X

ഖത്തറിന്റെ സമ്പദ്‌മേഖല ശക്തം; വിദേശനിക്ഷേപത്തില്‍ വര്‍ധന

ദോഹ: രാജ്യത്തിന്റെ സമ്പദ്‌മേഖല ശക്തമാണെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍. കൃത്യമായ ആസൂത്രണങ്ങളുടെയും പദ്ധതികളുടെയും അടിസ്ഥാനത്തിലാണ് രാജ്യം മുന്നോട്ടുപോകുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ശരിയായ ദിശയിലാണ്. സഊദി സഖ്യരാജ്യങ്ങളുടെ ഉപരോധം സാമ്പത്തികമായി യാതൊരു പ്രതികൂലാവസ്ഥയും സൃഷ്ടിച്ചില്ല.
ആത്മവിശ്വാസത്തോടെയാണ് രാജ്യം പുതിയവര്‍ഷത്തിലേക്ക് കടന്നിരിക്കുന്നതെന്നും ഖത്തര്‍ ന്യൂസ് ഏജന്‍സി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മേഖലയിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയും ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനവുമുള്ള സമ്പദ് വ്യവസ്ഥയെന്ന നേട്ടവും ഖത്തറിന്റെ വളര്‍ച്ചയ്ക്ക് കരുത്തേകുന്നു. സഊദി സഖ്യരാജ്യങ്ങളുടെ ഉപരോധം ഏര്‍പ്പെടുത്തിയ ശേഷം രാജ്യത്തേക്കുള്ള വിദേശ നിക്ഷേപത്തില്‍ കാര്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. 20,320 കോടി റിയാലിന്റെ ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റാണ് ഈ വര്‍ഷം പ്രഖ്യാപിച്ചത്. വിദ്യാഭ്യാസം, ആരോഗ്യം, 2022 ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട വികസന പദ്ധതികള്‍ എന്നിവയുള്‍പ്പടെ വന്‍കിട വികസനപദ്ധതികള്‍ക്കായി 00 കോടി റിയാല്‍ നീക്കിയിട്ടുണ്ട്.
സാമ്പത്തിക വൈവിധ്യവത്കരണം ഊര്‍ജിതമാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പാക്കുന്നു. ഇതിനായി 2900 കോടി റിയാലിന്റെ കരാറാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്. ഭക്ഷ്യ സുരക്ഷ പദ്ധതി, ചെറുകിട, ഇടത്തരം സംരഭങ്ങള്‍, സാമ്പത്തിക മേഖലയിലും സ്വതന്ത്ര വ്യാപാര മേഖലയിലും അടിസ്ഥാന സൗകര്യ വികസനം എന്നിവക്കെല്ലാം ബജറ്റ് ഊന്നല്‍ നല്‍കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ വാതക കയറ്റുമതി കമ്പനികളായ ഖത്തര്‍ ഗ്യാസും റാസ് ഗ്യാസും ലയിച്ച് ഒറ്റക്കമ്പനിയായി പ്രവര്‍ത്തിക്കുന്നതിലൂടെയാണ് 2018ന് തുടക്കമായത്. ഖത്തര്‍ ഗ്യാസ് എന്ന ഏക സ്ഥാപനത്തിലൂടെയാണ് പുതിയ ഉത്പാദനവും കയറ്റുമതിയും. 2018 ല്‍ ഓഹരി വിപണിയില്‍ ഗണ്യമായ വളര്‍ച്ചയാണ് ഓഹരി വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. ഹമദ് തുറമുഖത്തിന്റെ വളര്‍ച്ചയും സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തി. കാര്‍ഷിക ഉത്പാദനത്തില്‍ സ്വയം പര്യാപ്തത ഉറപ്പാക്കാനായി. സംഭരണശാലകളുടെ നിര്‍മാണം, ലോജിസ്റ്റിക് മേഖല, നിരവധി ഭക്ഷ്യ സുരക്ഷാ പദ്ധതികള്‍, ജല സുരക്ഷാ പദ്ധതികള്‍, ലുസൈല്‍ ട്രാം, ദോഹ മെട്രോ തുടങ്ങി നിരവധി പദ്ധതികളാണ് സമ്പദ് വ്യവസ്ഥക്ക് ശക്തി പകരുന്നത്്.
ഊര്‍ജ മേഖലയില്‍ പ്രധാന മത്സരക്ഷമതാ പദവിയിലാണ് ഖത്തര്‍ തുടരുന്നത്. ദ്രവീകൃത പ്രകൃതി വാതക വിതരണത്തില്‍ ലോകരാജ്യങ്ങളുടെ മുന്‍നിരയില്‍ മാത്രമല്ല യൂറിയ ഉത്പാദനത്തില്‍ ലോക രാജ്യങ്ങളില്‍ നാലാം സ്ഥാനവും ഖത്തറിനാണ്. ദേശീയ പരമാധികാര ഫണ്ട് ഉള്‍പ്പെടെ 340 ബില്യണ്‍ ഡോളറിന്റെ കരുതല്‍ ധനവും ഖത്തറിന്റെ കരുത്താണ്.

chandrika: