X
    Categories: MoreViews

ഖത്തറില്‍ ലോകകപ്പ്: രണ്ടാമത് തൊഴില്‍ക്ഷേമ റിപ്പോര്‍ട്ട് സുപ്രീംകമ്മിറ്റി പുറത്തുവിട്ടു

ദോഹ: 2022 ലോകകപ്പിനായുള്ള സ്റ്റേഡിയങ്ങളുടെ നിര്‍മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി രണ്ടാമത് വാര്‍ഷിക തൊഴില്‍ ക്ഷേമ പുരോഗതി റിപ്പോര്‍ട്ട് പുറത്തുവിട്ടു. കഴിഞ്ഞവര്‍ഷം ജനുവരി മുതല്‍ ഈ ഫെബ്രുവരി വരെയുള്ള കാലയളവിലെ തൊഴിലാളി ക്ഷേമപ്രവര്‍ത്തനങ്ങളും അനുബന്ധകാര്യങ്ങളുമാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാനായി സുപ്രീംകമ്മിറ്റി നടപ്പാക്കിയ പദ്ധതികളുടെ പുരോഗതിയും വിശദീകരിച്ചിട്ടുണ്ട്. തൊഴിലാളി ക്ഷേമത്തില്‍ നേരിടേണ്ടിവന്ന വെല്ലുവിളികളും എങ്ങനെ മറികടന്നുവെന്നതും വ്യക്തമാക്കുന്നു. തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി സുപ്രീംകമ്മിറ്റി ഇനി നടപ്പാക്കാന്‍ പോകുന്ന പദ്ധതികളും മുന്‍ഗണനകളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
സുപ്രീംകമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ തൊഴിലാളി ക്ഷേമത്തിന് വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്ന് സുപ്രീംകമ്മിറ്റി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദി പറഞ്ഞു. മിഡില്‍ഈസ്റ്റില്‍ ആദ്യമായി നടക്കുന്ന ഫിഫ ലോകകപ്പിന് ആഗോള സാമൂഹിക പൈതൃകം സൃഷ്ടിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എട്ടു നിര്‍മാണസ്ഥലങ്ങളിലായി 13,000ത്തോളം തൊഴിലാളികളാണ് തൊഴില്‍ ചെയ്യുന്നത്. 53 മില്യണ്‍ തൊഴില്‍മണിക്കൂറുകള്‍ പിന്നിട്ടു.വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഡിവിഷന്റെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് തൊഴില്‍ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ കാര്യമായ പുരോഗതി കൈവരിക്കാന്‍ കാരണമായത്.
തൊഴിലാളികളുടെ താമസ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതു മുതല്‍ നിര്‍മാണ സ്ഥലങ്ങളിലെ ക്ഷേമം, റിക്രൂട്ട്‌മെന്റിലെ നൈതികത, ഓഹരിപങ്കാളികളുമായുള്ള ഇടപെടല്‍ എന്നിവയെല്ലാം കാര്യക്ഷമമാക്കാന്‍ കഴിഞ്ഞു. റിക്രൂട്ട്‌മെന്റിലെ നൈതികതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഓഡിറ്റ് ചെയ്യുന്നതിനായി 2200 മണിക്കൂറുകളാണ് ഇതുമായി ബന്ധപ്പെട്ട ടീം ചെലവഴിച്ചത്. തൊഴിലാളി താമസകേന്ദ്രങ്ങളിലെ പരിശോധനയ്ക്കായി 1400 മണിക്കൂറുകളും നിര്‍മാണസ്ഥലങ്ങളിലെ പരിശോധനയ്ക്കായി 1000 മണിക്കൂറുകളും ചെലവഴിച്ചു. മൂന്നു കരാറുകാരെ കരിമ്പട്ടികയില്‍പ്പെടുത്തുകയും തൊഴിലാളി ക്ഷേമകാര്യങ്ങളിലെ മോശം പെരുമാറ്റത്തിന്റെപേരില്‍ ഒന്‍പത് കരാറുകാരെ പിരിച്ചുവിടുകയും ചെയ്തു.
കഴിഞ്ഞ ജനുവരി മുതല്‍ ഈ ഫെബ്രുവരി വരെയുള്ള കാലയളവിലെ സുപ്രീംകമ്മിറ്റിയുടെ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഡിവിഷന്റെ നേട്ടങ്ങളും പിന്നിട്ട നാഴികക്കല്ലുകളും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. ഉപദേശകസേവനങ്ങള്‍ക്കും നൈതിക റിക്രൂട്ട്‌മെന്റ് ഓഡിറ്റ് പരിശീലനത്തിനുമായി വെറൈറ്റിനെയും തൊഴിലാളി ക്ഷേമപ്രവര്‍ത്തനങ്ങളുടെയും മറ്റും നിരീക്ഷണത്തിനായി സ്വതന്ത്ര മൂന്നാംകക്ഷിയായി ഇംപാക്റ്റ് ലിമിറ്റഡിനെയും നിയോഗിച്ചത് ഇക്കാലയളവിലായിരുന്നു.
സുപ്രീംകമ്മിറ്റിയും ആഗോള തൊഴിലാളി സംഘടനകളിലൊന്നായ ബില്‍ഡിങ് ആന്റ് വൂഡ് വര്‍ക്കേഴ്‌സ് ഇന്റര്‍നാഷണല്‍(ബിഡബ്ല്യുഐ) ട്രേഡ യൂണിയനും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു.
സംയുക്ത ആരോഗ്യ, സുരക്ഷാപരിശോധനകള്‍ക്ക് തുടക്കംകുറിക്കുകയും ചെയ്തു. തൊഴിലാളികളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി ഹോട്ട്്‌ലൈന്‍, സമഗ്രമായ ഐടി ഓഡിറ്റ് പ്ലാറ്റ്‌ഫോം, തൊഴിലാളിക്ഷേമ മാനദണ്ഡങ്ങളുടെ രണ്ടാം എഡീഷന്റെപ്രസിദ്ധീകരണം എന്നിവയും ഇക്കാലയളവിലെ നേട്ടങ്ങളാണ്. വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഡിവിഷന്‍ തൊഴിലാളി ക്ഷേമത്തിനായി നടപ്പാക്കുന്ന കര്‍മപദ്ധതികളും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്.
വേനല്‍ മാസങ്ങളില്‍ തൊഴിലാളികള്‍ക്ക് ആശ്വാസകരമായ രീതിയില്‍ കൂളിങ് സാങ്കേതികവിദ്യ നടപ്പാക്കുന്നതിന്റെ പുരോഗതി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. തൊഴിലാളികള്‍ നേരിടേണ്ടിവരുന്ന അജ്ഞാത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പരാതിപരിഹാര ഹോട്ട്‌ലൈന്‍, തൊഴിലാളികളുടെ പോഷകാഹാര ഉപഭോഗത്തെ നിരീക്ഷിക്കുന്നതിനും ഹൈപ്പര്‍ടെന്‍ഷന്‍, പ്രമേഹം എന്നിവ പോലെയുള്ള പ്രാഥമിക ആരോഗ്യപ്രശ്‌നങ്ങള്‍ തിരിച്ചറിയുന്നതിനും വെയ്ല്‍കോര്‍ണല്‍ മെഡിസിന്റെ പങ്കാളിത്തത്തോടെ പദ്ധതി എന്നിവ നടപ്പാക്കുന്നുണ്ട്.
തൊഴിലാളികളുടെ അവകാശസംരക്ഷണത്തില്‍ വലിയ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സുപ്രീംകമ്മിറ്റി അഡൈ്വസറി യൂണിറ്റ് ചീഫ് ഖാലിദ് അല്‍ ഖുബൈസി പറഞ്ഞു. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലായിരുന്നു ആദ്യ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

chandrika: