ദോഹ: ലോകകപ്പ് മല്‍സരങ്ങള്‍ നിയന്ത്രിക്കാനായി ഫിഫ നിയോഗിച്ചിരിക്കുന്നത് 36 മുഖ്യ റഫറിമാരെ, 69 അസിസ്റ്റന്‍ഡ് റഫറിമാരെ, 24 വീഡിയോ റഫറിമാരെ. ആകെ കളി നിയന്ത്രിക്കുന്നത് 129 പേര്‍. ഒരു മാസം ദീര്‍ഘിക്കുന്ന മെഗാ ചാമ്പ്യന്‍ഷിപ്പില്‍ ഇവരുടെ തീരുമാനങ്ങളാണ് നിര്‍ണായകം. ഇവര്‍ക്കായി ഇതിനകം ഫിഫ മൂന്ന് സെമിനാറുകള്‍ സംഘടിപ്പിച്ചു കഴിഞ്ഞു. എല്ലാത്തിനും മേല്‍നോട്ടം വഹിക്കുന്നത് വിഖ്യാതനായ റഫറിയും ഫിഫ റഫറീസ് കമ്മിറ്റി ചെയര്‍മാനുമായ പിയര്‍ ലുയിജി കൊളീന.
ആദ്യ സെമിനാര്‍ പരാഗ്വേ നഗരമായ. അസുന്‍സിയോണിലായിരുന്നു. പിറകെ ലോകകപ്പ് ആതിഥേയ നഗരമായ ദോഹയില്‍. പിന്നെ മാഡ്രിഡിലും. ഇത്തവണ റഫറിമാര്‍ നേരിടുന്ന വെല്ലുവിളി ഓഫ് സൈഡ് തീരുമാനത്തിലെ വീഡിയോ ഇടപെടല്‍ തന്നെയാവും. ഇതുമായി ബന്ധപ്പെട്ടായിരുന്നു സെമിനാറുകള്‍ വിശദമായി ചര്‍ച്ച ചെയ്തത്. പലപ്പോഴും ഓഫ് സൈഡ് വിളികള്‍ വിവാദമായ സാഹചര്യത്തില്‍ ഖത്തര്‍ ലോകകപ്പില്‍ ഉപയോഗിക്കുന്ന പന്തുകള്‍ തന്നെ റഫറിമാര്‍ക്ക് വ്യക്തമായ ഉത്തരം നല്‍കും. പ്രത്യേക സെന്‍സറുകള്‍ പന്തിലുണ്ട്. ഒരു കളിക്കാരന്‍ പന്ത് റിലീസ് ചെയ്യുമ്പോള്‍ ഓഫ് സൈഡ് പൊസിഷനിലാണെങ്കില്‍ സെന്‍സറുകള്‍ അതിവേഗം ക്യാമറയില്‍ വിവരം കൈമാറും. ഇത് വീഡിയോ റഫറി വഴി മുഖ്യ റഫറിയിലെത്തും. സാങ്കേതികത വളര്‍ന്ന സാഹചര്യത്തില്‍ അതിനെ ഉപയോഗപ്പെടുത്തുമ്പോള്‍ തന്നെ റഫറിയെന്ന മനുഷ്യനായിരിക്കും കളിയെ നിയന്ത്രിക്കുകയെന്ന് കൊളീന വ്യക്തമാക്കി.
മാനുഷികമായ ഇടപെടലില്‍ ചിലപ്പോള്‍ തെറ്റുകള്‍ വരാം. അത് തിരുത്താന്‍ മാത്രമാണ് സാങ്കേതികതയെ ഉപയോഗപ്പെടുത്തുക. ഫിഫ നടത്തിയ സെമിനാറുകള്‍ ഫലപ്രദമായിരുന്നുവെന്ന് നെതര്‍ലന്‍ഡ്‌സുകാരനായ റഫറി ഡാനി മകാലി പറഞ്ഞു. 12-ാം വയസ് മുതല്‍ മല്‍സര നിയന്ത്രണമെന്ന ജോലി നിര്‍വഹിക്കുകയാണ് താനെന്ന് മക്കാലി പറഞ്ഞു. വലിയ മോഹമെന്നത് ലോകകപ്പ് മല്‍സരം നിയന്ത്രിക്കുക എന്നതായിരുന്നു. അതിന് കഴിയുന്നത് വലിയ സന്തോഷമാണെന്നും അദ്ദേഹം പറഞ്ഞു. 2018 ലെ റഷ്യന്‍ ലോകകപ്പില്‍ മക്കാലി വീഡിയോ അസി റഫറിയായിരുന്നെങ്കില്‍ ഖത്തറില്‍ അദ്ദേഹം മുഖ്യ റഫറിമാരില്‍ ഒരാളാണ്. ഇത്തവണ ആറ് വനിതകളുണ്ട് റഫറിമാരായി. അസി. റഫറിമാരായി കാരന്‍ ഡയസ് (മെക്‌സിക്കോ), നുസ ബാക് (ബ്രസീല്‍), കാതറിന്‍ നസ്ബ്യുട്ട് (അമേരിക്ക) റഫറിമാരായി സ്‌റ്റെഫാനി ഫ്രാപാര്‍ട്് (ഫ്രാന്‍സ്), സലീമ മുകന്‍സാഗ (റുവാണ്ട), യോഷിമി യമഷിത (ജപ്പാന്‍) എന്നിവരാണ് കളത്തില്‍.