ദോഹ: ഖത്തറില്‍ പന്തുരുളാന്‍ ഇനി കൃത്യം ഏഴ് നാള്‍. അടുത്ത ഞായറാഴ്ച്ച രാത്രി 8-30 നാണ് മെഗാ മേളയുടെ ഉദ്ഘാടനം. ഖത്തര്‍ ഇക്വഡോറുമായി കളിക്കുന്നു. ലോകകപ്പില്‍ പങ്കെടുക്കുന്ന 32 ടീമുകളുടെ ലൈനപ്പായി. വിവിധ ടീമുകള്‍ അടുത്ത ദിവസങ്ങളിലായി ദോഹയിലെത്തും. ഒരുക്കങ്ങളെല്ലാം നേരത്തെ പൂര്‍ത്തിയാക്കി ഖത്തര്‍ ലോകത്തെ സ്വാഗതം ചെയ്തുകഴിഞ്ഞു. എട്ട് വേദികളിലായാണ് ഒരു മാസത്തെ കാല്‍പ്പന്ത് മാമാങ്കം. സോക്കര്‍ ആവേശം ലോകം മുഴുവന്‍ പടരുമ്പോള്‍ ദോഹ നഗരം തിരക്കിലേക്കമര്‍ന്നുകഴിഞ്ഞു. ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ വലിയ തിരക്കാണ്. നഗരങ്ങളും നഗര പ്രാന്തങ്ങളും കൊടി തോരണങ്ങളാല്‍ മുഖരിതായിരിക്കുന്നു. നഗര ഹൃദമായ കോര്‍ണിഷിലെ ഫഌഗ് പ്ലാസയില്‍ വിവിധ ടീമുകളുടെ പിന്തുണക്കാര്‍ കൂട്ടമായി എത്തുന്നു.
ഖത്തര്‍ റെഡിയാണ്
സ്വന്തം നാട്ടില്‍, സ്വന്തം കാണികള്‍ക്ക് നടുവില്‍ അടുത്ത ഇതേ ദിവസം ലോകകപ്പിലെ ഉദ്ഘാടന മല്‍സരത്തില്‍ ഇക്വഡോറിനെ നേരിടുന്ന ഖത്തര്‍ സംഘത്തെ കോച്ച് ഫെലിക്‌സ് സാഞ്ചസ് പ്രഖ്യാപിച്ചു. രാജ്യത്തിന് വേണ്ടി 85 മല്‍സരങ്ങളില്‍ 42 ഗോളുകള്‍ സമ്പാദിച്ച സീനിയര്‍ താരം അല്‍ മുസ അലി തന്നെയാണ് ആക്രമണത്തിന് നേതൃത്വം നല്‍കുക. 2019 ലെ ഏഷ്യാ കപ്പ് ഫുട്‌ബോളില്‍ ജപ്പാനെ 1-3ന് തകര്‍ത്ത് ടീമിനെ വന്‍കരാ ചാമ്പ്യന്മാരാക്കിയ പരിശീലകനാണ് സാഞ്ചസ്. ജപ്പാനും കൊറിയയും ഉള്‍പ്പെടെ വന്‍കരയിലെ പ്രബലരെല്ലാം മല്‍സരിച്ച ചാമ്പ്യന്‍ഷിപ്പിലാണ് എല്ലാവരെയും മറികടന്ന് ഖത്തര്‍ യു.എ.ഇയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ കരുത്ത് കാണിച്ചത്. ആ മികവ് സ്വന്തം നാട്ടില്‍ ടീം ആവര്‍ത്തിക്കുമെന്നാണ് രാജ്യം കരുതുന്നത്.