹിയില്‍ പരിശീലനം പൂര്‍ത്തിയാക്കി. അഞ്ചു സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് കഴിയാന്‍ കാത്തു നിന്നാല്‍ അവിടെനിന്നുള്ള ഫലം ആശാവഹമായിരിക്കില്ല. അത് ദോഷം പ്രതിച്ഛായയാണ് നല്‍കുക എന്നാണ് ബിജെപി വിലയിരുത്തല്‍.
കര്‍ണാടകയില്‍ കോണ്‍ഗ്രസുണ്ടാക്കിയ മുന്നേറ്റം ബിജെപി വിരുദ്ധചേരിയില്‍ ആത്മവിശ്വാസവും, ചില ഘടകകക്ഷികള്‍ ബിജെപി വിരുദ്ധ ചേരിയിലേക്ക് കൂറുമാറാനുള്ള പ്രചോദനവും ആയിട്ടുണ്ട്. എന്‍ഡിഎയെ നേരിടാന്‍ രൂപം കൊണ്ട ‘ഇന്ത്യക്ക്’ ആത്മവിശ്വാസം കൂടി വരികയാണ്. തുടക്കത്തില്‍ 16 കക്ഷികള്‍ ഉണ്ടായിരുന്ന ‘ഇന്ത്യ’ 28 കക്ഷികളുടെ മഹാപ്രസ്ഥാനമായി മാറിക്കഴിഞ്ഞു.
മുംബൈയില്‍ ആരംഭിച്ച ഇന്ത്യയുടെ മൂന്നാമത്തെ യോഗം വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. ‘ഇന്ത്യ’ വലിയ മുന്നേറ്റം നടത്തുമെന്ന് തന്നെയാണ് വിലയിരുത്തുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ നീക്കം വലിയ വിജയം തരും. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ‘ഇന്ത്യ’യുടെ കരുത്ത് വര്‍ദ്ധിക്കുകയാണ്. എല്ലാ കാലത്തും കോണ്‍ഗ്രസ് വിരുദ്ധത ഉര്‍ത്താറുള്ള സിപിഎം ദേശീയ തലത്തില്‍ ശക്തമല്ല എങ്കിലും കോണ്‍ഗ്രസിനോട് ചേര്‍ന്ന് നില്‍ക്കാന്‍ തന്നെയാണ് ആഗ്രഹിക്കുന്നത്. അല്ലാത്തൊരു മാര്‍ഗ്ഗം ആത്മഹത്യാപരമാണെന്ന് അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. സിപിഐഎം നിലപാട് പ്രശംസനീയം തന്നെ.
ഡിസംബറില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുമെന്ന് തന്നെയാണ് ഏകദേശം അറിവ്. രാജ്യത്തെ സ്വകാര്യ ഹെലികോപ്റ്ററുകള്‍ എല്ലാം ബിജെപി ബുക്ക് ചെയ്തു കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണം കളര്‍ ആക്കല്‍ തന്നെയാണ് ലക്ഷ്യം. ചില പ്രമുഖ സിനിമാതാരങ്ങളുമായി രഹസ്യ ചര്‍ച്ചകളും നടന്നിട്ടുണ്ട്. തെരഞ്ഞെടുപ്പിന് താരപരിവേശം നല്‍കി ചോര്‍ന്നു പോകുന്ന കരുത്ത് വീണ്ടെടുക്കാന്‍ തന്നെയാണ് ബി ജെ പി നീക്കം.
പാചകവാതക വില സിലിണ്ടര്‍ ഒന്നിന് 200 രൂപ കുറച്ചത് തിരഞ്ഞെടുപ്പ് സ്റ്റണ്ട് തന്നെയാണ്. ഞങ്ങള്‍ മൂന്നാമത് യോഗം ചേരാന്‍ തീരുമാനിച്ചപ്പോഴേക്കും പാചകവില കുറച്ചു എന്നാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി പറഞ്ഞത്. ‘ഇന്ത്യ’യുടെ വിജയമാണൊണ് മമത അവകാശപ്പെട്ടത്. പാചകവാതക വിലകുറച്ചത് രക്ഷാബന്ധന്‍ സമ്മാനമാണെന്നാണ് മോദി പറഞ്ഞത്. എന്നാല്‍ വകുപ്പുമന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞത് ഓണസമ്മാനം കൂടിയാണെന്നാണ്. എത്രയോ ഓണവും രക്ഷാബന്ധനവും കഴിഞ്ഞുപോയി. ഇന്നത്തേക്കാള്‍ ഒരുപാട് അനകൂല സാഹചര്യവും പാചകവില കുറക്കാനുണ്ടായിരുന്നു. അന്നൊന്നുമില്ലാത്ത സ്‌നേഹപ്രകടനം തെരഞ്ഞെടുപ്പ് ഗിമ്മിക്ക് കന്നെയാണെന്ന് ആര്‍ക്കാണ് മനസ്സിലാകാത്തത്.
പെട്രോളിയം വസ്തുക്കളുടെ വില വന്‍തോതില്‍ ഇടിഞ്ഞിട്ടുണ്ട് . നേരത്തെ പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് അറബ് രാജ്യങ്ങളെയാണ് ഇന്ത്യ ആശ്രയിച്ചിരുന്നത്. ഇപ്പോള്‍ റഷ്യയില്‍ നിന്നും വിലക്കുറവോടെ ലഭിക്കുന്നു. എന്നിട്ടും വിലകുറക്കാതെ നിന്നവര്‍ തിരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിയപ്പോള്‍ നടത്തുന്ന കാട്ടിക്കൂട്ടലുകള്‍ ‘ഇന്ത്യ’യുയര്‍ത്തുന്ന ഭീഷണി തടയാന്‍ തന്നെയാണ്.
ജി 20 ഉച്ചകോടി ഡല്‍ഹിയില്‍ നടക്കാന്‍ പോവുകയാണ്. ഇതിനിടെയാണ് ചൈന ഇന്ത്യന്‍ ഭാഗങ്ങള്‍ തുരന്നു കൊണ്ടിരിക്കുന്നത് . അരുണാചലിന്റെയും ലഡാക്കിന്റെയും ഭാഗങ്ങള്‍ വറുതിയിലാക്കി കൊണ്ടിരിക്കുന്നു. ഈയിടെ ചൈന ഭൂപടം പരിഷ്‌കരിച്ചപ്പോള്‍ ഇന്ത്യയുടെ ഭാഗങ്ങള്‍ ചേര്‍ത്തിരിക്കുന്നു. ഇതിനെതിരെ ‘ഇന്ത്യ’യുടെ നേതാവ് രാഹുല്‍ ഗാന്ധി പ്രതിഷേധമുന്നയിച്ചപ്പോള്‍ പരിഹസിക്കുകയാണ് മോഡിയും കൂട്ടരും ചെയ്തത്. ചൈന ഭൂപടം പരിഷ്‌കരിച്ചപ്പോള്‍ മോഡി മൗനം പാലിക്കുകയാണ്. ഇന്ത്യയെ കവരാന്‍ കൂട്ടുനില്‍ക്കുകയാണ് .ഇത് രാജ്യദ്രോഹികളുടെ റോളാണ്.
തെരഞ്ഞെടുപ്പ് വരെ മൗനം പാലിക്കലാണ് അഭികാമ്യം എന്ന് മോഡി ധരിച്ചിട്ടുണ്ടാകും. എന്നാല്‍ ‘ഇന്ത്യ’ വിടില്ല. രാജ്യഭൂമി തുരക്കാന്‍ അതിര്‍ത്തി രാജ്യങ്ങളെ അനുവദിക്കില്ല. രാജ്യത്ത് വലിയ പ്രക്ഷോഭം ഉയര്‍ന്നുവരും. ചൈനയുടെ കടന്നു കയറ്റം ഗുരുതരമായ വിഷയമാണ്. പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന രാഹുലിന്റെ ആവശ്യത്തെ ചോദ്യം ചെയ്യുകയാണ് മോഡി ചെയ്തത്. ഇന്ത്യയുടെ ഭൂമി നഷ്ടപ്പെട്ടിട്ടില്ല എന്നാണ് പ്രധാനമന്ത്രി വാദം. രാഹുല്‍ പറയുന്നത് പച്ചക്കള്ളമാണെന്നാണ് മോഡി വിശേഷിപ്പിച്ചത്. പതിനഞ്ച് ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ ആറിടങ്ങളിലായി ബങ്കര്‍ നിര്‍മാണം തുടങ്ങിയിട്ടുണ്ട് എന്നാണ് സാറ്റലൈറ്റ് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. ഇവിടങ്ങളില്‍ ചൈന ഭൂഗര്‍ഭ സംവിധാനങ്ങള്‍ ഒരുക്കുകയാണ് .എത്ര ദ്രുതഗതിയിലാണ് കാര്യങ്ങള്‍ നടക്കുന്നതെന്ന് മോഡി സര്‍ക്കാര്‍ മനസ്സിലാക്കുന്നില്ല. ഇന്ത്യ ആരൊക്കെ തുരന്നാലും തെരഞ്ഞെടുപ്പ് കഴിയുംവരെ മൗനം പാലിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കം ഇന്ത്യക്ക് ചരിത്രത്തില്‍ ഇല്ലാത്ത വിധം വലിയ നഷ്ടങ്ങള്‍ വരുത്തും. ശത്രുരാജ്യങ്ങള്‍ക്കെതിരെ മുന്‍ പ്രധാനമന്ത്രിമാര്‍ സ്വീകരിച്ച നിലപാടുകള്‍ പാഠമാക്കണം.
മണിപ്പൂരിലെ കലാപങ്ങളില്‍ ബിജെപി സ്വീകരിച്ച മൗനം തന്നെയാണ് മുസഫര്‍ നഗറില്‍ വിദ്യാര്‍ത്ഥിക്ക് നേരെ നടന്ന അതിക്രമത്തിലുംസ്വീകരിച്ചത്. ബിജെപിയുടെ മൗനത്തിന് വലിയ രാഷ്ട്രീയ മാനം ഉണ്ട്. മുസഫര്‍നഗര്‍ മുസ്ലിം ഹിന്ദു സമുദായങ്ങള്‍ ഒരുമിച്ച് ജീവിക്കുന്ന പ്രദേശമാണ്. അവിടുത്തെ മുസ്ലീങ്ങളും ബിജെപിക്കനുകൂലമായി കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ വോട്ടുകള്‍ ചെയ്തവരാണ്. അവിടുത്തെ സമാധാനം തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അധ്യാപികയുടെ അവഹേളനത്തിന് ഇരയായ കുട്ടിയുടെ കുടുംബം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി വോട്ട് ചെയ്തവരാണെന്ന് സമ്മതിച്ചു കഴിഞ്ഞു. അതും ബിജെപി കേള്‍ക്കുന്നില്ല. എങ്ങനെ പ്രസ്തുത സംഭവം ബിജെപിക്ക് അനുകൂലമാക്കാം എന്നതിനെ കുറിച്ചുള്ള ഗൂഢാലോചനകളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഒരു വിഭാഗത്തെ പേടിപ്പിച്ച് നിര്‍ത്തുമ്പോള്‍ മറ്റൊരു വിഭാഗത്തെ സ്‌നേഹിച്ചുനിര്‍ത്തുന്നു. അതിനുള്ള അവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്.
ലാഭവും നഷ്ടവരും തുല്യമായി നില്‍ക്കുമ്പോള്‍ രണ്ടിന്റെയും ഗുണം ഒരുപോലെ പറ്റുകയാണ് സംഘ്പരിവാര്‍. ബിജെപിയുടെ വെറുപ്പിന്റെ രാഷ്ട്രീയമാണ് വിജയിക്കുന്നത്. അതിന് തടയിടാന്‍ ഇന്ത്യക്ക് കഴിയുമെന്ന് വന്നതോടെ ബിജെപി വെപ്രാളത്തിലാണ്. ഒമ്പത് കൊല്ലമായി ജനങ്ങള്‍ക്ക് ഒരാനുകൂല്യവും നല്‍കാത്തവര്‍ പാചകവാതകവിലകുറച്ച് കൃത്രിമ ജനകീയതക്ക് ശ്രമിക്കുകയാണ്. പ്രതിപക്ഷ ‘ഇന്ത്യ നിവര്‍ന്നുനിന്നപ്പോള്‍ തകര്‍ന്നുപോകുന്ന ബിജെപി വരും നാളുകളില്‍ വെപ്രാളപ്പെട്ട് എന്തൊക്കെ ചെയ്യുമെന്ന് കണ്ടറിയണം.