X

ഖത്തര്‍ ലോകകപ്പ്: ഇംഗ്ലണ്ടിന് വെല്ലുവിളിയുമായി ഇറാന്‍

ഖലീഫ സ്‌റ്റേഡിയത്തില്‍ ഇന്ന് വൈകീട്ട് ലോകകപ്പിലെ ആദ്യ മല്‍സരത്തിന് ഇംഗ്ലണ്ട് ഇറങ്ങുന്നത് സമ്മര്‍ദ്ദത്തില്‍. 1966 ലെ ലോക ചാമ്പ്യന്മാര്‍ക്ക് കഴിഞ്ഞ മൂന്ന് മാസങ്ങള്‍ തിരിച്ചടിയുടേതായിരുന്നു. നാഷന്‍സ് ലീഗിലെ തിരിച്ചടികള്‍ കൂടാതെ വലിയ താരങ്ങളുടെ പരുക്കും ഗ്യാരത്ത് സൗത്ത്‌ഗെയിറ്റിന്റെ ടീമിനെ ബാധിക്കുന്നു. അവസാനമായി ടീം കളിച്ച ആറ് മല്‍സരങ്ങളില്‍ ഒന്നില്‍പ്പോലും വിജയമില്ല. ഹാരി കെയിന്‍ നയിക്കുന്ന സംഘത്തില്‍ പ്രീമിയര്‍ ലീഗിലെ കരുത്തന്മാരെല്ലാമുണ്ട്. ഗോള്‍ വലയം കാക്കുക ജോര്‍ദ്ദാന്‍ പിക്‌ഫോര്‍ഡായിരിക്കും.

പ്രതിരോധത്തില്‍ അലക്‌സാണ്ടര്‍ അര്‍നോള്‍ഡ്, എറിക് ഡയര്‍, ഹാരി മക്ഗ്വയര്‍, ലുക് ഷാ എന്നിവര്‍. മധ്യനിരയില്‍ മസോണ്‍ മൗണ്ടും ഹെന്‍ഡേഴ്‌സണും ഡിക്ലാന്‍ റൈസും കാല്‍വിന്‍ ഫിലിപ്‌സും. ഹാരിക്കൊപ്പം മുന്‍നിരയില്‍ ഫില്‍ ഫോദാന്‍, ജാക് ഗ്രീലിഷ്, ജെയിംസ് മാഡിസണ്‍, മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, ബുകായോ സാക, റഹീം സ്‌റ്റെര്‍ലിങ് തുടങ്ങിയവര്‍. ഇതില്‍ മുന്‍നിരക്കാരാണ് ഇംഗ്ലീഷ് കരുത്ത്. അതേ സമയം ഇറാന്‍ കരുത്തോടെ മുന്‍ ലോക ചാമ്പ്യന്മാരെ നേരിടുമെന്നാണ് അവരുടെ നായകന്‍ അലി റേസ ജഹാന്‍ബക്ഷ് വ്യക്തമാക്കുന്നത്.

രാജ്യത്തെ ആഭ്യന്തര പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഇംഗ്ലീഷ് മാധ്യമങ്ങള്‍ ടീമില്‍ സമ്മര്‍ദ്ദമേല്‍പ്പിക്കുകയാണെന്നും ഒരു തരത്തിലും മൈതാനത്ത് ഇംഗ്ലണ്ടിന് ഒരിഞ്ച് പോലും വിട്ടുകൊടുക്കില്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്. കാര്‍ലോസ് ക്വിറസ് എന്ന അതിവിഖ്യാത പരിശീലകന് കീഴിലാണ് ഇറാന്‍. യൂറോപ്യന്‍ ക്ലബുകളില്‍ കളിക്കുന്നവര്‍ക്കാണ് അദ്ദേഹം പ്രധാന പരിഗണന നല്‍കുന്നത്.

Test User: