X
    Categories: NewsSports

നെതര്‍ലന്‍ഡ്‌സ്, സെനഗല്‍, ഇംഗ്ലണ്ട്, അമേരിക്ക നോക്കൗട്ടില്‍

ദോഹ
കമാല്‍ വരദൂര്‍

ഖത്തര്‍ ലോകകപ്പ് ഗ്രൂപ്പ് എ മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഒന്നാമന്മാരായി നെതര്‍ലന്‍ഡ്‌സും രണ്ടാം സ്ഥാനത്ത് സെനഗലും നോക്കൗട്ട് യോഗ്യത നേടി. ഗ്രൂപ്പ് ബി യില്‍ നിന്ന് ഇംഗ്ലണ്ടിനൊപ്പം അമേരിക്കയും നോക്കൗട്ടിലേക്ക് കടന്നു കയറി. അല്‍ബൈത്ത് സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ നെതര്‍ലന്‍ഡ്‌സ് 2-0ന് ഖത്തറിനെ വീഴ്ത്തിയപ്പോള്‍ ഖലീഫ സ്‌റ്റേഡിയത്തിലെ അങ്കത്തില്‍ സെനഗല്‍ ഇക്വഡോറിനെ 2-1 ന് പരാജയപ്പെടുത്തി.

വിജയത്തോടെ ഖത്തര്‍ യാത്ര തുടങ്ങിയ ഇക്വഡോര്‍ ലോകകപ്പില്‍ നിന്ന് പുറത്താവുന്ന ആദ്യ ലാറ്റിനമേരിക്കന്‍ സംഘമാണ്. അല്‍ ബൈത്തില്‍ 26 മിനുട്ടായപ്പോള്‍ ഖത്തര്‍ വലയില്‍ പന്തെത്തി. കോഡി ഗാക്‌പോയായിരുന്നു സ്‌കോറര്‍. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഫ്രാങ്ക് ഡി ജോങ് ലീഡ് ഉയര്‍ത്തി. മെംഫിസ് ഡിപ്പോയുടെ ഷോട്ട് ഗോള്‍കീപ്പര്‍ തടഞ്ഞെങ്കിലും റീബൗണ്ട് ചെയ്ത പന്ത് ഡിജോങ് വലയിലാക്കി.

ഖലീഫ സ്‌റ്റേഡിയത്തില്‍ ഇതേ സമയം നടന്ന ഗ്രൂപ്പിലെ അവസാന മല്‍സരത്തില്‍ സെനഗല്‍ ആദ്യ പകുതിയില്‍ ഇക്വഡോറിനെതിരെ ലീഡ് നേടിയിരുന്നു. പെനാല്‍ട്ടി കിക്കില്‍ നിന്നും ഇസ്മയില്‍ സര്‍ ആണ് ഗോള്‍ നേടിയത്. മോയ്‌സസ് കയ്‌സിഡോ ഇക്വഡോറിനെ ഒപ്പമെത്തിച്ചെങ്കിലും 70-ാം മിനിറ്റില്‍ കാലിദു കൂളിബാലി സെനഗലിനായി നിര്‍ണായക വിജയ ഗോള്‍ നേടി. അവസാന അങ്കത്തില്‍ ഇംഗ്ലണ്ട് അയല്‍ക്കാരായ വെയില്‍സിനെയും (3-0) അമേരിക്ക ബദ്ധവൈരികളായ ഇറാനെയും (1-0) പരാജയപ്പെടുത്തി. ആദ്യപകുതിയില്‍ പൊരുതി നിന്നു വെയില്‍സ്.

പക്ഷേ രണ്ടാം പകുതിയുടെ 50,51 മിനുട്ടിനിടെ രണ്ട് ഗോളുകള്‍. മാര്‍ക്കസ് റാഷ്‌ഫോര്‍ഡും ഫില്‍ ഫോദാനും വല ചലിപ്പിച്ചു. മൂന്നാം ഗോളും റാഷ്‌ഫോര്‍ഡിന്റെ ബൂട്ടില്‍ നിന്നായിരുന്നു. കൃസ്റ്റ്യന്‍ പുലിസിച്ച് 38-ാം മിനുട്ടില്‍ നേടിയ ഗോളിലാണ് ഇറാനെതിരെ അമേരിക്ക കരുത്ത് കാട്ടിയത്. സമനില നേടിയാല്‍ ഇറാന്‍ രക്ഷപ്പെടുമായിരുന്നു

 

 

Chandrika Web: