വലിപ്പത്തില്‍ ലോക ഭൂപഠത്തില്‍ 164 ല്‍ നില്‍ക്കുന്ന ഒരു കൊച്ചു രാജ്യം. പക്ഷേ ആഗോള കായിക ജനതയെ ഒന്നടങ്കം ഉള്‍ക്കൊണ്ട് ഖത്തര്‍ വിസ്മയത്തിന്റെ വലിയ വാതായനമാണ് തുറന്നിരിക്കുന്നത്. ഫിഫ ലോകകപ്പിന്റെ ഇരുപത്തിരണ്ടാമത് അധ്യായം ദോഹയിലെ ലുസൈലില്‍ ലിയോ മെസി നയിച്ച അര്‍ജന്റീനയുടെ ചരിത്ര വിജയത്തില്‍ കലാശിച്ചപ്പോള്‍ ലോകം ഖത്തറിനായി കൈയ്യടിക്കുകയാണ്. എട്ട് സ്റ്റേഡിയങ്ങളിലായി 29 ദിവസങ്ങളിലുടെ 64 മല്‍സരങ്ങള്‍. ഒരു പരാതിയും എവിടെയും കേട്ടില്ല. ഒന്നര ദശലക്ഷത്തോളം സഞ്ചാരികളെ ഉള്‍ക്കൊണ്ട് എല്ലാവര്‍ക്കും എല്ലാ സൗകര്യങ്ങളും ഒരുക്കിയ ലോകകപ്പ്. മാനവികതയുടെ മഹിതമായ സന്ദേശമാണ് ലോകകപ്പിലൂടെ ഖത്തര്‍ സമ്മാനിച്ചത്. നവംബര്‍ 20 ലെ ഉദ്ഘാടന ചടങ്ങില്‍ ഖുര്‍ആനെ ഉദ്ധരിച്ച് ലോകത്തോട് സകലചരാചരങ്ങളും ഒന്നാണെന്ന വിശ്വമുദ്രാവാക്യം ഉയര്‍ത്തിയ രാജ്യം സമാപനചടങ്ങിലും അതുതന്നെ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു.
പടിഞ്ഞാറന്‍ രാജ്യങ്ങളുടെ പരാതികളേക്കാള്‍ ഇസ്‌ലാമിക രാജ്യമെന്ന നിലയില്‍ സ്വന്തം വിശ്വാസം ഉയര്‍ത്തിപ്പിടിച്ച് കര്‍ക്കശമായ മദ്യനിയന്ത്രണം പ്രഖ്യാപിച്ചു. ലോകത്തെ ഖത്തറിലേക്ക് ക്ഷണിച്ചപ്പോഴും സ്വന്തം വിശ്വാസങ്ങളെയും നിലപാടുകളെയും ഉയര്‍ത്തുക മാത്രമല്ല എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള വിശാല മനസ്‌ക്കതയില്‍ ഒന്നും അടിച്ചേല്‍പ്പിച്ചില്ല. അറബ് ഐക്യപാതയില്‍ രാഷ്ട്ര നയതന്ത്രത്തിന്റെ സമാധാനരൂപം അവര്‍ തെളിയിച്ചു. ലോകകപ്പിന്റെ ആദ്യഘട്ടത്തില്‍ സഊദി അറേബ്യ കരുത്തരായ അര്‍ജന്റീനയെ തോല്‍പ്പിച്ചപ്പോള്‍ ആ രാജ്യത്തിന്റെ പതാക ഉയര്‍ത്തി ഖത്തര്‍ അമീര്‍ ഷൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അറബ് ലോകത്തിന്റെ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത് വലിയ സൂചനയായി. മൊറോക്കോ എന്ന ആഫ്രിക്കന്‍ അറബ് രാജ്യം ലോകകപ്പിന്റെ സെമി ഫൈനല്‍ വരെയെത്തിയപ്പോള്‍ അന്നാട്ടിലെ കളികമ്പക്കാര്‍ക്ക് ടീമിന്റെ മല്‍സരങ്ങള്‍ കാണാന്‍ പോലും അവസരമൊരുക്കി.
കളിമുറ്റങ്ങള്‍ ഒരുക്കിയും ഖത്തര്‍ വിസ്മയിപ്പിച്ചു. എല്ലാ വേദികളും ഒന്നിനൊന്ന് മെച്ചമായിരുന്നു. ഫിഫയുടെ ടെക്‌നിക്കല്‍ കമ്മിറ്റി തന്നെ അതിന് നല്ല മാര്‍ക്ക് നല്‍കി. മുന്‍കാല താരങ്ങളും മൈതാനങ്ങളും സാങ്കേതിക സംവിധാനങ്ങളും കണ്ട് മാര്‍ക്കിട്ടു. ഇനി കളിയിലേക്ക് വന്നാലോ ഒരിക്കലും മറക്കാനാവാത്ത ഫൈനല്‍. അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലുള്ള അവസാന മല്‍സരം നല്‍കിയ ആവേശം ഒരു കാലത്തും മറക്കില്ല. കാലത്തിന്റെ കാവ്യനീതി പോലെ ലിയോ മെസി കപ്പ് ഉയര്‍ത്തി. അദ്ദേഹം തന്നെ മികച്ച താരമായി. എത്ര മനോഹരമായാണ് അദ്ദേഹം കളിച്ചത്. അനിതരസാധാരണമായ വ്യക്തി പ്രഭാവം. നാല് കളികളില്‍ പ്ലെയര്‍ ഓഫ് ദ മാച്ച്. എട്ട് ഗോളുകള്‍. മെസിയോളം കരുത്തനായി കിലിയന്‍ എംബാപ്പേ. നാളെയുടെ താരം മറ്റാരുമല്ല. ഫൈനലില്‍ അദ്ദേഹം നേടിയത് രണ്ട് പെനാല്‍ട്ടി ഉള്‍പ്പെടെ മൂന്ന് ഗോളുകള്‍. വിംഗിലൂടെ കുതിച്ച് പായുന്ന അദ്ദേഹത്തിനെ മറക്കാനാവില്ല. ഫ്രാന്‍സ് രണ്ടാം സ്ഥാനം നേടിയപ്പോള്‍ സ്ഥിരതയാര്‍ന്ന ഫുട്‌ബോളുമായി ക്രൊയേഷ്യ മൂന്നാം സ്ഥാനം നേടി. പക്ഷേ ഖത്തറിലെ ടീം മൊറോക്കോയായിരുന്നു. അപാരമായ ആത്മവിശ്വാസം പ്രകടിപ്പിച്ച ടീം. അഷറഫ് ഹക്കീമി എന്ന താരം കളിക്ക് ശേഷം മാതാവിനെ ആശ്ലേഷിച്ച മുഹുര്‍ത്തം ഖത്തറിന്റെ അടയാളമായി. അങ്ങനെ എത്രയോ അടയാളങ്ങള്‍.
ലോകത്തിന് പുതിയ അനുഭവമാണ് ഖത്തര്‍ സമ്മാനിച്ചത്. സ്‌നേഹവും പരസ്പര വിശ്വാസവും മറ്റുള്ളവരെ ബഹുമാനിക്കേണ്ടതെങ്ങനെയെന്നും ഈ കൊച്ചു രാജ്യം പഠിപ്പിച്ചു. കളി കാണാനെത്തിയ പലര്‍ക്കും ഖത്തറിലെ അനുഭവങ്ങള്‍ ആദ്യത്തേതായിരുന്നു. പലരും അത് വ്യക്തമാക്കുകയും ചെയ്തു. പശ്ചാത്യ മാധ്യങ്ങള്‍ പരത്തിയ വിദ്വേഷത്തിന് സ്‌നേഹത്തിലൂടെയാണ് ഖത്തര്‍ മറുപടി നല്‍കിയത്. സമ്മാന ദാനത്തിനിടയില്‍ അര്‍ജന്റീനയുടെ മെസ്സിയെ ഖത്തറിന്റെ രാജകീയ മേല്‍കുപ്പായം അണിയിച്ചതിലൂടെ ബഹുമാനത്തിന്റെ മറ്റൊരു ശാഖകൂടി തുറന്നുകാട്ടി. ഇസ് ലാമിക അടയാളങ്ങളും ചിഹ്നങ്ങളും ലോകത്തിനു മു ന്നില്‍ അവതരിപ്പിക്കാനായി എന്നതു തന്നെയാണ് ഈ ലോകകപ്പിലൂടെ ഖത്തര്‍ നേടിയ വലിയ കാര്യം എന്ന് പറയാതെ വയ്യ. ലോകകപ്പിന്റെ വന്‍ വിജയത്തിന് അടിസ്ഥാന കാരണം ഖത്തര്‍ ഭരണകൂടമാണ്. അമീര്‍ തമിം ബിന്‍ഹമദ് അല്‍താനി എല്ലായിടത്തുമുണ്ടായിരുന്നു. പിതാവ് അമീര്‍ ഷൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയാണ് ലോകകപ്പ് നീക്കത്തിന് തുടക്കമിട്ടത്. രാജ്യം ഒറ്റകെട്ടായി അതിനൊപ്പം നിന്നു. ലോകത്തെ വിസ്മയിപ്പിച്ചുള്ള ലോകകപ്പിന് ശേഷം ഒളിംപിക്‌സ് ഉള്‍പ്പെടെയുള്ള വലിയ മേളകളാണ് രാജ്യത്തെ കാത്തിരിക്കുന്നത്. കായിക സ്പിരിറ്റ് ഉള്‍ക്കൊള്ളുന്ന ഭരണകൂടത്തിന് എല്ലാ നന്മകളും.