ദോഹ: ഖത്തര്‍ വേദിയാന്‍ പോവുന്നത് രണ്ട് ഇതിഹാസങ്ങളുടെ വിരമിക്കലിനായിരിക്കും. കാല്‍പ്പന്ത് ലോകത്തെ വിസ്മയങ്ങളായ ലിയോ മെസിയും കൃസ്റ്റിയാനോ റൊണാള്‍ഡോയും ഖത്തര്‍ ലോകകപ്പോടെ രാജ്യാന്തര ഫുട്‌ബോള്‍ വിടുമെന്ന് ഇരുവരുമായും ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
35 കാരനായ മെസി ഇത് സംബന്ധിച്ച് സൂചന നല്‍കി കഴിഞ്ഞു. രണ്ടാഴ്ച്ച മുമ്പ് സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പ് യോഗ്യതാ മല്‍സരത്തിന് ശേഷം അദ്ദേഹം പറഞ്ഞത് സ്വന്തം രാജ്യത്ത് അര്‍ജന്റീനയുടെ ജഴ്‌സിയില്‍ താന്‍ കളിച്ച അവസാന മല്‍സരമായിരിക്കും ഇതെന്നാണ്. നവംബറില്‍ ആരംഭിക്കുന്ന ലോകകപ്പിന് മുന്നോടിയായി അര്‍ജന്റീനിയന്‍ സംഘത്തിന് ഇനി നാട്ടില്‍ മല്‍സരങ്ങളില്ല. ക്ലബ് സീസണിന് ശേഷം മെസി ദേശീയ ടീമിനൊപ്പം ചേരുമെങ്കിലും അവരുടെ സന്നാഹ-സൗഹൃദ മല്‍സരങ്ങളെല്ലാം പുറത്താണ്. ഖത്തര്‍ ലോകകപ്പിന് ശേഷം തനിക്ക് വ്യക്തിപരമായ പല തീരുമാനങ്ങളും എടുക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനകം നാല് ലോകകപ്പുകള്‍ കളിച്ച മെസിക്ക് ഇത് വരെ വലിയ കിരീടത്തില്‍ മുത്തമിടാനായിട്ടില്ല. ഖത്തറില്‍ അദ്ദേഹം ആ നേട്ടം കൈവരിക്കുമെന്നാണ് ലോകമെമ്പാടുമുള്ള അര്‍ജന്റീനിയന്‍ ഫാന്‍സ് ആഗ്രഹിക്കുന്നത്. ലോകകപ്പ് അര്‍ജന്റീന സ്വന്തമാക്കിയാല്‍ മെസി വിരമിക്കുമെന്നുറപ്പാണ്. 2016 ല്‍ കോപ്പയിലെ പരാജയത്തെ തുടര്‍ന്ന് ഒരു വേള അദ്ദേഹം രാജ്യാന്തര റിട്ടയര്‍മെന്റ് പ്രഖ്യാപിച്ചിരുന്നു. പിന്നെ ആരാധകരുടെ നിര്‍ബന്ധത്തില്‍ പിന്‍വലിക്കുകയായിരുന്നു.
റൊണാള്‍ഡോക്കും ഇത് അഞ്ചാം ലോകകപ്പാണ്. രാജ്യത്തിന് യൂറോപ്യന്‍ കിരീടും നാഷന്‍സ് ലീഗ് കിരീടവും സമ്മാനിച്ച മെഗാ താരത്തിന്റെ വലിയ സ്വപ്‌നം ലോകകപ്പാണ്. 37 ല്‍ നില്‍ക്കുന്ന സി.ആറിന് ഇനി ഒരു ലോകകപ്പില്ല. അദ്ദേഹത്തിന്റെ ദേശീയ കോച്ച് സാന്‍ഡോസിനും ഇത് അവസാന ലോകകപ്പാണ്. ഇത് വരെ പോര്‍ച്ചുഗല്‍ സി.ആറിനെ മാത്രം ആശ്രയിച്ച ടീമാണെങ്കില്‍ നിലവിലെ സംഘത്തില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് ഉള്‍പ്പെടെ സൂപ്പര്‍ താരങ്ങള്‍ വേറെയുമുണ്ട്. ഖത്തറില്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നവരുടെ പട്ടികയില്‍ പോര്‍ച്ചുഗലുമുണ്ട്.