ദോഹ: 32 ല്‍ 29 ടീമുകളുമായിരിക്കുന്നു. മൂന്ന് പേര്‍ മാത്രമാണ് ഇനി വരാനുള്ളത്. അവര്‍ ജൂണിലെ പ്ലേ ഓഫ് മല്‍സരങ്ങളിലുടെ വരാന്‍ കാത്തുനില്‍ക്കാതെ ഇതാ, ഇന്ന് നറുക്കെടുപ്പാണ്. 32 ടീമുകളെ നാല് പേരുള്‍പ്പെടുന്ന എട്ട് ഗ്രൂപ്പുകളാക്കി തിരിക്കും. ഇവര്‍ തമ്മിലുള്ള പ്രാഥമിക പോരാട്ടങ്ങള്‍ നവംബര്‍ 21 ന് ആരംഭിക്കും. ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്ത്യന്‍ സമയം രാത്രി 9-30 നാണ് നറുക്കെടുപ്പ് ആരംഭിക്കുക.
ക്ഷണിക്കപ്പെട്ട 2000 അതിഥികള്‍ക്ക് മുന്നില്‍ കാറില്‍ ലോയിഡ്, ജെറമൈന്‍ ജെനാസ്, സാമന്ത ജോണ്‍സണ്‍ എന്നിവരായിരിക്കും നറുക്കെടുപ്പിന് നേതൃത്വം നല്‍കുക. ഇവര്‍ക്കൊപ്പം ഗതകാല സോക്കര്‍ ഇതിഹാസങ്ങളായ കഫു (ബ്രസീല്‍), ലോതര്‍ മത്തേവുസ് (ജര്‍മനി), അദില്‍ അഹമ്മദ് മല്‍അലാ (ഖത്തര്‍), അലി ദായി (ഇറാന്‍), ബോറ മിലുട്ടിനോവിച്ച് (സെര്‍ബിയ), ജെജെ ഒകാച്ച (നൈജീരിയ) റബാഹ് മദ്‌ജെര്‍ (അള്‍ജീരിയ) ടീം കാഹില്‍ (ഓസ്‌ട്രേലിയ) എന്നിവരും.
4 കലത്തില്‍ 32
നറുക്കെടുപ്പ് ഇപ്രകരം: ഫിഫയുടെ ഏറ്റവും പുതിയ റാങ്കിംഗ് പ്രകാരം (മാര്‍ച്ച് 31 ലെ കണക്ക്) ടീമുകളെ നാല് പോട്ടുകളിലാക്കി തിരിക്കും. ഒരു പോട്ടില്‍ എട്ട് ടീമുകളുണ്ടാവും. ആതിഥേയരായ ഖത്തര്‍ ഒന്നാം പോട്ടിലായിരിക്കും. ഇവര്‍ക്കൊപ്പം ഫിഫ റാങ്കിംഗിലെ ആദ്യ ഏഴ് സ്ഥാനക്കാര്‍ വരും. അവര്‍ ഇവരായിരിക്കും ബ്രസീല്‍, ബെല്‍ജിയം, ഫ്രാന്‍സ്, അര്‍ജന്റീന, ഇംഗ്ലണ്ട്, സ്‌പെയിന്‍, പോര്‍ച്ചുഗല്‍. പോട്ട് രണ്ടില്‍ റാങ്കിംഗില്‍ എട്ട് മുതല്‍ 15 വരെയുള്ളവര്‍. മെക്‌സിക്കോ, നെതര്‍ലന്‍ഡ്‌സ്, ഡെന്മാര്‍ക്ക്, ജര്‍മനി, യുറഗ്വായ്, സ്വീറ്റ്‌സര്‍ലന്‍ഡ്, അമേരിക്ക, ക്രൊയേഷ്യ എന്നിവര്‍. മൂന്നാം പോട്ടില്‍ 16 മുതല്‍ 23 റാങ്ക് വരെയുള്ളവര്‍. സെനഗല്‍, ഇറാന്‍,ജപ്പാന്‍, മൊറോക്കോ, സെര്‍ബിയ, പോളണ്ട്, കൊറിയ, തുണീഷ്യ എന്നിവര്‍. നാലാം പോട്ടില്‍ റാങ്കിംഗില്‍ 24 മുതല്‍ 28 വരെയുള്ളവര്‍. കാമറൂണ്‍, കാനഡ, ഇക്വഡോര്‍, സഊദി അറേബ്യ, ഘാന എന്നിവരെ കൂടാതെ പ്ലേ ഓഫിലുടെ വരുന്ന മൂന്ന് ടീമുകളും.
ആദ്യം ഓരോ പോട്ടില്‍ നിന്നും നാല് ടീമുകളെ തെരഞ്ഞെടുക്കും. ഇവര്‍ ആദ്യ ഗ്രൂപ്പിലെത്തും. ഇതേ മാതൃകയാണ് പിന്നെ പിന്തുടരുക. പ്രാഥമിക റൗണ്ടില്‍ എല്ലാ ടീമുകള്‍ക്കും മൂന്ന് മല്‍സരങ്ങള്‍ വീതം. ഗ്രൂപ്പില്‍ നിന്ന് ആദ്യ രണ്ട് സ്ഥാനങ്ങള്‍ നേടുന്നവര്‍ പ്രി ക്വാര്‍ട്ടറിലെത്തും. ഇവിടം മുതല്‍ നോക്കൗട്ട് മല്‍സരങ്ങളാണ്. രണ്ടാഴ്ച്ചയോളം ദീര്‍ഘിക്കുന്ന ഗ്രൂപ്പ് ഘട്ട മല്‍സരത്തിന് ശേഷമായിരിക്കും നോക്കൗട്ട്. പ്രി ക്വാര്‍ട്ടറിലെ 16 പേരില്‍ എട്ട് ടീമുകള്‍ ക്വാര്‍ട്ടറിലെത്തും. ഇതില്‍ ജയിക്കുന്ന നാല് പേര്‍ സെമിയിലെത്തുമ്പോള്‍ ഡിസംബര്‍ 18 ലെ ഫൈനലില്‍ സെമിയിലെ കരുത്തര്‍ മുഖാമുഖം വരും. ഇതില്‍ വിജയിക്കുന്നവരായിരിക്കും അടുത്ത നാല് വര്‍ഷം ലോക ഫുട്‌ബോളിനെ ഭരിക്കുക.