X
    Categories: MoreViews

പൊതുമാപ്പിന് ഇനി 12 ദിവസം കൂടി; കര്‍ശന പരിശോധന

• പൊതുമാപ്പ് തേടി കൂടുതല്‍ അനധികൃത താമസക്കാര്‍

• ഡിസംബര്‍ ഒന്നിന് അവസാനിക്കും

ദോഹ: ഖത്തര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് അവസാനിക്കാന്‍ 12 ദിവസം മാത്രം ബാക്കിയിരിക്കെ കൂടുതല്‍ അനധികൃത താമസക്കാര്‍ നിയമ വിധേയമായി നാട്ടിലേക്ക് മടങ്ങാന്‍ തയാറെടുക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിവിധ എംബസികളിലും ഖത്തര്‍ സര്‍ക്കാരിന്റെ സര്‍ച്ച് ആന്റ് ഫോളോ അപ്പ് ഡിപ്പാര്‍ട്ട്‌മെന്റിലും നൂറുകണക്കിന് അനധികൃത താമസക്കാര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ എത്തിയതായി പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ പൊതുമാപ്പ് കാലാവധി അവസാനിക്കാനായതോടെ അധികൃതര്‍ പരിശോധന ശക്തമാക്കി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ശന പരിശോധനയാണ് നടന്നത്. നിയമാനുസൃതമായ ഐഡികാര്‍ഡ് കൈവശമില്ലാത്തവരെയെല്ലാം പൊലീസ് വ്യക്തമായ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് വിട്ടയച്ചത്. പൊതുമാപ്പ് ആനുകൂല്യം നല്‍കിയിട്ടും ഇത് ഉപയോഗപ്പെടുത്താത്ത അനധികൃത താമസക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് അധികൃതര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
രാജ്യത്ത് നിയമ വിരുദ്ധമായി താമസിക്കുന്നവര്‍ക്ക് നിയമനടപടികള്‍ നേരിടാതെ രാജ്യം വിടാന്‍ മൂന്ന് മാസത്തെ കാലാവധിയിലാണ് ഗവണ്‍മെന്റ് അനുവദിച്ച് നല്‍കിയത്. ഡിസംബര്‍ ഒന്നിനാണ് ഇത് അവസാനിക്കുന്നത്. കാലാവധി നീട്ടാനുള്ള ഒരു സൂചനയും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം നല്‍കിയിട്ടില്ല.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആഭ്യന്തര മന്ത്രാലയത്തിന്റെ സര്‍ച്ച് ആന്റ് ഫോളോഅപ് ഡിപ്പാര്‍ട്ടിമെന്റില്‍ നൂറു കണക്കിന് ആളുകളാണ് പാസ്‌പോര്‍ട്ടുകളും രേഖകളുമായി തങ്ങളുടെ യാത്രാനുമതിക്കായി കാത്തിരുന്നത്. രജിസ്‌ട്രേഷന് വളെര കുറഞ്ഞ സമയമേ എടുക്കുന്നുള്ളൂവെന്നും നടപടിക്രമങ്ങള്‍ എളുപ്പമാണെന്നും ഉദ്യോസ്ഥര്‍ സൗമ്യമായാണ് പ്രവാസികള്‍ക്ക് സേവനം നല്‍കുന്നതെന്നും നേപ്പാളി സ്വദേശി പറഞ്ഞു. രാജ്യത്ത് തങ്ങുന്ന അനധികൃത താമസക്കാരായ തങ്ങളുടെ പൗരന്‍മാരോടെല്ലാം ബന്ധപ്പെട്ട രാജ്യങ്ങളുടെ എംബസികള്‍ കാലാവധി അവസാനിക്കുന്നതിന് മുമ്പ് സൗകര്യം ഉപയോഗപ്പെടുത്താന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ആനുകൂല്യം നേടുന്നത് അവസാന ദിവസങ്ങളിലേക്ക് നീക്കുന്നത് പ്രയാസകരമാകുമെന്നും എല്ലാ രേഖകളും ശരിയാകുന്നതിന് മൂന്നോ നാലോ ദിവസം വേണ്ടിവരുമെന്നത് ബന്ധപ്പെട്ടവര്‍ മനസ്സിലാക്കണമെന്നും എംബസികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അവസാന ദിവസങ്ങളിലേക്ക് തിരക്കിന് കാത്തുനില്‍ക്കാതെ പെട്ടന്ന് തന്നെ ഒട്ട്്പാസ് കരസ്ഥമാക്കണമെന്നാണ് തങ്ങള്‍ നിരന്തരമായി പൗരന്‍മാരോട് ആവശ്യപ്പെട്ടു വരുന്നതെന്നും നേപ്പാള്‍ എംബസിയിലെ ഉദ്യോഗസ്ഥന്‍ മണി രത്‌ന ശര്‍മ പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിരവധി ആളുകളാണ് രേഖകള്‍ക്കായി എംബസിയിലെത്തുന്നതെന്നും വേണ്ട സഹായങ്ങള്‍ എല്ലാം ചെയ്തു നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

chandrika: