X

ലോകകപ്പ് ഖത്തറില്‍; കേരളത്തില്‍ മുട്ട ക്ഷാമം

ഖത്തറില്‍ ലോകകപ്പ് പ്രമാണിച്ച് ഗള്‍ഫില്‍ നിന്ന് മുട്ടയ്ക്ക് വന്‍തോതില്‍ ഓര്‍ഡര്‍ ലഭിച്ചതോടെ കേരളത്തില്‍ കോഴിമുട്ടയ്ക്ക് വലിയ തോതില്‍ ക്ഷാമം നേരിടുകയാണ്. അങ്കണവാടികളിലെ കുട്ടികള്‍ക്ക് കോഴിമുട്ട നല്‍കാന്‍ കഴിയാത്ത അവസ്ഥയാണിപ്പോള്‍. സാധാരണഗതിയില്‍ ആഴ്ചയില്‍ രണ്ടുതവണ മുട്ടയും പാലും നല്‍കാറുണ്ടെങ്കിലും, മുട്ട ലഭിക്കാത്തതും വില ഉയര്‍ന്നതുമായ ഈ സാഹചര്യത്തില്‍ പാല്‍ മാത്രമാണ് നല്‍കുന്നത്.

തമിഴ്‌നാട്ടിലെ വ്യാപാരികള്‍ക്ക് ഖത്തറില്‍ നിന്ന് അഞ്ചു കോടി മുട്ടയ്ക്കാണ് ഓര്‍ഡര്‍ ലഭിച്ചത് നാമക്കല്‍ പല്ലടം സേലം എന്നിവിടങ്ങളിലാണ് കൂടുതല്‍ മുട്ട ഉല്‍പ്പാദിപ്പിക്കുന്നത്. ഒരു ദിവസം കേരളത്തില്‍ 25 ലക്ഷത്തോളം മുട്ട ആവശ്യമാണ് എന്നാണ് കണക്ക്. എന്നാല്‍ ഇനി ക്രിസ്മസ് കാലം കൂടി എത്തുന്നതോടെ മുട്ടയ്ക്ക് ഇനിയും വില കൂടാന്‍ സാധ്യതയുണ്ടെന്ന് വ്യാപാരികള്‍ പറഞ്ഞു. മൊത്ത വിപണിയില്‍ ഒരു കോഴിമുട്ടയ്ക്ക് 30 പൈസ വര്‍ദ്ധിച്ച് 5.90 രൂപയായി വില ഉയര്‍ന്നിട്ടുണ്ട്. ചില്ലറ വിപണിയില്‍ 6.50 വരെ ഈടാക്കുന്നുണ്ട്.

കോഴിമുട്ടയ്ക്ക് പെട്ടെന്ന് ഡിമാന്‍ഡ് കൂടിയെങ്കിലും ആവശ്യത്തിന് മുട്ടകള്‍ ഉത്പാദിപ്പിക്കാന്‍ കഴിയാത്തത് വിലവിവരാന്‍ കാരണമായിട്ടുണ്ട്. കുട്ടനാട്ടില്‍ പക്ഷിപ്പനി ബാധിച്ച് താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കിയതും താറാവ് മുട്ടയുടെ ലഭ്യത കുറയുവാന്‍ കാരണമായി.

ഒമാന്‍ കുവൈറ്റ് ബഹറിന്‍ ഖത്തര്‍ ഉള്‍പ്പെടെ 11 ഗള്‍ഫ് രാജ്യങ്ങളിലേക്കും ആഫ്രിക്ക അഫ്ഗാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും തമിഴ്‌നാട്ടില്‍ നിന്ന് മുട്ട കയറ്റി അയക്കാറുണ്ട്.

 

Test User: