X

ഖത്തറില്‍ കെട്ടിടം തകര്‍ന്ന് ഇതേവരെ മരിച്ചത് 3 ഇന്ത്യക്കാര്‍; അവശിഷ്ടങ്ങള്‍ക്കിടയില്‍ മലയാളി കലാകാരന്‍ ഫൈസല്‍ കുപ്പായിയുടെ മൃതദേഹവും കണ്ടെത്തി

അശ്‌റഫ് തൂണേരി/ദോഹ:

ഖത്തറിലെ അല്‍ മന്‍സൂറ, ബിന്‍ദിര്‍ഹം ഏരിയയില്‍ കഴിഞ്ഞ ദിവസമുണ്ടായ കെട്ടിട അപകടത്തില്‍ 3 ഇന്ത്യക്കാര്‍ മരിച്ചതായി സ്ഥിരീകരിച്ചു. ഖത്തറിലെ അറിയപ്പെടുന്ന ചിത്രകാരനും പാട്ടുകാരനുമായ മലപ്പുറം, നിലമ്പൂര്‍, ചന്ദക്കുന്ന് സ്വദേശി ഫൈസല്‍ കുപ്പായി(49)യുടെ മൃതദേഹവും തിരച്ചിലിനിടെ കണ്ടെത്തി. ഈ കെട്ടിടത്തില്‍ താമസിച്ചിരുന്ന ഫൈസലിനെ കാണാതായതിനെത്തുടര്‍ന്ന് ആശുപത്രിയിലും മോര്‍ച്ചറിയിലും ബന്ധുക്കളും സുഹൃത്തുക്കളും കയറിയിറങ്ങി അന്വേഷിച്ചിരുന്നുവെങ്കിലും ഇന്ന് വൈകീട്ടോടെയാണ് മൃതദേഹം കണ്ടെത്തിയ വിവരമറിഞ്ഞത്. മറ്റു രണ്ടുപേര്‍ ഇന്ത്യയിലെ ജാര്‍ഖണ്ഡില്‍ നിന്നുള്ള ആരിഫ് അസീസ് മുഹമ്മദ് ഹസ്സന്‍ (26), ആന്ധ്രാപ്രദേശിലെ ചിരാന്‍പള്ളി സ്വദേശി ശൈഖ് അബ്ദുല്‍നബി ശൈഖ് ഹുസൈന്‍ (61) എന്നിവരാണെന്ന് തിരിച്ചറിഞ്ഞു. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് ഇവരുടെയെല്ലാം മൃതദേഹങ്ങള്‍ ലഭിച്ചത്. മരണം സ്ഥിരീകരിച്ചതായി ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചു. ഇനിയും മലയാളികളുള്‍പ്പെടെ ഇന്ത്യക്കാര്‍ അപകടത്തില്‍ പെട്ടതായി സംശയിക്കുന്നുണ്ട്.

നിലമ്പൂരിലെ അബ്ദുസ്സമദിന്റേയും ഖദീജയുടേയും മകനാണ് ഫൈസല്‍. റബീനയാണ് ഭാര്യ. മക്കള്‍: റന, നദയ, മുഹമ്മദ് ഫാബിന്‍. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുകയാണെന്ന് ഖത്തര്‍ കെ.എം.സി.സി അല്‍ഇഹ്സാന്‍ മയ്യിത്ത് പരിപാലന സമിതി അറിയിച്ചു. പത്തുവര്‍ഷത്തോളം ജിദ്ദയില്‍ പ്രവാസിയായിരുന്ന ഫൈസല്‍ നാലുവര്‍ഷം മുമ്പാണ് ദോഹയിലെത്തിയത്. ദോഹയിലെ നിരവധി സാംസ്‌കാരിക പരിപാടികളില്‍ നിറസാന്നിധ്യമായിരുന്നു ഫൈസല്‍. ഈയ്യിടെ നടന്ന വിവിധ ഗാനവിരുന്നുകളിലും പങ്കെടുത്തിരുന്ന ഫൈസല്‍ തുര്‍ക്കി ഭൂകമ്പ സന്ദര്‍ഭത്തില്‍ വരച്ച ചിത്രങ്ങളും ശ്രദ്ധേയമായിരുന്നു.

ബി- റിംഗ് റോഡ് ലുലു എക്‌സ്പ്രസിന് പിന്‍വശമുള്ള പഴകിയ കെട്ടിടമാണ് ബുധനാഴ്ച രാവിലെ എട്ടരയോടെ തകര്‍ന്നുവീണത്. കുറച്ചു പഴക്കമുള്ള കെട്ടിടം മറ്റൊരു കെട്ടിടത്തിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. അപകടത്തില്‍ ഏഴോളം പേര്‍ക്ക് പരിക്കുപറ്റിയതായാണ് ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചിരുന്നത്. പിന്നീട് 2 സ്ത്രീകളെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ജീവനോടെ രക്ഷിക്കുകയുണ്ടായി. ഇവര്‍ ചികിത്സയിലാണ്. കെട്ടിടത്തില്‍ താമസിച്ചിരുന്ന 12 കുടുബംഗങ്ങളെ സുരക്ഷിതമായി ഒരു ഹോട്ടലിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. അപകടം നടന്നയുടന്‍ ഖത്തര്‍ ആഭ്യന്തരമന്ത്രാലയം സിവില്‍ ഡിഫന്‍സ് ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുമായി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

webdesk15: