ദോഹ നഗര മധ്യത്തിലെ തുമാമ സ്‌റ്റേഡിയത്തില്‍ സെനഗല്‍-നെതര്‍ലന്‍ഡ്‌സ് പോരാട്ടം തുല്യ ശക്തികളുടേതാണ്. ഗ്രൂപ്പ് എ യില്‍ നിന്ന് രണ്ടാം റൗണ്ട് നോട്ടമിടുന്നവര്‍. രണ്ട് സംഘത്തിലും ലോകോത്തര താരങ്ങള്‍. പക്ഷേ സെനഗലീന് ക്ഷീണം അവരുടെ സൂപ്പര്‍ താരമാണ്. സാദിയോ മാനേയുടെ സേവനം ടീമിനില്ല. ആഫ്രിക്കന്‍ നാഷന്‍സ് കപ്പിലും ലോകകപ്പ് യോഗ്യതാ റൗണ്ടിലുമെല്ലാം സെനഗലിനെ മുന്നില്‍ നിന്ന് നയിച്ച ബയേണ്‍ താരം. ലോകകപ്പിന തൊട്ട് മുമ്പ് ബയേണിനായി കളിക്കവെയാണ് അദ്ദേഹത്തിന് പരുക്കേറ്റത്. കലിദോ കുലിബാലിയാണ് സെനഗലിനെ നയിക്കുന്നത്. ചെല്‍സിയുടെ കാവല്‍ക്കാരന്‍ എഡ്വാര്‍ഡ് മെന്‍ഡി, പിന്‍നിരയില്‍ പാപേ ആബോ സിസേ, ഇസ്മായില്‍ ജേക്കബ്‌സ് തുടങ്ങിയവരുണ്ട്. പ്രശ്‌നം വരുന്നത് മാനേയില്ലാത്ത മുന്‍നിരയിലാണ്. വാട്ട്‌ഫോര്‍ഡ് മുന്‍നിരക്കാരന്‍ ഇസ്മായില്‍ ദറിനായിരിക്കും അമിത ഭാരം.
ലോകോത്തര താരങ്ങളാണ് നെതര്‍ലന്‍ഡ്‌സ് കരുത്ത്. ലോകകപ്പ വേദികളില്‍ എന്നും തിളങ്ങിയ ചരിത്രമാണ് ഓറഞ്ച് സൈന്യത്തിനുള്ളത്. ബാര്‍സിലോണയുടെ മെംഫിസ് ഡിപ്പേ, പി.എസ്.വിയുടെ ലുക് ഡി ജോംഗ് എന്നിവരായിരിക്കും സെനഗല്‍ പ്രതിരോധത്തിന് തലവേദന സൃഷ്ടിക്കുക. ബാര്‍സിലോണക്കായി കളിക്കുന്ന ഫ്രാങ്ക് ഡിജോംഗായിരിക്കും മധ്യനിരക്ക് കരുത്ത് പകരുക.