യുഎഇയുടെ വഴിയെ ഖത്തറിനെ കൂടി കൊണ്ടുവരാനുള്ള അമേരിക്കയുടെ ശ്രമത്തിന് തിരിച്ചടി. കിഴക്കന്‍ ജറുസലേം തലസ്ഥനമായി സ്വതന്ത്ര പലസ്തീന്‍ രാജ്യം അംഗീകരിക്കാതെ ഇസ്രായേലുമായി ധാരണയിലെത്താന്‍ കഴിയില്ലെന്ന് ഖത്തര്‍ അമീര്‍ ഷെയ്ക്ക് തമീം ബിന്‍ ഹമദ് അല്‍ താനി വൈറ്റ് ഹൗസ് ഉപദേഷ്ടാവ് ജെറാഡ് കുഷ്‌നറെ അറിയിച്ചു. പശ്ചമിഷ്യേയില്‍ ഇസ്രായേലിന് കൂടുതല്‍ സുഹൃദ് രാഷ്ട്രമുണ്ടാക്കാനുള്ള ദൗത്യവുമായി ദോഹയില്‍ എത്തിയതായിരുന്നു കുഷ്‌നര്‍. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകന്‍ കൂടിയാണ് കുഷ്‌നര്‍.
ഈജിപ്തിനും ജോര്‍ദാനും ശേഷം ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്ന അറബ് രാജ്യമായിരുന്നു യുഎഇ. ഗള്‍ഫ് മേഖലയില്‍നിന്ന് സഹകരണത്തിന് തയ്യാറായ ആദ്യ രാജ്യവും. മറ്റൊരു അറബ് രാജ്യം കൂടി ഇസ്രായേലുമായി വൈകാതെ ബന്ധം സ്ഥാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കുഷ്‌നര്‍ പറഞ്ഞിരുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ സന്ദര്‍ശത്തിന് എത്തിയ കുഷ്‌നര്‍ ആദ്യം യുഎഇ സന്ദര്‍ശിച്ചിരുന്നു.
ബഹറൈന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളുമായും കുഷ്‌നര്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.അറബ് രാജ്യങ്ങള്‍ 2002ല്‍ ഉണ്ടാക്കിയ കരാറില്‍ തങ്ങള്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നതായി ഖത്തര്‍ അമീര്‍ ട്രംപിന്റെ ഉപദേശകനെ അറിയിച്ചു. കിഴക്കന്‍ ജറുസലേം ആസ്ഥാനമായി പലസ്തീന്‍ രാജ്യത്തിന് ഔദ്യോഗിക അംഗീകാരം നല്‍കിയാല്‍ മാത്രമേ ഇസ്രായേലുമായി സാധാരണ നയതന്ത്ര ബന്ധം സ്വീകരിക്കേണ്ടതുള്ളു എന്നായിരുന്നു അന്നത്തെ നിലപാട്.
അതേസമയം യുഎഇയിലേക്ക് വരുന്നതും യുഎഇയില്‍ നിന്ന് പുറത്തേക്ക് പോകുന്നതുമായ എല്ലാ യാത്രാവിമാനങ്ങള്‍ക്കും തങ്ങളുടെ വ്യോമപാത ഉപയോഗിക്കാമെന്ന് സഊദി അറേബ്യ യുഎഇയെ അറിയിച്ചു. യുഎഇ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സഊദി അനുവദിച്ചു നല്‍കുകയായിരുന്നു.
ഇസ്രയേല്‍ യുഎഇ നയതന്ത്ര ബന്ധങ്ങള്‍ക്കു പിന്നാലെ ടെല്‍ അവീവില്‍ നിന്ന് യുഎഇയിലേക്ക് ആദ്യമായി വിമാന സര്‍വീസ് ഏര്‍പെടുത്തിയിരുന്നു. യുഎഇയിലേക്ക് ഈ വിമാനം എത്തണമെങ്കില്‍ സഊദിയുടെ വ്യോമപാത കടന്നു പോവേണ്ടതുണ്ട്. ഇതിന് അനുമതി നേരത്തെ നല്‍കിയിരുന്നു. പിന്നാലെയാണ് യുഎഇയിലേക്കുള്ള എല്ലാ യാത്രാ വിമാനങ്ങള്‍ക്കും സഊദി വ്യോമപാത വിട്ടുനല്‍കാന്‍ തീരുമാനിച്ചത്.