X

ലണ്ടനിലെ അമേരിക്കന്‍ എംബസി ഖത്തര്‍ കമ്പനി ഹോട്ടലാക്കുന്നു

ഖത്തരി ദിയാര്‍ ഏറ്റെടുക്കുന്ന ലണ്ടനിലെ യു.എസ് എംബസി കെട്ടിടം

ലണ്ടനിലെ അമേരിക്കന്‍ എംബസി കെട്ടിടം ലക്ഷ്വറി ഹോട്ടലാക്കി മാറ്റാന്‍ ഖത്തറിലെ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഖത്തരി ദിയാറിന് അനുമതി. യു.എസ് എംബസി പ്രവര്‍ത്തിച്ചിരുന്ന ഗ്രോസ്‌വെനര്‍ സ്‌ക്വയറിലെ കെട്ടിടം ദിയാര്‍ ലേലത്തില്‍ സ്വന്തമാക്കിയിരുന്നു. തെയിംസ് നദിക്കരയിലെ പുതിയ കെട്ടിടത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി ഏഴു വര്‍ഷം മുമ്പാണ് എംബസി കെട്ടിടം വില്‍ക്കാന്‍ യു.എസ് തീരുമാനിച്ചത്. കെട്ടിടം ആഢംബര ഹോട്ടലാക്കി മാറ്റുന്നതിനുള്ള അനുമതി ബ്രിട്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കൗണ്‍സില്‍ ഖത്തരി ദിയാറിന് നല്‍കി.

അമേരിക്കയുടെ വിദേശകാര്യ നയത്തിനെതിരായ നിരവധി സമരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട് എംബസി കെട്ടിടം. 1960-കളില്‍ വിയറ്റ്‌നാം യുദ്ധത്തിനെതിരെ എംബസിക്കു മുന്നില്‍ കടുത്ത പ്രതിഷേധമിരമ്പി. 1968 മാര്‍ച്ച് 17-ന് 10,000 ലധികമാളുകള്‍ കെട്ടിടത്തിനു മുന്നില്‍ പ്രതിഷേധപ്രകടനം നടത്തി. 200 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

അഫ്ഗാനിലെ ഇടപെടല്‍, ഇറാഖ് അധിനിവേശം, ഫലസ്തീനെതിരെ ഇസ്രാഈലിന് നല്‍കുന്ന പിന്തുണ തുടങ്ങി അമേരിക്കയുടെ നിരവധി ക്രൂരതകള്‍ക്കെതിരെ എംബസി കെട്ടിടത്തിനു മുന്നില്‍ പ്രതിഷേധ പ്രകടനങ്ങള്‍ പതിവായിരുന്നു.

തെംസ് നദിക്കരയിലെ നയന്‍ എല്‍ംസ് ഏരിയയിലുള്ള പുതിയ യു.എസ് എംബസി കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. 2017-ഓടെ നിര്‍മാണം പൂര്‍ത്തിയാകുമെന്നും പുതിയ കെട്ടിടത്തില്‍ എംബസി പ്രവര്‍ത്തനം തുടങ്ങുമെന്നുമാണ് അറിയുന്നത്.

chandrika: